News

“ആണാണോ പെണ്ണാണോ എന്നറിയാൻ വസ്ത്രം അഴിച്ചു കാണിക്കണം”; ട്രാൻസ്‌ജെൻഡർ യുവതിയ്ക്ക് നേരെ അക്രമം.

തിരുവനന്തപുരത്ത് വീണ്ടും ഭിന്നലിംഗക്കാർക്കെതിരെ ആക്രമണം. കേരളത്തില്‍ ഇനിയൊരു ട്രാന്‍സ്ജെൻഡറിന്റെയും കണ്ണീര്‍ വീഴില്ലെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉറപ്പുനൽകിയതിന് പുറകെയാണ് വീണ്ടും അതിക്രമം നടന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് സംസ്ഥാന അംഗം സൂര്യയും രണ്ടു മക്കളുമാണ് ആക്രമിക്കപ്പെട്ടത്. വട്ടിയൂര്‍കാവ് ജി വി രാജ സ്‌കൂളിന് സമീപം കാച്ചാണിയിലാണ് സംഭവം നടന്നത്.

ട്രാൻസ്ജെൻഡറും മേക്കപ്പ് ആർട്ടിസ്റ്റുമായ ശിവാങ്കിയുടെ വീടിന്റെ പാലു കാച്ചൽ ചടങ്ങിന് പോവുകയായിരുന്നു സൂര്യയും ദത്തു മക്കളായ അളകനന്ദ, വിനീത എന്നിവരും. വീട്ടിലേക്കുള്ള വഴി ചോദിച്ച വിനീത, അളകനന്ദ എന്നിവർക്ക് നേരെയായിരുന്നു ആദ്യ ആക്രമണം.

പാറയിൽകുളം പുഷ്പരാജ് എന്നയാൾ ഇവരുടെ വാഹനത്തിന്റെ കീ അഴിച്ചെടുക്കുകയും അസഭ്യം പറയുകയും ചെയ്തു. നിങ്ങൾ ആണോ, പെണ്ണോ എന്ന് തെളിയിക്കാൻ വസ്തമഴിച്ച് കാണിക്കണം എന്നുപറഞ്ഞ് അവരുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ച് അഴിക്കാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സൂര്യയെയും പുഷ്പരാജ് ആക്രമിച്ചു. സൂര്യയുടെ വസ്ത്രം കീറാൻ ശ്രമിച്ച് മാറിടത്തിന് പരുക്കേല്‍പ്പിച്ചു. പുഷ്പരാജിനെതിരെ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാന്‍സ് സെക്ഷ്വലായ സൂര്യ സംസ്ഥാനത്ത് ആദ്യമായി വോട്ടവകാശം നേടുന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്.