Entertainment

തൃശ്ശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇൻഡ്യൻ ഫുട്ബോൾ കീഴ്ടക്കിയ കഥ അറിയാതെ ആണോ ആ പ്രതിഭയ്ക്ക് ബ്ലാസ്റ്റെഴ്സ് മാനേജ്മെന്റ് നൂറു രൂപയുടെ “തറ” ടിക്കറ്റ് കൊടുത്ത് അപമാനിച്ചത്…?

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത് രാജ്യം അന്നുവരെ കണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയി വളർന്നത്. ഏറെകാലം ഇന്ത്യൻ ഫുട്ബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.

പേര് അയിനിവളപ്പിൽ മണി വിജയൻ. ഒന്നുകൂടി വ്യക്തമാക്കിയാൽ ഐ. എം വിജയൻ. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും, പണ്ട് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ. എം വിജയൻ എന്ന ഇന്ത്യൻ ഫുട്ബോളിന്‍റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.

ഇന്ത്യൻ ഫുട്ബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. 2003ൽ രാജ്യത്തിന് വേണ്ടി അവസാനം കളിച്ച ആഫ്രേ-ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ടൂർണമെന്‍റിലെ ടോപ് സ്കോററാവുമ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു.

തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്‍റെ തുടക്കത്തിലും ബൂട്ടിയയുമായി ഒത്ത് സൃഷ്ടിച്ചത് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ആയിരുന്നു. 1999 സാഫ് ഗെയിംസിൽ ഭൂട്ടാന്‍റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി 12 സെക്കന്‍റ് പിന്നിട്ടുണ്ടായിരുന്നുള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണ് ഇന്‍റർനാഷണൽ ഫുട്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐ. എം വിജയൻ.

ഇന്ത്യൻ ഫുട്ബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളോട് പോലും പതറുന്ന ഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹ്‌റു കപ്പ് ടൂർണമെന്‍റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ, സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗോളിന് ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രത്തിൽ എവടെയാണ് സ്ഥാനം ? ആ ഗോൾ ഇന്ത്യൻ ഫുട്ബോളിന് നൽകിയ ഊർജം ചില്ലറയായിരിക്കില്ല. ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്‍റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തിലും കൂടി ആയിരിക്കും. ഇന്ന് ഇന്ത്യൻ ഫുട്ബോളിന്‍റെ പിന്നിലോട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇതുകൊണ്ടൊക്കെ ആയിരിക്കും.

ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ.എസ്.എൽ ഫൈനലിന് നൂറു രൂപയുടെ ഒരു “തറ” ടിക്കറ്റ് കൊട്ത്ത് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റ് അപമാനിച്ച് വിട്ടത്. ആ കാലുകളെ അറിയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം. അല്ലെങ്കിൽ ഹൃദയംകൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിന് കളിപ്രേമികളെ കച്ചവടക്കണ്ണുകളോടെ മാത്ര കണ്ടപ്പോൾ ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന്‌ അവർക്ക് തോന്നിക്കാണും.

സി.വി പപ്പച്ചനും വി.പി സത്യനും ഒപ്പം കേരളാ പോലീസിനെയും കേരളാ ഫുട്ബോളിനെയും ഇന്ത്യൻ ഫുട്ബോളിന്‍റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളിപ്രേമികളെ സാൽട്ട് ലേക്കിലേക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന്, ഗാംഗുലിക്ക് അറിയാമായിരിക്കണം. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം. അതുകൊണ്ടാണല്ലൊ 120 മിനിറ്റും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ വിഐപി ബോക്സിലിരുന്ന് അയാൾ കളിക്കണ്ടത്.

ബൈച്ചുങ് ബൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യയിൽ ജനിക്കേണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുട്ബോളിന്‍റെ പിന്നാമ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ ?

ആ പ്രതിഭയെ ചൂഷണം ചെയ്യാൻപോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സിന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണല്ലോ ടീമിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി ഇപ്പഴും നിവിൻ പോളിമാർ നിലനിൽക്കുന്നത്. കേരളത്തിലെ ഫുട്ബോൾ ബ്രാന്‍ഡ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ.എം വിജയൻ തന്നെയാണ് (നിവിന്‍ പോളി ഫാൻസ് സാദരം ശ്രമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.

അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ. സച്ചിനും ഗാംഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്. ഇന്ത്യ മഹാരാജ്യത്ത് വളർന്നു വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്‍റെയും അർപ്പണ ബോധത്തിന്‍റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സിയുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോമാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല.

തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും കഥ തന്നെയാണ്. ഇന്ത്യയിൽ അയാൾ കളിച്ചതും ഫുട്ബോൾ തന്നെയാണ്, നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ.