Celebrity

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ, സാഹസികമായി കള്ളനെ പിടികൂടിയ അനീഷാണ് താരം!

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താൻ ഹീറോ ആണെന്ന് തെളിയിച്ചിരിക്കുകയാണ് യുവ നടൻ അനീഷ്‌ ജി മേനോൻ. അയല്‍ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടിയാണ് അനീഷ്‌ താരമായിരിക്കുന്നത്‌.

അയല്‍വാസിയായ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ബൈക്കില്‍ വന്നു തട്ടിപറിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചവരെയാണ് അനീഷ് സാഹസികമായി പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. മറ്റുള്ളവര്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു.

സിനിമാ സ്റ്റൈലിലാണ് താരം സംഘത്തെ പിടികൂടിയത്. കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടി. ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോഴും മോഷ്ടാവിന്റെ കഴുത്തിലുള്ള പിടി അനീഷ് വിട്ടില്ല. ടാര്‍ റോഡില്‍ ഉരഞ്ഞ് അനീഷിനും പരുക്ക് പറ്റിയിട്ടുണ്ട്. പിടികൂടിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു. കോതമംഗലം സ്വദേശിയായ അന്‍സാറാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് അനീഷ്‌ സിനിമയിലേക്കെത്തുന്നത്‌. മോഹന്‍ലാല്‍ ചിത്രം ഒടിയനിലാണ് അനീഷ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു അനീഷ്. അപ്പോഴാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അനീഷ് ഇപ്പോള്‍ വിശ്രമത്തിലാണ്. ദൃശ്യം, ദ് ഗോഡ്ഫാദര്‍ തുടങ്ങി നിരവധി സിനിമകളിലും അനീഷ്‌ അഭിനയിച്ചിട്ടുണ്ട്‌.