Entertainment

രണ്ടര വർഷം മുൻപ് കടൽ കൊണ്ടുപോയ ക്യാമറ ഉടമസ്ഥന്‌ തന്നെ തിരിച്ചു കിട്ടിയപ്പോൾ…

രണ്ടര വര്‍ഷം മുന്‍പ് കടല്‍ കൊണ്ടുപോയ കാമറ ‘ജീവനോടെ’ തിരിച്ചു കിട്ടിയതിന്റെ ആശ്ചര്യത്തിലാണ് സെറീന എന്ന ജപ്പാന്‍കാരി. 2015 സെപ്റ്റംബറില്‍ തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപില്‍ വിനോദയാത്രയ്ക്കിടെ നടത്തിയ സ്‌കൂബാ ഡൈവിങിലാണ് സെറീനയുടെ കാമറ കൈവിട്ടുപോയത്.

സ്‌കൂബാ ഡൈവിങിനിടെ വെള്ളം കയറാതിരിക്കാനായി ചുറ്റും പ്ലാസ്റ്റിക് ആവരണം തീര്‍ത്തിരുന്നതിനാലാണ് കാമറയില്‍ വെള്ളം കയറാതിരുന്നത്. കാമറ കാണാതായെന്ന് തിരിച്ചറിഞ്ഞതോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കടല്‍പ്പുറ്റ് പറ്റിപ്പിടിച്ച് കിടന്ന വസ്തു സ്‌കൂളില്‍ നിന്നെത്തിയ വിനോദയാത്രാ സംഘത്തിലെ ഒരു പതിനൊന്നുകാരനാണ് ആദ്യം കണ്ടെത്തിയത്. നശിച്ചുപോയ കാമറ ആരെങ്കിലും ഉപേക്ഷിച്ചതാകുമെന്ന് കരുതിയ വിദ്യാര്‍ത്ഥി ഇത് വൃത്തിയാക്കി തുടങ്ങിയപ്പോഴാണ് കാമറ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്.

നടു കടലിലാണെങ്കിലും ഒരു തുള്ളി വെള്ളം പോലും ഉള്ളില്‍ കടക്കാതിരുന്നതിനാലാണ് രണ്ടര വര്‍ഷത്തിനിപ്പുറവും കാമറ ജീവനോടിരിക്കാന്‍ കാരണം. കാമറയുടെ ബട്ടന്‍ ഞെക്കിയപ്പോള്‍ അത് പ്രവര്‍ത്തിച്ചത് ഞെട്ടിച്ചു കളഞ്ഞുവെന്ന് കുട്ടികള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് ഉണ്ടായിരുന്ന അധ്യാപിക പറഞ്ഞു.

സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും കാമറയുടെ ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ക്യാമറയിലുണ്ടായിരുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളില്‍ ജപ്പാനില്‍ നിന്നുളള ചില ചിത്രങ്ങള്‍ കണ്ടതോടെ ജാപ്പനീസ് ഭാഷയിലും പോസ്റ്റ് തയ്യാറാക്കി പ്രചരിപ്പിച്ചു. പതിനായിരക്കണക്കിന് ഷെയര്‍ ലഭിച്ച പോസ്റ്റ് സുബാക്കിഹാരയെ ഒരു സുഹൃത്താണ് കാണിച്ച് കൊടുത്തത്. താന്‍ ശരിക്കും ഭാഗ്യവതിയാണെന്നും ആളുകളുടെ ദയാവായ്പ് തന്നെ അതിശയിപ്പിച്ചുവെന്നും സുബാക്കിഹാര റഞ്ഞു. ജൂണില്‍ തായ് വാനിലെത്തി ക്യാമറ കൈപ്പറ്റുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.