Entertainment

അവളെങ്ങനെ നിന്റെ ഭാര്യയാവും….? അത്തരത്തിലുള്ള എന്തെങ്കിലും പരിഗണന നീയവൾക്കു കൊടുത്തിട്ടുണ്ടോ….? പിന്നെന്തിന് നീയിത് ചോദ്യം ചെയ്യണം …?

മനപൂർവ്വം തന്നെയാണ് ആദ്യ രാത്രിയിൽ ഫിറ്റായി മുറിയിലേക്ക് കയറി ചെന്നത്….

പിന്നവിടെ നടന്നതൊക്കെ എത്ര ശ്രമിച്ചിട്ടും ഓർമ്മയിൽ വരുന്നില്ല …..

ഈശ്വരാ ….

തേച്ചിട്ട് പോയവളോടുള്ള വാശിയാണ് എന്നെ ഒരു സ്ത്രീ വിരോധിയാക്കിയത്. പിന്നെ സകല പെണ്ണുങ്ങളോടും ഒരു തരം ദേഷ്യമായിരുന്നു.
അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെയാണ് ഈ കല്യാണം പോലും… കെട്ടിയ പെണ്ണിന്റെ മുഖം പോലും ഓർമ്മയിലില്ല …

ഇതൊക്കെ ചിന്തിച്ച് കിടക്കുമ്പോഴാണ് കാപ്പിയുമായി അവൾ മുറിയിലേക്ക് കടന്നു വന്നത്. അറിയാത്തതു പോലെ കണ്ണുമടച്ച് കിടന്നു. കാപ്പി അവിടെ വച്ച് അവൾ തിരികെ പോയി.

ഇവളും ഏതേലും ഒരുത്തനെ തേച്ചവളാകും….
പെണ്ണല്ലേ വർഗ്ഗം …..?
കുറച്ചു നേരം കൂടി ആ കിടപ്പ് കിടന്നതിനു ശേഷം എണീറ്റു കുളിച്ചു, പുറത്തു പോകാനായി റെഡിയായി ചെന്നപ്പോൾ അവൾ അമ്മക്കൊപ്പം അടുക്കളയിൽ തിരക്കിട്ട പണിയിലാണ്.
പ്രത്യേക ഭാവ വ്യത്യാസമൊന്നുമില്ലാതെ അമ്മ എനിക്ക് ഭക്ഷണം വിളമ്പി.
അവൾ തലേന്നത്തെ സംഭവമൊന്നും പറഞ്ഞിട്ടില്ലാന്നു തോന്നുന്നു.

പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിലും എന്റെ കാര്യങ്ങൾ നോക്കിയത് അമ്മ തന്നെയായിരുന്നു. അവളെന്നും എനിക്ക് അന്യയായി തന്നെ നിലകൊണ്ടു.

വീട്ടുകാരുടേയും വിരുന്നുകാരുടേയും മുന്നിൽ അവൾ പ്രിയപ്പെട്ട മരുമകളായി.. എനിക്കു മാത്രം എന്തോ അവളെ കാണുന്നതു പോലും വെറുപ്പായിരുന്നു…

രണ്ടു മാസത്തിനു ശേഷം ഓഫീസിൽ ഇരിക്കുമ്പോൾ ഒരു കോൾ…

ഹലോ…..
ശ്രീയേട്ടാ എന്റെ അച്ഛന് സുഖമില്ല… ഹോസ്പിറ്റലിലാണ് …
എനിക്ക് അവിടേക്ക് പോണം….
നേരത്തേ വരുമോ…..?

ഒന്നും പറയാതെ ഞാൻ കോൾ കട്ടാക്കി.
അന്ന് മനപൂർവ്വം താമസിച്ചാണ് വീട്ടിൽ ചെന്നത് …

ചെല്ലുമ്പോൾ വാതിൽക്കൽ അമ്മയുണ്ട്.. സംഹാര രുദ്രയായി …

നീയെന്താ വൈകിയത്…..?
അവളിത്തിരി മുന്നേ വരെ നിന്നെ കാത്തിരുന്നു.
പിന്നെ ഞാൻ നിർബന്ധിച്ചപ്പോഴാ പോയത് …

അവളോടാരാ കാത്തിരിക്കാൻ പറഞ്ഞത്…? അവൾക്ക് കൂട്ട് പോകാൻ വേറെ ആളെ നോക്കണം…
അമ്മയ്ക്കായിരുന്നില്ലേ പെണ്ണു കെട്ടിക്കാൻ തിടുക്കം ….
അന്നേ ഞാനിതൊക്കെ പറഞ്ഞതല്ലേ….?

ഇതും പറഞ്ഞ് അകത്തേക്ക് കയറാനൊരുങ്ങിയ എന്നെ അമ്മ തടഞ്ഞു…

നീയൊന്നു നിന്നേ…
അവൾക്ക് കൂട്ട് ചെല്ലാനല്ല അവൾ നിന്നെ വിളിച്ചതും, കാത്തിരുന്നതും ….
അവൾ പോയാൽ നീ വരും വരെ വയ്യാത്ത ഞാൻ തനിച്ചാവും…
നീ വന്ന് എന്നെ നിന്റടുത്താക്കി പോകാനാ …

അതു കേട്ടതും മനസ്സിൽ ഉണ്ടായ വിങ്ങൽ മറച്ചു വച്ച് അകത്തേക്കു നടന്നു…
മുറിയിൽ ചെന്ന് ഷർട്ട് എടുക്കുവാനായി അലമാര തുറന്നപ്പോൾ എന്തോ ഒന്ന് താഴേക്ക് വീണു….
ഒരു ഡയറി ….

ആദ്യ പേജ് തുറന്നപ്പോൾ ഞെട്ടി….

എന്റെ മനുവേട്ടന് ….

കൊള്ളാം അവൾടെ കാമുകനാവും മനു… വെറുതെയല്ല ഇത്രയൊക്കെ അവഗണിച്ചിട്ടും യാതൊരു കൂസലമില്ലാതെ നടക്കുന്നത്…

പിന്നീടങ്ങോട്ട് ഓരോ പേജ് മറിച്ചപ്പോഴും എന്റെ ദേഷ്യം വർദ്ധിച്ചു വന്നു…
ഒരു പെണ്ണിന് ഒരാണിനെ ഇത്രക്ക് സ്നേഹിക്കാൻ കഴിയുമോ…?

ഭർത്താവായ എന്നെ വഞ്ചിച്ച് അവൾ കാമുകനെ പ്രാണനായി കാണുന്നു..
പെണ്ണെന്നും വഞ്ചനയുടെ ആൾരൂപം തന്നെ…
അന്നൊരുത്തി കാമുകനായ എന്നെ വഞ്ചിച്ചു…..
ഇനിപ്പൊ മറ്റൊരുത്തി ഭർത്താവായ എന്നെയും…..

ഇവളെ ഇന്നുതന്നെ ഒഴിവാക്കണം. ഈ വീട്ടിൽ നിന്നു തന്നെ….

വാളെടുത്ത പടയാളിയെപ്പോലെ ഉറഞ്ഞു തുള്ളിക്കൊണ്ട് അവളുടെ ഡയറിയുമായി അമ്മയുടെ മുന്നിലെത്തി. ആ നശിച്ചവളുമായി ഒരു ബന്ധവും എനിക്കിനി ഇല്ല. അവളെ ഇനി ഈ പടി പോലും ചവിട്ടാൻ ഞാൻ അനുവദിക്കില്ല. അമ്മയുടെ മുന്നിലേക്ക് ആ ഡയറി ഞാൻ വലിച്ചെറിഞ്ഞു ….

പക്ഷേ അമ്മയിൽ യാതൊരു ഭാവ വ്യത്യാസവുമില്ല…

അമ്മ നിന്നു ചിരിക്കുന്നു ……
പരിഹാസം നിറഞ്ഞ ചിരി…

അതെന്റെ ദേഷ്യം വർദ്ധിപ്പിച്ചു…

മനുവുമായുള്ള അമ്മൂന്റെ ബന്ധം അറിഞ്ഞിട്ടാണോ നീയീ തുള്ളണത്…?

ഞാനൊന്നു ഞെട്ടി..
അപ്പൊ അമ്മയ്ക്കും ഇതെല്ലാം അറിയാമായിരുന്നു അല്ലേ …?
എല്ലാരൂടേ ചേർന്നാ എന്നെ വിഡ്ഢിയാക്കിയത് അല്ലേ ….?

നിന്നെ ആര് വിഡ്ഡിയാക്കിയെന്നാ…?

എന്റെ ഭാര്യയുടെ അവിഹിത ബന്ധം നിങ്ങളെല്ലാവരുടെ എന്നിൽ നിന്നു മറച്ചു വച്ചില്ലേ…?

ഭാര്യയോ ….?
ആരുടെ ഭാര്യ ….?
അവളെങ്ങനെ നിന്റെ ഭാര്യയാവും….? അത്തരത്തിലുള്ള എന്തെങ്കിലും പരിഗണന നീയവൾക്കു കൊടുത്തിട്ടുണ്ടോ….? പിന്നെന്തിന് നീയിത് ചോദ്യം ചെയ്യണം …?

നിന്നെ ചതിച്ചിട്ടു പോയ ഏതോ ഒരുത്തിക്കു വേണ്ടി നീ സ്വന്തം ജീവിതം മറന്നു. പലപ്പോഴും എന്നെപ്പോലും… അപ്പോഴൊക്കെ ഒരു മകളുടെ സ്ഥാനത്ത് അവളുണ്ടായിരുന്നു…

ഒന്നു കൂടി നീയറിയണം…
മനുവും അവളും സ്നേഹത്തിലായിരുന്നു…. അവരുടെ വിവാഹം വീട്ടുകാർ പറഞ്ഞുറപ്പിച്ചതുമാണ്. പക്ഷേ ഒരപകടത്തിൽ മനു മരിച്ചു …
പിന്നീടിങ്ങോട്ട് അവന്റെ വിധവയായി ജീവിക്കാൻ ആഗ്രഹിച്ച കുട്ടിയാ അവൾ. പക്ഷേ അച്ഛനമ്മമാരുടെ കണ്ണു നീരിനും എന്റെ നിർബന്ധത്തിനും മുന്നിൽ അവൾ നീയുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. നിന്റെ എല്ലാ കഥകളും അറിഞ്ഞു കൊണ്ടു തന്നെ…

എന്തു പറയണമെന്നറിയാതെ നിശ്ചലനായി ഞാൻ നിന്നു ….

ഇനി അവൾ വരില്ല…
നിനക്ക് ശല്യമായി….
നിനക്ക് തരാൻ ഈ കവർ ഏൽപ്പിച്ചിട്ടാ അവൾ പോയത് …

അമ്മയുടെ കൈയിൽ നിന്നും അത് വാങ്ങിയപ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു….

താൻ അവളുടെ കഴുത്തിൽ കെട്ടിയ താലിക്കൊപ്പം അതിൽ ഒരു കുറിപ്പു കൂടിയുണ്ടായിരുന്നു …..

ശ്രീയേട്ടാ….
ഞാൻ പോകുന്നു…. അനുവാദം വാങ്ങിയല്ല ആ ജീവിതത്തിലേക്ക് ഞാൻ വന്നത്. പോകുന്നതും അങ്ങനെ തന്നെ.
ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്ക് ആവില്ല എന്നത് സത്യം തന്നെയാണ് . പക്ഷേ ശ്രീയേട്ടൻ ഈ താലി എന്റെ കഴുത്തിൽ കെട്ടിയ നിമിഷം മുതൽ ഞാൻ ശ്രീയേട്ടനെ സ്നേഹിച്ചു തുടങ്ങി. ആദ്യ രാത്രിയിൽ തന്നെ ഇതെല്ലാം ഞാൻ തുറന്നു പറഞ്ഞതുമാണ് പക്ഷേ അന്ന്….
എല്ലാത്തിനും മാപ്പ് ….

വായിച്ചു തീർന്നതും താലിമാല പോക്കറ്റിലേക്കിട്ട്, കത്തു ഞാൻ ചുരുട്ടി എറിഞ്ഞു.
അവളുടെ ഒരു കത്ത് ….
വെറുതെ അങ്ങ് പോയാൽ പോരല്ലോ…? നിയമപരമായി ബന്ധം പിരിയണം… അല്ലെങ്കിൽ പിന്നീടവളൊക്കെ അവ കാശോം പറഞ്ഞു വന്നാലോ…

ഇതും പറഞ്ഞ് ഞാൻ മുറിയിൽ കയറി വാതിലടച്ചു…

പിറ്റേന്ന് വിവാഹമോചനത്തിനുള്ള പേപ്പറുകളുമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല.
ഞാനാ പേപ്പറുകൾ അവൾക്കു നേരെ നീട്ടി അവളത് വാങ്ങി വായിച്ചു.
എന്നെ നോക്കി ദയനീയമായി ഒന്നു പുഞ്ചിരിച്ചു…
സൈൻ ചെയ്ത് തിരികെ തന്നു …

ഇപ്പൊഴാ ഞാനവളുടെ മുഖത്തേക്ക് ശരിക്കൊന്നു നോക്കുന്നതു തന്നെ…

അതും വാങ്ങി പോരാനിറങ്ങിയ ഞാൻ തിരിഞ്ഞു നിന്നു …

അമ്മൂ…

അല്ല നീ പറഞ്ഞില്ലേ ഒരാൾക്ക് പകരമാവാൻ മറ്റൊരാൾക്ക് ആവില്ലെന്ന് …..
പകരമാവണ്ട ….
അതിനും മുകളിലാവാൻ നമുക്കൊന്ന് നോക്കിയാലോ ….?

ഒന്നും മനസ്സിലാവാതെ അവളെന്നെ നോക്കി…
സംഭവിക്കുന്നതെന്തെന്ന് അവൾക്ക് മനസ്സിലാകും മുന്നേ ഞാനാ താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടി …

എന്നെ തന്നെ നോക്കി നിന്ന അവളുടെ നെറുകയിൽ ഞാൻ അമർത്തി ചുംബിച്ചു ….

***

Written By #അതിഥി_അമ്മു….