Celebrity

ആടിനെ വൈറൽ ആക്കിയ ഈ ഹിറ്റ് ഡയലോഗിന്റെ സൃഷ്ടാവിനെ നിങ്ങൾക്ക് അറിയാമോ….?

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിന്റെ രണ്ടാം ഭാഗത്തിലെ ഏറ്റവും ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണ് നമ്മള്‍ പോലും അറിയാതെ നമ്മള്‍ അധോലോകമായി മാറി കഴിഞ്ഞു ഷാജിയേട്ടാ എന്നത്. സിനിമയിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഷൈജു കുറുപ്പിന്റെ കഥാപാത്രം അറയ്ക്കല്‍ അബു പറയുന്ന ഡയലോഗാണിത്.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ജയസൂര്യയാണ് ഇങ്ങനൊരു ഡയലോഗ് നിര്‍ദ്ദേശിച്ചത്. ഇത് സംവിധായകനും അംഗീകരിച്ചതോടെയാണ് ആ ഹിറ്റ് ഡയലോഗ് പിറന്നത്.വനിത മാസികയില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നൊരു പംക്തിയിലാണ് ജയസൂര്യ താനാണ് ഈ ഡയലോഗിന്റെ സൃഷ്ടാവ് എന്ന് വെളിപ്പെടുത്തിയത്.

സ്‌ക്രിപ്റ്റിലും ഡയലോഗിലുമൊക്കെ ഇടപെടാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ജയസൂര്യ ഇക്കാര്യങ്ങള്‍ പറയുന്നത്.

‘മിമിക്രിയില്‍നിന്ന് വന്നതായത് കൊണ്ട് ആളുകളെ എങ്ങനെ ചിരിപ്പിക്കാം എന്ന ഒരു ധാരണയുണ്ട്. ചില അവസരങ്ങളില്‍ സംവിധായകരോട് ഡയലോഗ് ഇങ്ങനെ ആയാല്‍ എന്ന് നിര്‍ദ്ദേശിക്കാറുണ്ട്. നമ്മള്‍ പോലും അറിയാതെ നമ്മള്‍ അധോലോകമായി ഷാജിയേട്ടാ എന്ന ഡയലോഗ് ചേര്‍ത്തത് ഞാനായിരുന്നു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടത്താറുണ്ട്. അത് സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റുമായിരുന്നു. സംവിധായകന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താറുമില്ല.

എന്‍റെ പഴയ അഭിമുഖങ്ങളൊക്കെ കാണുമ്പോള്‍ ഇത് ഞാന്‍ തന്നെ ആണോ എന്ന് ഇപ്പോള്‍ തോന്നാറുണ്ട്. ടെലിവിഷന്‍ അവതാരകനായിരുന്ന സമയത്ത് പലരെയും കളിയാക്കിയിട്ടുണ്ട്. അതൊക്കെ അവരെ വേദനിപ്പിച്ചിട്ടുണ്ടോ എന്ന് പോലും ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ ചിന്തിക്കുന്നുണ്ട്’ – ജയസൂര്യ പറഞ്ഞു.