Entertainment

“എഡീ, പൊട്ടി പെണ്ണേ നീയെന്തിനാ കരയുന്നത്? നിന്നെ പരിഹസിക്കുന്നവരോട് കോക്രി കാട്ടി തിരിച്ചങ്ങോട്ട് നാല് വാക്ക് പറയാൻ പറ്റണം , അപ്പോഴാണ് പെണ്ണ് പെണ്ണാവുന്നത്, ഭാഷയൊന്നും അതിനു ഒരു പ്രശ്നമല്ല പെണ്ണേ”

അവന്തിക – ഒരു വേശ്യയുടെ കഥ

“എനിക്ക് എയ്ഡ്സ് ആണ് ശ്യാമിലി”

നിർവികാരമായി തന്നെ നോക്കിക്കൊണ്ട് ചുണ്ടുകൾ ചലിപ്പിക്കുന്ന ആ ശോഷിച്ച ശരീരം വർഷങ്ങൾക്കു മുമ്പ് ജീവിതത്തിൽ ഒന്നും ആവാതിരുന്ന കാലത്ത് വഴികാട്ടിയായി ജീവിതത്തിലോട്ടു കയറിവന്ന തന്റെ പ്രിയ കൂട്ടുകാരിയുടേത് ആണെന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്യാമിലിക്കായില്ല!

“അവന്തിക, നിന്നെ ഞാൻ വർഷങ്ങൾക്കു ശേഷം കാണുമ്പോൾ ഇങ്ങനെയൊരു അവസ്ഥയിൽ കാണേണ്ടി വരുന്നത് മുമ്പെങ്ങോ ചെയ്തു പോയ പാപത്തിന്റെ ഫലം ആണോ? ” വർഷങ്ങളുടെ കണക്കുകൾ ശ്യാമിലിയുടെ ജീവിതത്തിൽ വളർത്തിയ മാറ്റങ്ങൾ പലതാണ്, അതിലൊന്ന് ഇതാണ്, ഭാഷ! അതിനു ശുദ്ധി വന്നിരുന്നു, അതിനു പൂർണമായും കാരണക്കാരി ഒരു പക്ഷെ അവന്തിക ആയിരിക്കില്ലേ?

അതേ അവളാണ്, അവന്തിക!

അവന്തിക തനിക്കാരായിരുന്നു? ആദ്യമായി അവളെ കാണുമ്പോൾ അവളൊരു സമരത്തിന് ഇടയിൽ ആണ്, നാട്ടിലെ കുടി വെള്ള പ്രശ്നത്തിന് വേണ്ടിയുള്ള സമരത്തിൽ അധികാരികൾക്കെതിരെ വാക്കുകൾ കൊണ്ട് മുനയമ്പു എറിഞ്ഞവൾ, അവളുടെ പ്രസംഗത്തിനും , എഴുത്തുകൾക്കും ഒരു മായിക ശക്തിയുണ്ടായിരുന്നു!

കോളേജിൽ ഒരു മൂലയിൽ ഒതുങ്ങി കൂടികൊണ്ടു ഇരുന്ന ഒരു തൊട്ടാവാടി പെണ്ണിൽ നിന്നും ശ്യാമിലി ഐ.എ.എസ് എന്ന തന്റേടിയായ ഓഫീസർലോട്ടുള്ള ഭാവമാറ്റം സംവിധാനം ചെയ്തത് അന്ന് അവന്തിക പകർന്നു തന്ന ധൈര്യമല്ലേ?

ആദ്യമായി അവന്തിക തന്നോട് സംസാരിച്ചത് അവൾ ഓർത്തു!

“ക്യാംപസിൽ ഒരു വലിയ കൂട്ടായ്മ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നു, കല, വിപ്ലവം, എഴുത്തു ഇതൊക്കെ ആണ് ഉദ്ദേശം! നീ വന്നു ചേരണം”

മുമ്പൊരിക്കലും സംസാരിച്ചിട്ടില്ല, നേരിട്ടു അറിയുകയും ഇല്ല, പലരും പറഞ്ഞറിയാം, പണക്കാരായ മാതാപിതാക്കളെ മരണം കീഴടിക്കിയപ്പോൾ ഇട്ടു മൂടാനുള്ള സ്വത്തും അവശേഷിപ്പിച്ചു പോയതിന്റെ ഹുങ്കും കൊണ്ട് നടക്കുന്നവൾ എന്നു തുടങ്ങി അല്ലറ ചില്ലറ അധ്യാപനവും, ജേർണലിസവും കൊണ്ട് സ്വന്തം കാലിൽ നിൽക്കാൻ കെല്പുള്ളവൾ എന്നു വരെ! അവന്തിക ഓരോരുത്തരുടെയും കണ്ണിൽ പല മുഖങ്ങൾ ആയിരുന്നു!

പക്ഷെ എന്തോ അന്നവൾ പറഞ്ഞപ്പോൾ എനിക്ക് എതിർത്തു പറയാൻ തോന്നിയില്ല. അതിനു കാരണം എന്തെന്ന് ഞാൻ ഒരുപാട് നാൾ ആലോചിച്ചു തല പുകച്ചിട്ടുണ്ട്! അവളുടെ വാക്കുകളിലെ ശക്തിയാവാം അതിനു കാരണം! കോളേജ് മാഗസിന്റെ ഉൾ പേജിലൂടെ അവളിലെ എഴുത്തുകാരിയെ ആരാധിച്ചിരുന്നതിലാവാം , അതുമല്ലെങ്കിൽ അടച്ചു വയ്ക്കപ്പെട്ട കൂട്ടിലെ കിളികൾക്ക് പറന്നുയർന്നു സ്വാന്തന്ത്ര്യം അനുഭവിക്കുന്ന കിളികളോട് തോന്നുന്ന മമത, ആദരവ് ഇവയൊക്കെ ആവാം!

മറുപടി പറയാൻ നാവു പൊങ്ങിയെങ്കിലും ശബ്ദം പുറത്തോട്ട് വന്നില്ല! ഒരു തലയാട്ടലിൽ ഒതുക്കി, സമ്മതം മൂളി!

” തലയിട്ടു ആട്ടിയാൽ എന്താ അർത്ഥം ? നിനക്ക് നാവില്ലേ പെണ്ണേ? ”

“ഉം” വീണ്ടും ഞാൻ മൂളി.

അവന്തിക അടുത്തോട്ട് വന്നു “എടി കൊച്ചേ നീയിങ്ങനെ മിണ്ടാ പൂച്ചയായി ഇരിക്കാണ്ട് വായ തുറന്ന് സംസാരിക്ക്, നിനക്ക് നാവുണ്ടോന്ന് കാണട്ടെ”

പകുതിയടഞ്ഞ സ്വരത്തിൽ ഞാൻ പറഞ്ഞു ” എനക്ക് പേടിയാണ്, പക്കെങ്കിൽ നാൻ ബരാം”

അവന്തിക അതുകേട്ട് പൊട്ടി പൊട്ടി ചിരിച്ചു. “എന്ത് ഭാഷയാടി ഇത്? ”

എനിക്ക് തന്നെ അറിയില്ലാർന്നു എന്റെ ഭാഷയേതാണെന്നു , കാരണം വ്യക്തമായ ഒരു ഭാഷയുടെ ഉടമയായിരുന്നില്ല ഞാൻ ഒരുപാട് ഭാഷകൾ വീട്ടിൽ എന്നും കയറിയിറങ്ങുന്നത് കൊണ്ടാവാം, അച്ഛന്റെ ഭാഷ തന്നെ ആയിരുന്നോ ഇത്? അല്ലെങ്കിൽ തന്നെ അച്ഛൻ എന്നത് ആരാണ്? ചൂണ്ടിക്കാട്ടാൻ എങ്കിലും ഒരാൾ അവൾക്ക് ഉണ്ടായിരുന്നോ? അതുമല്ലെങ്കിൽ ചുറ്റുപാട് , വൃത്തിയുള്ള ഭാഷ സംസാരിക്കാനോ കേൾക്കാനോ അവൾക്ക് അവസരം ഉണ്ടായിരുന്നില്ല!

അവളെ കളിയാക്കാൻ വരുന്നവരെ അവൾ കാര്യമാക്കാറില്ലായിരുന്നു, പക്ഷെ അന്നവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല. അവൾ കരഞ്ഞു, കണ്ണിൽ നിന്നും ധാര ഒലിച്ചിറങ്ങി! അവന്തികയെ അവൾ അത്രമാത്രം ആരാധിച്ചിരുന്നു!

അവന്തിക അത് കണ്ടു , വീണ്ടും ചിരിച്ചു ഇത്തവണ കൂടുതൽ ഉച്ചത്തിൽ.
“എഡീ, പൊട്ടി പെണ്ണേ നീയെന്തിനാ കരയുന്നത്? നിന്നെ പരിഹസിക്കുന്നവരോട് കോക്രി കാട്ടി തിരിച്ചങ്ങോട്ട് നാല് വാക്ക് പറയാൻ പറ്റണം , അപ്പോഴാണ് പെണ്ണ് പെണ്ണാവുന്നത്, ഭാഷയൊന്നും അതിനു ഒരു പ്രശ്നമല്ല പെണ്ണേ”

പിന്നീടങ്ങോട്ട് അവന്തിക എന്നുമവളെ കാണാൻ വരുമായിരുന്നു , ഒരിക്കലും അവൾ എന്നിലെ കുറവുകളെ പരിഹരിക്കാൻ കച്ച കെട്ടി വന്ന ഒരു നല്ല സുഹൃത്താവാൻ ശ്രമം നടത്തിയിരുന്നില്ല, പക്ഷെ അവൾ എന്നോട് സംസാരിക്കും! അവളുടെ ചിന്തകൾ പങ്കുവയ്ക്കും, എഴുത്തുകൾ വായിച്ചു കേൾപ്പിക്കും, കോളേജിലെ പരദൂഷണങ്ങൾ മുതൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ വരെ അവന്തിക പറയും! എന്തിനവൾ അതൊക്കെ എന്നോട് പറയുന്നത് എന്നറിയില്ല! പക്ഷെ അവൾ നിർത്താതെ സംസാരിക്കും, ഇടയ്ക്ക് ചിലപ്പോൾ സ്വിച്ചിട്ട പോലെ നിർത്തും, എന്നിട്ടവൾ എന്നോട് സംസാരിക്കാൻ ആവശ്യപ്പെടും. ആദ്യമാദ്യം എനിക്ക് സംസാരിക്കുവാൻ മടിയായിരുന്നു, പക്ഷെ പിന്നെ പിന്നെ ഞാൻ സംസാരിക്കുവാൻ തുടങ്ങി, എന്റെ കഥയുടെ ഭാണ്ഡക്കെട്ടുകൾ ഞാൻ അവളുടെ മുമ്പിൽ അഴിച്ചു വിട്ടു! എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, അവന്തിക അത്രമേൽ ശക്തമായി എന്നിൽ പതിഞ്ഞിരുന്നു!

ഡിഗ്രി കഴിഞ്ഞു ഞാൻ വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുമ്പോൾ അവൾ എന്നെ തേടി എന്റെ വീട് വരെയെത്തി , എന്റെ കഥകൾ അറിയാമായിരുന്ന അവൾക്ക് ആ സ്ഥലം അലോസരമുണ്ടാക്കിയില്ല. പക്ഷെ വന്നയുടനെ അവൾ പറഞ്ഞു ,

“ശ്യാമിലി, ആവശ്യമുള്ള തുണികൾ എടുത്തോളൂ , ഇല്ലെങ്കിൽ നമുക്ക് പുറത്തു നിന്ന് വാങ്ങിക്കാം, പറയാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് വരൂ, ഒരു പക്ഷെ നിനക്ക് ഇവിടേക്ക് ഒരു മടങ്ങി വരവ് ഉണ്ടാവില്ല”

പക്ഷെ അന്ന് എനിക്ക് യാത്ര പറയാൻ അവിടെ ആരും ഉണ്ടായിരുന്നില്ല, അമ്മയെന്ന സ്ത്രീയോട് ഞാൻ എന്നോ യാത്ര പറഞ്ഞിരുന്നു. അന്ന് ഞാൻ അവന്തികയോട് എവിടേക്ക്
എന്നോ എന്തിനെന്നോ ചോദിച്ചില്ല. കയ്യിൽ കിട്ടിയ ബാഗും കുറച്ചു തുണികളും ആയി അവന്തികയെ പിന്തുടരുക മാത്രം ആയിരുന്നു!

ചെന്നു നിന്നത് ഒരു വലിയ കെട്ടിടത്തിന്റെ മുമ്പിൽ ആണ്,

“ശ്യാമിലി ജീവിതത്തിൽ ഒരു ലക്ഷ്യം വേണം, സമൂഹത്തിനു മുമ്പിൽ ജീവിച്ചു കാണിക്കണം , മാതൃകയാവണം , ഈ സമൂഹത്തോട് നമുക്ക് ചെയ്യാൻ ഉള്ളത് നിരവധിയാണ്, അതിന്റെ ഒരു തുടക്കം എന്ന നിലയിൽ നിന്നെ ഞാൻ ഇന്നിവിടെ ചേർക്കുന്നു, ഒരു കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത്, നീ പഠിക്കണം പഠിച്ചൊരു നല്ല നിലയിൽ എത്തണം, സിവിൽ സർവീസ് ആണ് എന്റെ മനസ്സിൽ ,പക്ഷെ ശ്യാമിലിക്ക് വേണ്ടത് ശ്യാമിലിക്ക് തിരഞ്ഞെടുക്കാം! ഇവിടെ മൂന്നു നാല് പരീക്ഷകൾക്ക് വേണ്ടി തയാറെടുപ്പുകൾ പരിശീലിപ്പിക്കുന്നുണ്ട്, അവയിലേതെങ്കിലും ഒന്ന് ചേർന്നുകൊള്ളു”

എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല, അവന്തിക ആഗ്രഹിച്ചത് തന്നെ ഞാൻ തിരഞ്ഞെടുത്തു, സിവിൽ സർവീസ് എന്ന കടമ്പയെ പറ്റി അന്നെനിക്ക് ഒരു ധാരണയും ഇല്ലാ എന്നതായിരുന്നു സത്യം!

താമസവും അവളുടെ കൂടെ തന്നെയായിരുന്നു. അവളോടൊരിക്കൽ ഞാൻ ചോദിച്ചു,

” എന്തിന്?”

“ശ്യാമിലി , അത്രമേൽ നിന്നെ ഞാൻ സ്നേഹിക്കുന്നു”

“ശരി , എന്നാൽ നമുക്കൊരുമിച്ചു സിവിൽ സർവീസ് പഠിക്കാം”

എന്തു കൊണ്ടോ അന്നവൾ സമ്മതം മൂളി, പക്ഷെ അവൾ അത് തനിക്ക് വേണ്ടി മാത്രം ചെയ്തത് ആണെന്ന് മനസിലാക്കാൻ സിവിൽ സർവീസ് പരീക്ഷയുടെ ദിവസം വരെ വേണ്ടി വന്നു! അന്നാണ് ഞാൻ അവന്തികയെ അവസാനം ആയി കണ്ടതും!

അവൾക്ക് അന്ന് സിവിൽ സർവീസ് പരീക്ഷ എഴുതാതെ പോകാൻ കാരണങ്ങൾ ഒരുപാട് ഉണ്ടാവാം, അത് എഴുതാൻ അവൾ ശ്രമിച്ചിരുന്നോ എന്നു പോലും എനിക്ക് അജ്ഞാതം ആണ്! ആദ്യത്തെ രണ്ടു തവണയും സിവിൽ സർവീസ് എനിക്ക് പാസ്സാവാൻ ആയിലെങ്കിലും പിന്നീട് വീണ്ടും എഴുതിയതും അവൾ തന്ന ആ പ്രേരണയാൽ ആണ്!ആ വാശിയാണ്! ലോകത്തിനു മുമ്പിൽ ജയിച്ചു കാണിക്കണം എന്നുള്ള വാശി, സ്വന്തമായി ഒരു മേൽവിലാസം, വ്യക്തിത്വം ഉണ്ടാക്കണം എന്നുള്ള വാശി, സ്വന്തം കൂട്ടുകാരിയോടുള്ള കടപ്പാട്!

അന്നവൾ എന്നെ തനിച്ചാക്കി പോയി, പക്ഷെ മാസം മാസം എന്റെ ചിലവ് മുടങ്ങാതെ ബാങ്ക് അക്കൗണ്ടിൽ വന്നു നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, ഒരുപാട് തവണ അതിന്റെ പിന്നാലെ അലയാൻ ശ്രമം നടത്തിയെങ്കിലും അത് പരാജയം മാത്രം ആയിരുന്നു. അവന്തിക എന്നോട് എന്നെന്നേക്കുമായി വിട പറഞ്ഞുവെന്ന് എനിക്ക് തോന്നി , ഇനിയൊരു കണ്ടു മുട്ടൽ ഉണ്ടാവില്ല എന്നു നിശ്ചയിച്ചുറപ്പിച്ചത് ആണ്!

പിന്നീടുള്ള വർഷങ്ങൾ പരീക്ഷയും, ട്രൈനിങ്ങും, മൂന്ന് വർഷത്തെ അന്യ സംസ്ഥാന ജോലി ഒക്കെ കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തിയിട്ട് ഇപ്പോൾ ആറു മാസം കഴിയുന്നു, അതിനിടയിൽ കല്യാണമോ ഒരു പ്രണയമോ ഉണ്ടായില്ല! മനപൂർവം ഒഴിവാക്കുക ആയിരുന്നു ജീവിതത്തിൽ നിന്നും!

തിരിച്ചു വന്നപ്പോഴും അവളെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല! പക്ഷെ എന്തുകൊണ്ടോ തിരക്കാൻ തോന്നിയില്ല, എവിടെ തുടങ്ങുമെന്ന സംശയത്തിൽ ആയിരുന്നു! പതിയെ തിരക്കുകൾ അവന്തികയെ മറക്കാൻ പ്രേരിപ്പിച്ചു!

അങ്ങനെയിരിക്കുമ്പോൾ ആണ് ഓഫിസിൽ തന്നെ കാണാൻ ഒരു സ്ത്രീ വന്നിരിക്കുന്നു എന്ന വിവരം പ്യൂൺ വന്നു പറയുന്നതും, അവന്തിക വീണ്ടും എന്റെ ജീവിതത്തിലോട്ടു കടന്നു വരുന്നതും. ആദ്യമെനിക്ക് മനസ്സിലായില്ല, തന്നെ കാണാൻ വന്ന ഒരു പരാതിക്കാരി എന്ന നിലയിൽ ആണ് സംസാരിച്ചു തുടങ്ങിയത്. പക്ഷെ ആ ശബ്ദം കേട്ട് ഞാൻ ഒന്ന് അമ്പരന്നു.

“ശ്യാമിലി ഐ.എ. എസ്, എനിക്കറിയാമായിരുന്നു ശ്യാമിലി നീയതാവുമെന്നു, എന്താടി പെണ്ണേ നിനക്ക് ഇനിയും എന്നെ മനസ്സിലായില്ലേ??? ” ആ ഗാംഭീര്യം ചോർന്നു പോയെങ്കിലും ആ ശബ്ദം ഒരിക്കലും തനിക്ക് മറക്കാൻ പറ്റുന്നത് ആയിരുന്നില്ല!

അവന്തിക , വെളുത്തു തുടുത്ത കവിൾ അവൾക്കൊരു അഴകായിരുന്നു, ഇന്നവിടെ ഒട്ടിയ എല്ലിൻ കഷണങ്ങൾ മാത്രമേ ഉള്ളൂ! കണ്ണിലെ കറുത്ത കണ്മഷിയും നീണ്ട വാലും അവളുടെ കണ്ണുകളെ മനോഹരമാക്കിയിരുന്നു, പക്ഷെ ഇന്നവിടെ കുഴി വീണു കറുത്തിരിക്കിരുന്നു ,മുട്ടോളം വരുന്ന മുടിയെല്ലാം വെട്ടി കുറ്റി രോമങ്ങൾ തലയിൽ അവശേഷിക്കുന്നു! ശരീരത്തിൽ അങ്ങിങ്ങായി മുറിപ്പാടുകൾ, വടിയിൽ തുണി കഷ്ണം ചുറ്റി വച്ചത് പോലെ ഒരു രൂപം! അത് അവന്തിക ആണെന്ന് വിശ്വസിക്കാൻ ശ്യാമിലി പാടുപെട്ടു!

ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ശ്യാമിലി പറഞ്ഞു.

” എന്ത് കോലമാടി ഇത് ? പാടത്തു ദൃഷ്ടിക്കു കോലം തൂക്കി വച്ചത് പോലെയുണ്ട്”

അവന്തികയും ഒന്ന് ചിരിക്കാൻ ശ്രമിച്ചു, പക്ഷെ അവന്തികയുടെ മുഖത്തിൽ നിന്നും അവൾ ചിരിക്കുകയാണോ അതോ കരയുകയാണോ, അല്ലെങ്കിൽ വേറൊരു വികാരം ആ മുഖത്തിൽ നിന്നും പുറപ്പെടുന്നുണ്ടോ എന്നു വായിച്ചെടുക്കാൻ ശ്യാമിലിക്ക് ആയില്ല! അവന്തിക പറഞ്ഞു തുടങ്ങി.

“ശ്യാമിലി , എനിക്ക് സംസാരിക്കണം , കുറെ നാളായി ഞാൻ ആരോടെങ്കിലുമൊന്ന് സംസാരിച്ചിട്ടു, അതിനു വേണ്ടിയാണ് നിന്നെ തേടി ഞാൻ ഇവിടെ എത്തിയതും. ”

എന്തോ ആലോചിക്കാൻ എന്ന പോലെ അവന്തിക ഒന്ന് നിർത്തി എന്നിട്ട് വീണ്ടും തുടങ്ങി

“എയ്ഡ്സ് അവിചാരിതമായി എന്നെ കാണാൻ വന്ന അതിഥിയാണ്, എന്നെ പുൽകാൻ കാത്തു നിന്ന കൂട്ടുകാരൻ. എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് ഇനിയും ആയിട്ടില്ല ശ്യാമിലി, ഓർത്തെടുക്കാൻ പറ്റുന്ന ഒരു കാരണവും നിനക്ക് മുമ്പിൽ നിരത്താൻ എനിക്കും ആവില്ല.”

ശ്വാസം എടുക്കാൻ നന്നേ പാടുപെടുന്ന ആ ശരീരം ഇപ്പോൾ വീഴും എന്ന മട്ടിൽ തുടർന്ന് ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.

” ഒന്ന് പറയാം എന്റെ അറിവോട് കൂടെ ഇന്ന് വരെ ഒരാണിനും എന്റെ ശരീരം ഞാൻ വഴങ്ങിയിട്ടില്ല, എന്റെ അറിവ് കൂടാതെയും രതി എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. മറ്റാരും അതറിഞ്ഞില്ലെങ്കിലും നീ അതറിയണം ശ്യാമിലി നിന്റെ കൂട്ടുകാരി ഒരു പിഴ അല്ല, ആഗ്രഹങ്ങൾ ഇല്ലാതിരുന്നിട്ടല്ല ഇന്ന് വരെ ഒരു ആണിന് മുമ്പിലും ശരീരം അടിയറവ് പറയാതിരുന്നത്, തിരക്കുകളും ലക്ഷ്യങ്ങളും ആണ്. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ശ്യാമിലിക്ക് വിശ്വാസം വരുമോ, പക്ഷെ എങ്ങുമെത്താതെ പോയി ആ പ്രണയവും”

ശ്യാമിലി അതൊക്കെ കേൾക്കുന്നുണ്ടോ എന്ന് നിശ്ചയമില്ല, വിട്ടുമാറാത്ത ഒരു തരിപ്പിൽ നിന്നും ഇനിയും ശ്യാമിലി പുറത്തുവന്നിട്ടില്ല.

” ശ്യാമിലി, എനിക്കാരോടും പരാതിയില്ല, കാലത്തിനോടോ , ഇതെനിക്ക് പകർന്നു തന്ന ദൈവത്തിനോടോ ഒന്നും!
അന്ന് ഞാൻ നിന്നെ വിട്ട് പോകുമ്പോഴും എന്റെ ലക്ഷ്യങ്ങൾ വേറെയായിരുന്നു അതിൽ നിന്നെ കൂടി ഉൾപ്പെടുത്തി നിന്റെ ജീവിതം കൂടി തകർക്കുവാൻ എനിക്കാവില്ലായിരുന്നു, അല്ലെങ്കിലും സമൂഹ സേവ അത്ര എളുപ്പമല്ല. എത്രയോ പേർക്ക് ഞാൻ സഹായം എത്തിച്ചു കൊടുത്തിട്ടുണ്ട് , പലരുടെയും ജീവൻ വരെ എന്നോട് കടപ്പെട്ടിരിക്കുന്നു, എത്ര പേർക്ക് ഞാൻ മൂലം നല്ല വിദ്യാഭ്യാസം ഉണ്ടായി, എത്രപേരുടെ കുറച്ചു നേരത്തെ പട്ടിണി മാറ്റാൻ എനിക്കായി. പക്ഷെ ഇന്നോ അവരിൽ ഒരാൾ പോലും എന്നെ തിരിഞ്ഞു നോക്കില്ല, കാരണം ഞാൻ ഒരു എയ്ഡ്സ് രോഗിയാണ്. അവർക്ക് മുമ്പിൽ ഞാൻ ഒരു ചീത്ത സ്ത്രീയാണ് സ്വന്തം ശരീരം കാമഭ്രാന്തിനായി വിട്ടു കൊടുത്ത ഒരു തെരുവ് വേശ്യ”

കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകുന്നത് ഒരുപോലെ ശ്യാമിലിയും അവന്തികയും അറിഞ്ഞു.

” നീയും അത് വിശ്വസിക്കുന്നുവോ ശ്യാമിലി, നിന്റെ അവന്തിക ഒരു പോക്ക് കേസ് ആണെന്ന്? എയ്ഡ്സ് ഒരു രോഗാവസ്ഥയാണ് , അത് ലൈംഗികതയുടെ മാത്രം വിത്തല്ല, അത് എന്നാണ് ഈ സമൂഹം മനസിലാക്കുക ? നീയിപ്പോൾ അത്ഭുത പെടുന്നുണ്ടാവാം അല്ലെ, അവന്തിക എന്ന ഒന്നിനും കൂസാതെ, ഓവർ സ്മാർട്ടായ താന്തോന്നി പെണ്ണിൽ നിന്നും ജീവനുള്ള ജടത്തിലേക്കു ഉള്ള മാറ്റം”

മൗനം അവർക്കിടയിൽ പരന്നു, വാക്കുകൾക്കായി ശ്യാമിലി തേടി. ഇങ്ങനെയൊരിക്കലും നടന്നിട്ടില്ല, സാധാരണ ആശ്വാസ വാക്കുകൾ ആവശ്യം വരുന്നത് തനിക്കാണ്. പക്ഷെ ഇന്ന് അവന്തികക്കു പകരാൻ ശ്യാമിലിയിൽ വാക്കുകൾ വരുന്നില്ല.

വേശ്യ എന്ന വാക്ക് ശ്യാമിലിയിൽ ഓർമ്മപ്പെടുത്തിയ മുഖം തന്റെ സ്വന്തം അമ്മയുടേത് ആണ്! ഓർക്കാൻ ആഗ്രഹിക്കാത്ത അനേകം മുഖങ്ങളിൽ പ്രധാനം!

“ജീവിതം അങ്ങനെയാണ് ശ്യാമിലി, പ്രതീക്ഷിക്കാത്തത് വന്നു ചേരും. തിരക്കുകൾ ഒഴിഞ്ഞു എഴുത്തിലേക്ക് കടക്കുവാൻ വേണ്ടി ഇരിക്കുമ്പോൾ ആണ് ഈ മഹാരോഗം എന്നെ കാർന്നു തിന്നാൻ തുടങ്ങിയത് ഞാനറിയുന്നത്, മരണത്തോടുള്ള ഭയം ആണോ എന്തോ ഈ ഒരു വിചാരം പെട്ടെന്ന് തന്നെ എന്നിൽ പടർന്ന് പന്തലിച്ചു, ഞാൻ എഴുത്തു തുടങ്ങി, പക്ഷെ ഇനിയുമേറെ എഴുതാൻ ഉണ്ട്, ദിവസങ്ങൾ ബാക്കിയുണ്ടോ എന്നറിയില്ല, പക്ഷെ എനിക്ക് ഇതെഴുതി തീർക്കണം, ശ്യാമിലി അതിനെനിക്ക് നിന്റെ സഹായം ആവശ്യമാണ്. എന്റെ കൈകൾ എന്നെ എഴുതാൻ സമ്മതിക്കുന്നില്ല.എനിക്ക് പകരം എന്റെ കൈകൾ ആയി നീ ഉണ്ടാവില്ലേ? ഇത് ചോദിക്കാൻ ആണ് ഞാൻ ഇപ്പോൾ നിന്റെ അടുത്തു വന്നിരിക്കുന്നത്”

വർഷങ്ങളുടെ കണക്കുകൾക്കിടയിൽ ഒരിക്കൽ പോലും ഒന്നും അവന്തിക തന്നോട് ചോദിച്ചിട്ടില്ല ഇന്നിപ്പോൾ അവളുടെ കൈകൾക്ക് പകരം ആവാൻ പറയുന്നു, താനേറെ ആരാധിച്ചിരുന്ന വാക്കുകൾക്ക് ജീവൻ പകരാൻ തന്നെയും ക്ഷണിക്കുന്നു, ഇതിൽപ്പരം ഇനിയെന്ത് വേണം!

” എയ്ഡ്സ് എന്ന മഹരോഗം എന്നെ മുഴുവൻ ആയും കാർന്നു തിന്നുനതിനു മുമ്പ് നമുക്കിത് എഴുതി തീർക്കണം ശ്യാമിലി,അതെന്റെ വാശിയാണ് , ജീവിതത്തിനോടുള്ള എന്റെ വാശി, അതിനു മുമ്പ് മരണത്തോട് ഞാൻ കീഴടങ്ങുകയില്ല അതെനിക്ക് ഉറപ്പാണ്”

തനിക്ക് അറിയുന്ന അവന്തികയെ വർഷങ്ങൾക്കു ശേഷം അനുഭവിക്കുക ആയിരുന്നു ശ്യാമിലി, രൂപം മാത്രമേ ആ നൊടിയിൽ അവന്തികയിൽ മാറ്റം ഉണ്ടായിരുന്നുള്ളൂ.

**************************************

ഇന്ന് അവന്തികയുടെ “ഭൂമിയുടെ രോഗം” എന്ന ബുക്കിന് സംസ്ഥാന സാഹിത്യ അവാർഡ് ഏറ്റു വാങ്ങുമ്പോൾ അതിലെ എഴുത്തുകാരിയുടെ പേര് അവന്തിക എന്നായിരുന്നില്ല ശ്യാമിലി എന്നായിരുന്നു. മരിക്കുന്നതിന് മുമ്പ് അവന്തിക എന്നിൽ അടിച്ചേല്പിച്ചിട്ടു പോയ അനാഥത്വം ! ആ ബുക്കിലൂടെ അവന്തികയെ അറിയാൻ , വായിക്കുന്നവരുടെ സഹതാപങ്ങൾക്ക് ഇരയാവാതിരിക്കാൻ മുൻകൂട്ടി നിശ്ചയിച്ച ഒരു കൈമാറ്റം ആയിരുന്നു അത്….! ആ ബുക്കിന് പറയാൻ ഉണ്ടായിരുന്നത് അവന്തികയുടെ കഥയാണ്, പക്ഷെ അതിൽ തെല്ലും അവന്തിക എന്ന മുഖമൂടി കാണാൻ പറ്റുമായിരുന്നില്ല, അവന്തിക മനസ്സ് കൊണ്ട് ആരായിരുന്നുവോ അത് ആ പുസ്തകം തുറന്നു കാണിച്ചു, പക്ഷെ അവിടെയും അവളുടെ നായികയുടെ പേരു അവന്തിക എന്നായിരുന്നില്ല, അത് ശ്യാമിലി എന്നായിരുന്നു! ഒരു തരത്തിലും ലോകം അവളെ അറിയരുത് എന്നവൾ ആഗ്രഹിച്ചിരുന്നു!

അല്ലെങ്കിൽ തന്നെ മരണത്തിന് ശേഷം ആർക്ക് വേണം സഹതാപങ്ങൾ! ജീവിചിരിക്കുമ്പോൾ അനുഭവിച്ച അവജ്ഞയ്ക്ക് പരിഹാരം ആവാൻ കഴിയുമായിരുന്നില്ല ആ സഹതാപങ്ങൾക്ക്! അതവൾക്ക് ആവശ്യമായിരുന്നില്ല!

സമൂഹം ഇന്നും അവന്തികയെ അറിയുന്നത് ഒരു വേശ്യ ആയിട്ടാണ്, എയ്ഡ്സ് വന്നു ചത്തു പോയ കാമഭ്രാന്തി!! അവന്തിക അതല്ല എന്ന് സ്ഥാപിക്കാൻ എനിക്കു കഴിയുമായിരിക്കും, പക്ഷെ ലോകം അവളിലെ നന്മകളെ അർഹിക്കുന്നില്ല! അവൾ എന്നിലൂടെ ജീവിക്കട്ടെ, ഭൂമിയുടെ രോഗത്തിന് ചികിത്സ കിട്ടുന്നത് വരെ ലോകം അവളെ അറിയില്ല! അത് അവന്തികയ്ക്ക് ഞാൻ കൊടുക്കുന്ന വാക്കാണ്!

അവന്തിക നീ എന്തെല്ലാമോ ആണ്, ഒരു നല്ല കൂട്ടുകാരി, സഹോദരി, മകൾ, ‘അമ്മ, ഒരു നല്ല മനുഷ്യൻ, പരോപകാരി, എഴുത്തുകാരി, സ്ത്രീ, ഇവയെല്ലാം ചേർന്നതാണ് നീ!!! ഒരു പക്ഷെ ഇതൊന്നും അല്ലായിരിക്കാം! പക്ഷെ നീയൊരിക്കലും ഒരു വേശ്യ ആയിരുന്നില്ല!!!!!!!!!!

Written By – Vaisakh Sudevan