Social Media

‘എന്തിനാണ് ഞങ്ങളുടെ കാർത്തുവിനെ ഇത്ര നേരത്തെ കൊണ്ടുപോയത്’; ബിബിഎ വിദ്യാർത്ഥിനിയുടെ വേർപാടിലെ കണ്ണീർ തോരാതെ സുഹൃത്തുക്കൾ..

ചില വേർപാടുകൾ നമ്മളെ ഒരായുസ്സു മുഴുവനും വേട്ടയാടും. അവരുടെ വിയോഗം സമ്മാനിച്ച വേദനകളെ മറക്കാൻ ഒരാശ്വാസ വാക്കും മതിയായി എന്നു വരില്ല.എണ്ണിത്തിട്ടപ്പെടുത്തിയ ജീവിത യാത്രയും കടന്ന് അനിവാര്യമായ വിധിക്ക് വിളികേട്ട് അവർ പോകുന്നുണ്ടായിരിക്കാം. പക്ഷേ അവർ ബാക്കിയാക്കിയ ഓർമ്മകൾ ഒരായുഷ്ക്കാലത്തിന്റെ നെടുവീർപ്പും നഷ്ടവുമായിരിക്കും നമുക്ക് സമ്മാനിക്കുന്നത്. ഒന്നുമാത്രം, ഒരിക്കലും മറക്കാത്ത ഈ വേദന സമ്മാനിച്ചു മാഞ്ഞു പോയവർ. നമുക്ക് ആരെല്ലാമോ ആയിരിക്കും.അതിശയോക്തിയെന്ന് തോന്നിയേക്കാം, പക്ഷേ നഷ്ടപ്പെടലിന്റെ വേദന, അതിന്റെ ആഴം അതിനെ ഇഴകീറി അളന്നു മുറിക്കുക പ്രയാസം. കാരണം നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്.

ഒരാശ്വാസ വാക്കുകൾക്കും, ഒരു സാന്ത്വന സ്പർശങ്ങൾക്കും ഇടനൽകാതെ കാർത്തിക പി വിജയനെന്ന ബിബിഎ വിദ്യാർത്ഥിനി അപ്രതീക്ഷിത വിധിക്ക് വിളികേട്ട് പോയപ്പോഴും കഷ്ട നഷ്ടങ്ങളുടെ ആഴങ്ങൾക്ക് തെല്ലും കുറവ് വന്നിട്ടില്ല. അവളെയോർത്ത് കരയുന്നവരുടെ കണ്ണുനീർ ഇനിയും തോർന്നിട്ടില്ല, കാരണം പലർക്കും പ്രിയപ്പെട്ടവളായിരുന്നു, അത്രയേറെ പ്രിയപ്പെട്ടവൾ.

2018 മേയ് 18 വെള്ളിയാഴ്ച്ച, വീട്ടുകാരുടെ അനുഗ്രാശിസ്സുകൾ ഏറ്റുവാങ്ങി പരീക്ഷയ്ക്കായി പുറപ്പെട്ടതായിരുന്നു കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ കാർത്തിക. കൊച്ചി മരട് പഴയിരിക്കല്‍ വീട്ടില്‍ വിഷ്ണു ഭവനില്‍ കെ.എം. വിജയന്റെയും ഗീതയുടെയും മകൾ.

അവൾ പരീക്ഷയെഴുതി തിരികെ സന്തോഷത്തോടെ വരുന്ന നിമിഷം കണ്ടു കൊണ്ടായിരിക്കണം അവർ അവളെ യാത്രയാക്കിയത്. വിദ്യാർത്ഥി ജീവിതത്തിലെ നിർണായക ഘട്ടം പൂർത്തിയാക്കി ശോഭനമായ ഭാവിയിലേക്ക് തങ്ങളുടെ മകൾ നടന്നു നീങ്ങുന്നതും അവർ സ്വപ്നം കണ്ടിരിക്കാം.

എന്നാൽ ഒരുകുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും അസ്തമിക്കുമാറുള്ള അനിവാര്യമായ വിധിയിലേക്കായിരുന്നു അവൾ കൂട്ടുകാരി ഐശ്വര്യക്കൊപ്പം സ്കൂട്ടറിലേറി പോയത്. പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പുള്ള ദൈവത്തിന്റെ വലിയ പരീക്ഷ….
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുന്നുംപുറം സിഗ്നലില്‍ വച്ച് കാർത്തികയും ഐശ്വര്യയും സഞ്ചരിച്ചിരുന്ന സ്കൂട്ടറും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു.

‘സ്കൂട്ടറും കണ്ടെയ്നര്‍ ലോറിയും ഒരേ ദിശയില്‍ വരുന്നതിനിടെ സ്‌കൂട്ടര്‍ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നുവത്രേ. കുന്നുംപുറം ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞു പോകാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടര്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കുടുങ്ങി. ഇടിച്ച ഉടനെ കാര്‍ത്തിക ഇടതുഭാഗത്തേക്കും ഐശ്വര്യ വലതുഭാഗത്തേക്കും വീണു. ഉടനെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.’–കണ്ടു നിന്ന ദൃക്സാക്ഷികളുടെ നിസ്സംഗത കലർന്ന വിവരണം. എന്നാൽ നഷ്ടപ്പെട്ടവരുടെ ആഴം അവരുണ്ടോ അറിയുന്നു?

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കാർത്തികയുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സഹപാഠി ഐശ്വര്യ എന്‍.ജെ. പരിക്കുകളോടെ രക്ഷപ്പെട്ടു.ഈ നിമിഷമത്രയും അവസാന സെമസ്റ്ററിലെ ആദ്യ പരീക്ഷയ്ക്കെത്തുന്ന കാർത്തുവിനെയും കാത്ത് സഹപാഠികൾ കൊച്ചി അമൃത സ്കൂൾ ഓഫ് ആർട്സ് ആന്റ് സയൻസിൽ വഴിക്കണ്ണുമായിരിക്കുകയായിരുന്നു. സമയം കടന്നു പോയി…എന്നിട്ടും കാർത്തുവും ഐശ്വര്യയും മാത്രം വന്നില്ല.

വൈകിയും അവളെ കാണാഞ്ഞിട്ടും ആരും അരുതാത്തതൊന്നും ചിന്തിച്ചിട്ടില്ല. കാർത്തുവും ഐശ്വര്യയും എവിടെയെന്ന ചോദ്യത്തിന് ദുഖം തളംകെട്ടി നിന്ന മൗനം മാത്രമായിരുന്നു അധ്യാപകരുടെ ഉത്തരം.
നേരം കടന്നുപോയി പരീക്ഷ അവസാനിച്ച് പുറത്തേക്കിറങ്ങിയ കൂട്ടുകാരികൾക്ക് മറ്റൊന്നും ചോദിക്കാനുണ്ടായിരുന്നില്ല. കാർത്തു എവിടെ….? കാർത്തുവിന് ചെറിയൊരു അപകടം പറ്റി, അവൾ ആശുപത്രിയിൽ സുരക്ഷിതയാണ്. നിങ്ങൾക്ക് ചെന്നാൽ കാണാം….

എന്നാൽ ആ മറുപടിയിൽ ഒളിഞ്ഞിരിക്കുന്ന നഷ്ടം ചിലരെങ്കിലും അതിവേഗം മനസിലാക്കി. തങ്ങളുടെ പ്രിയകൂട്ടുകാരി തങ്ങളെ വിട്ട് പോയെന്ന ആ വാർത്ത പിന്നെ അവിടെയൊരു കൂട്ടക്കരച്ചിലിന് വഴിയൊരുക്കി.
എല്ലാവരോടും ചിരിച്ചു കൊണ്ടു മാത്രം വർത്താനം പറയുന്ന, യാത്രകളെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്ന അവരുെട കുറുമ്പുകാരി കൂട്ടുകാരി, ഇല്ലെന്ന വലിയ സത്യം ഇനിയും പലരും ഉൾക്കൊണ്ടിട്ടില്ല. ആശ്വസിപ്പിക്കാൻ പലരും പലവുരു നോക്കി, പക്ഷേ നഷ്ടങ്ങളുടെ വേദന അത് അനുഭവിച്ചവർക്കല്ലേ അറിയൂ.

ഇന്ന് ആ വേദനകളുടെ ആഴമൊന്നളക്കണമെങ്കിൽ, ആ നഷ്ടത്തിന്റെ വലുപ്പം അറിയണമെങ്കിൽ കാർത്തുവിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലേക്ക് ഒന്നു പോകണം. ജീവിച്ചു കൊതി തീരാത്ത, വിടരും മുമ്പേ കൊഴിഞ്ഞ ഒരു ഇരുപത്തിയൊന്നുകാരിയുടെ ഓർമ്മ അവിടെ തളംകെട്ടി നിൽക്കുകയാണ്. ഒരു സ്നേഹ നിർഭരമായ വാക്കുകൾക്കും പകരം വയ്ക്കാനാകാത്ത തരത്തിൽ. കാരണം, നഷ്ടങ്ങളുടെ വേദന അത് അനുഭവിച്ചവർക്കല്ലേ അറിയൂ….