Social Media

നഴ്‌സിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായമില്ല; കുടുംബാംഗങ്ങളെ വിളിക്കാന്‍ ആരോഗ്യമന്ത്രി തയാറായില്ല; ലിനി രക്തസാക്ഷിയെന്ന് നാട്ടുകാര്‍

നിപ്പാ രോഗപരിചരണത്തിനിടെ മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുവിധ സഹായവും നല്‍കിയില്ലെന്ന് ആരോപണം. ലിനി മരിച്ച ശേഷവും കുടുംബാംഗങ്ങളെ വിളിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ തയാറായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ലിനിയുടെ ഭര്‍ത്താവിന് ജോലി നല്‍കണം എന്ന് അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാര്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിപ്പാ വൈറസിന്റെ കേരളത്തിലെ ആദ്യ രക്തസാക്ഷിയാണ് ലിനിയെന്ന് നാട്ടുകാര്‍ പറയുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനി, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ചെമ്പനോട പരേതനായ നാണുവിന്റെയും രാധയുടേയും മകളാണ് ലിനി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ വെന്റിലേറ്ററിലായിരുന്നതിനാല്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പോലും അമ്മയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മകളായ അഞ്ചു വയസുകാരനായ റിതലും രണ്ടു വയസുകാരന്‍ സിദ്ധാര്‍ത്ഥും അമ്മയെ കാത്ത് ഇപ്പോഴും വീട്ടിലിരിക്കുകയാണ്.

സ്വയം ജീവന്‍ ബലിയര്‍പ്പിച്ച് രോഗികളെ ശുശ്രൂശിച്ച ലിനിയുടെ കുടുംബത്തിലെ അത്താണിയാണ് മരണത്തോടെ ഇല്ലാതായത്. അമ്മയും അയല്‍വാസിയും ഇപ്പോഴും രോഗബാധയേറ്റ് ആശുപത്രിയിലാണ്. താലൂക്കാശുപത്രിയില്‍ ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ചട്ടപ്രകാരം ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. അതിനാല്‍ സ്പെഷ്യല്‍ ഉത്തരവ് പ്രകാരം ലിനിയുടെ കുടുബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണം എന്ന ആവശ്യമാണ് സര്‍ക്കാറിനു മുന്നില്‍ ഉയരുന്നത്.