Social MediaUncategorized

വ്യവസായ പ്രമുഖന്‍ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍.. ചെടി നനച്ചും നിലം തുടച്ചും സാധാരണ തടവുകാരനെപ്പോലെ; ചിത്രങ്ങള്‍ വൈറല്‍..

അങ്ങനെ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസത്തേക്ക് ജയിലില്‍ കിടന്നു. തെലങ്കാനയിലെ ജയിലില്‍ ടൂറിസം പരിപാടിയുടെ ഭാഗമായി ‘ഫീല്‍ ദ ജയില്‍’ എന്ന പദ്ധതി പ്രകാരമാണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ‘ജയില്‍ ശിക്ഷ’ അനുഭവിച്ചത്.

സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ താമസം.
മറ്റു തടവുകാരെ പോലെ തന്നെയാണ് ടൂറിസ്റ്റുകളുടെ ജയില്‍ വാസവും. തടവുപുള്ളിയുടെ വസ്ത്രം ധരിച്ച് തന്നെ വേണം അകത്ത് കടക്കാന്‍. ജയില്‍ വാസത്തില്‍ 24 മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. തടവുകാർക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് ഇവർക്കും കൊടുക്കുക. ഒപ്പം ചെറിയ രീതിയിലുള്ള ജോലികളും ചെയ്യണം. ജയില്‍ വസ്ത്രങ്ങള്‍ ധരിച്ച് ബോബി ചെമ്മണ്ണൂര്‍ ചെടി നനയ്ക്കുകയും നിലം തുടയ്ക്കുകയും ചെയ്തു.

ജയില്‍ ജീവിതം അറിയാനുള്ള തന്‍റെ  ആഗ്രഹം സഫലമായതിൽ സന്തോഷമുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. 15 വര്‍ഷങ്ങൾക്ക് മുൻപ് കേരളത്തിലെ ജയിലില്‍ കഴിയാന്‍ താന്‍  ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തിലെ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണ് അധികാരികൾ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. അതോടെ അന്ന് ആ ശ്രമം ഉപേക്ഷിച്ചു.

തെലങ്കാനയിലെ ‘ഫീല്‍ ദ ജയില്‍’ മാതൃക രാജ്യം  മുഴുവന്‍ വ്യാപിപ്പിക്കണം എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം. തെലങ്കാനയിലെ ജയിലില്‍ 24 മണിക്കൂര്‍ താമസിക്കാന്‍ 500 രൂപയാണ് ഫീസ്.