Lifestyle

വീട് പണി വിദഗ്ദ്ധന്മാരുടെ അഭിപ്രായങ്ങള്‍

കറണ്ട് ബിൽ നിയന്ത്രിക്കാം
കറണ്ട് ബിൽ കാണുമ്പോൾ തല കറങ്ങുന്ന ഒരവസ്ഥ ഒഴിവാക്കാൻ ഒരൽപം ശ്രദ്ധിച്ചാൽ നമുക്കും സാധിക്കും. ഇതാ ചില ടിപ്സ്.

വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സ്റ്റാർ റെറ്റിംഗ് ഉള്ളതാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം വാങ്ങുക. ഒന്ന് മുതൽ ആറ് വരെ സ്റ്റാർസ് ആണ് ഒരു ഉപകരണത്തിന് ലഭിക്കുക. ഓരോ സ്റ്റാറും കൂടുന്നതിന് അനുസരിച്ച് 10% മുതൽ 30% വരെ വൈദ്യുതി ലഭിക്കാൻ കഴിയും.

വയറിങ്ങിനായി ISI മുദ്രയുള്ള വയറുകൾ തിരഞ്ഞെടുക്കുക. വയറിംഗ് കാലപ്പഴക്കം ചെന്നത് ആണെങ്കിൽ വൈദ്യുതി ചോർച്ച ഉണ്ടാവാൻ സാധ്യത ഉണ്ട്. മെയിൻ സ്വിച്ച് ഓഫ്‌ ചെയ്തിട്ടും മീറ്റർ കറങ്ങുന്നുണ്ട് എന്നുണ്ടെങ്കിൽ വൈദ്യുതി ചോർച്ച ഉണ്ട് എന്ന് മനസ്സിലാക്കാം.

അത് പോലെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ ഉപയോഗിച്ചാൽ വൈദ്യുതി ചോർച്ച തടയാൻ കഴിയും.

LED ലാമ്പുകൾ, CFL ലാമ്പുകൾ, സോളാർ വിളക്കുകൾ ഇവ ഉപയോഗിക്കുക. ഫാനിന്റെ റെഗുലേറ്റർ സ്റ്റെപ്പ് റെഗുലേറ്റർ ആണോ എന്ന് നോക്കി വാങ്ങുക.ഫ്ളാനൽ പാനൽ LCD മോണിറ്ററുകൾ ഉള്ള ടിവി, കംപ്യുട്ടർ ഇവ നോക്കി വാങ്ങുക. അത് പോലെ ലൈറ്റുകളും ഫാനുകളും പൊടി പിടിച്ചു കിടക്കാതെ സൂക്ഷിക്കുക.

ഓവർ ലോഡിൽ മിക്സി, ഗ്രൈൻഡർ, വാഷിംഗ്‌ മെഷീൻ ഇവ പ്രവർത്തിപ്പിക്കരുത്. സന്ധ്യാ സമയത്തും വോൾട്ടേജ് കുറവുള്ളപ്പോഴും ഇവ ഉപയോഗിക്കാതിരിക്കുക. വാഷിംഗ് മെഷീൻ വാങ്ങുമ്പോൾ ഫ്രണ്ട് ലോഡ് മെഷീനുകൾ വാങ്ങുക. അത് പോലെ വാഷിംഗ്‌ മെഷീനിൽ സോപ്പുപൊടി ആവശ്യത്തിനു മാത്രം ഇടുക.

ഫ്രിഡ്ജ്‌ പല വട്ടം തുറക്കാതിരിക്കുക. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്ജ്‌ വൃത്തിയാക്കുക. ഫ്രിഡ്ജിന്റെ ഡോർ എയർ റ്റൈറ്റ്‌ ആണെന്ന് ഉറപ്പ് വരുത്തുക.

കാർ പോർച്ച് എവിടെ വേണം ?
കാർ പോർച്ച്‌ വീടിനോട് ചേർന്നും അല്ലാതെയും നിർമ്മിക്കാം. കിഴക്ക് ദർശനമായ വീടിനോട് ചേർന്നാണ് കാർ പോർച്ച്‌ പണിയുന്നതെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത്‌ പണിയണം. പ്രത്യേകമായിട്ടാണ് പണിയുന്നത് എങ്കിൽ തെക്ക്-കിഴക്ക് ഭാഗത്ത്‌ പണിതാൽ വളരെ നല്ലതാണ് എന്ന് വസ്തു ശാസ്ത്രം അനുശാസിക്കുന്നു. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ ഇടത് വശത്താണ് വാഹനത്തിന്റെ സ്ഥാനം വരേണ്ടത്.

ഡൈനിങ്ങ്‌ ഹാൾ എവിടെ വേണം
വാസ്തു പ്രകാരം ഊണ് മുറിയുടെ സ്ഥാനം അടുക്കളയുടെ അടുത്തായിരിക്കണം.

നല്ല പോലെ കാറ്റും വെളിച്ചവും ഉള്ള ഇടമാവണം ഊണ് മുറി. കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകൾക്ക്‌ അഭിമുഖമായി ഇരുന്ന് ആഹാരം കഴിക്കതക്കവിധം മേശയും കസേരകളും ക്രമീകരിക്കണം.

മേശ ചതുരാകൃതിയിൽ ആകുന്നതാണ് നല്ലത്.
വാസ്തു ശാസ്ത്ര പ്രകാരം തെക്ക് ഭാഗത്തിന് അഭിമുഖമായി ഇരുന്ന് ആഹാരം കഴിക്കാൻ പാടില്ല.
വാഷ് ബേസിൻ കിഴക്കോ വടക്കോ വരാം.

മാസ്റ്റർ ബെഡ് റൂം ഒരുക്കുമ്പോൾ
വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിലെ ഗൃഹനാഥന്റെ മുറി അഥവാ മാസ്റ്റർ ബെഡ് റൂം വീടിന്റെ വലത് വശത്തും പിൻഭാഗത്തും ആകുന്നതാണ് ഉത്തമം. എന്നാൽ വീടിന്റെ വടക്ക്-കിഴക്ക് ഭാഗത്തും മധ്യഭാഗത്തും കിടപ്പ് മുറി വരാൻ പാടില്ല.

ബെഡ് റൂമിനോട് ചേർന്നുള്ള ബാത്ത് റൂം വടക്കോ പടിഞ്ഞാറോ ആയിരിക്കുന്നത് നല്ലതാണ്. ചൈനീസ് വാസ്തു വിദ്യയായ ഫെങ്ങ് ഷൂയി പ്രകാരം ബെഡ് റൂമിനോട് ചേർന്ന് ബാത്ത് റൂം വരുന്നത് നല്ലതല്ല.

ബെഡ് റൂമിൽ കടും നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഫെങ്ങ് ഷൂയി പ്രകാരം ഇളം നീല നിറമാണ് കിടപ്പ് മുറിക്ക് അനുയോജ്യം.

കിണറിന്റെ സ്ഥാനം നിർണയിക്കുമ്പോൾ
വീടിന് സ്ഥാനം നിർണയിച്ച് കഴിഞ്ഞാൽ അടുത്ത പടി കിണറിന്റെ സ്ഥാനം നിർണയിക്കലാണ്. വാസ്തു പ്രകാരം കിണറിനു ഏറ്റവും ഉത്തമമായ സ്ഥാനം തന്നെ വേണം.

രാശി ചക്രം അനുസരിച്ച് മീനം രാശിയിലാണ് കിണറിന് ഉത്തമമായ സ്ഥലം.

വാസ്തു പ്രകാരം കിണർ വടക്ക്-കിഴക്ക് ദിക്കിൽ മാത്രമേ വരാൻ പാടുള്ളൂ. അഗ്നി കോണ്‍ അഥവാ തെക്ക്-കിഴക്കേ മൂലയിൽ ഒരു കാരണവശാലും കിണർ വരാൻ പാടില്ല.

തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് എന്നീ ഭാഗങ്ങളിലും കിണർ വരാൻ പാടില്ല.

മുറികൾക്ക് വലുപ്പം തോന്നാൻ ചില പൊടികൈകൾ
വീട് പണിയുമ്പോൾ നല്ല വലുപ്പവും വെളിച്ചവും ഉള്ള മുറികൾ വേണമെന്ന് ആശിക്കാത്തവർ ഉണ്ടോ? എന്നാൽ പണി പൂർത്തിയായി ഫർണിച്ചർ ഒക്കെ ഇട്ട് കഴിയുമ്പോൾ ആവശ്യത്തിനു സ്ഥലം ഇല്ല എന്ന് പലരും നിരാശയോടെ പറയുന്നത് കേട്ടിട്ടുണ്ട്. മുറിക്ക് വലുപ്പം തോന്നിക്കാൻ ചില ടെക്നിക്കുകൾ ഉണ്ട്.

ഫ്ലോറിംഗ് ഇത്തിരി ഇരുണ്ട നിറമാണെങ്കിൽ ഭിത്തികൾക്ക് ഇളം നിറത്തിലുള്ള ഷെയ്ഡുകൾ കൊടുത്തു നോക്കൂ… മുറിയുടെ വലുപ്പം കൂടിയത് പോലെ നിങ്ങൾക്ക് തോന്നും. ഒപ്പം ചുവരിൽ ദീർഘ ചതുരത്തിലുള്ള Paintings തൂക്കിയിട്ടോളൂ. അപ്പോൾ മുറിക്കു നീളം കൂടിയത് പോലെ തോന്നും.

അത് പോലെ ചെറുതും വലുതുമായ കണ്ണാടികൾ കൊണ്ട് ഭിത്തി അലങ്കരിച്ചാൽ നല്ല വെളിച്ചവും കിട്ടും മുറികൾക്ക് വലുപ്പവും തോന്നും.

അലങ്കാരത്തിന്‌ വേണ്ടി കുറെ ഫർണിച്ചറുകൾ വാങ്ങി കൂട്ടി മുറി കുത്തി നിറക്കാതെ വലിയ ഒന്നോ രണ്ടോ ഫർണിച്ചറുകൾ, ആവശ്യത്തിന് പ്രാധാന്യം നൽകി വാങ്ങാൻ ശ്രദ്ധിക്കുക.

കാർപെറ്റും, കർട്ടനുകളും ബെഡ് ഷീറ്റുമൊക്കെ തിരഞ്ഞെടുക്കുമ്പോൾ നീളൻ വരകളുള്ളത് നോക്കി വാങ്ങുക.

അടുക്കളയിൽ ആവശ്യത്തിനുള്ള കാബിനെറ്റുകൾ മാത്രം പണിയുക. അത് പോലെ ബ്രേക്ക്‌ ഫാസ്റ്റ് ടേബിൾ ഒരിക്കലും അടുക്കളയുടെ നടുക്ക് ഇടാതിരിക്കുക. ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുറി ഇടുങ്ങിയതായിപോയി എന്നുള്ള പരാതി പരിഹരിക്കാം.

റബ്ബറിന് പ്രിയമേറുന്നു
മോഡുലാർ കിച്ചണ്‍ ക്യാബിനെറ്റുകൾ നിർമ്മിക്കാനും, കട്ടിലും, മേശയും, കസേരകളും നിർമ്മിക്കാനുമൊക്കെ ഇപ്പോൾ റബ്ബർ തടി വളരെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ഒൻപതു മാസം കെമിക്കൽ ട്രീറ്റ്‌ ചെയ്യ്തെടുത്ത തടിയാണ് ഫർണിച്ചർ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.

സോഫ്റ്റ്‌ വുഡ് ആയതിനാൽ റബ്ബർ ഉപയോഗിക്കാൻ എളുപ്പമാണ്. അത് പോലെ തന്നെ മറ്റു തടികളെ അപേക്ഷിച്ച് റബ്ബർ തടിക്ക് ആയുസ്സ് കൂടും എന്നതും ഉപഭോക്താക്കളെ ആകർഷിക്കുന്നു. റബ് വുഡ് ജലാംശം ഇല്ലാതാക്കുന്നു, ചിതൽ ശല്യം ഉണ്ടാകില്ല, ഏത് ഫിനിഷിലേക്കും മാറ്റിയെടുക്കാം. ഈ പ്രത്യേകതകൾ തന്നെയാണ് റബ്ബറിനെ ജനപ്രിയമാക്കുന്നത്.

പൂജാമുറി എവിടെ വേണം?
പൂജാമുറി വളരെ പ്രാധാന്യമുള്ള ഒരിടമാണ്. വാസ്തു പ്രകാരം വടക്ക്-കിഴക്കായാണ് പൂജാമുറി വരേണ്ടത്. കിഴക്കും വടക്കും പൂജാമുറിക്ക് പറ്റിയ സ്ഥാനങ്ങൾ തന്നെ. എന്നാൽ പൂജാമുറി ഒരു കാരണവശാലും തെക്ക്-കിഴക്ക് ദിക്കിൽ വരാൻ പാടില്ല.

അടുക്കളയുടെ തൊട്ടടുത്തായോ, ബെഡ് റൂമിലോ, ബാത്ത് റൂമിന്നടുത്തായോ പൂജാമുറി പണിയരുത്.

സ്ഥലം ലാഭിക്കുന്നതിനായി കോണിപ്പടിക്ക് കീഴെ പൂജാമുറി പണിയുന്നവർ ഉണ്ട്. ഇത് തെറ്റായ ഒരു പ്രവണതയാണ്. ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.

പൂജാമുറിയുടെ മേൽക്കൂര പിരമിഡ് ആകൃതിയിൽ ആയിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ മുറിയിൽ പോസിറ്റീവ് എനർജി ഉണ്ടാവും എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. പൂജാമുറിയുടെ വാതിലുകൾ കിഴക്കോട്ടോ വടക്കോട്ടോ തുറക്കുന്നത് ആവണം. നല്ല മരം കൊണ്ട് പണിത രണ്ടു പാളിയുള്ള വാതിലുകൾ ആവുന്നതാണ് നല്ലത്.

പൂജാമുറിയുടെ ചുവരിൽ കടും നിറങ്ങൾ ഒഴിവാക്കി വെള്ള, നീല തുടങ്ങിയ നിറങ്ങൾ ഉപയോഗിക്കുക. വിഗ്രഹങ്ങൾ, പ്രതിമകൾ ഇവ ഒഴിവാക്കുക. പൂജാമുറി വൃത്തിയായി സൂക്ഷിക്കുക.

വിഗ്രഹങ്ങൾ വെക്കുകയാണെങ്കിൽ അവയുടെ ഉയരം ഒരിക്കലും 18 inch ൽ കൂടരുത്. വിഗ്രഹങ്ങൾ ഒരിക്കലും തറയിൽ വെക്കരുത്. പ്രാർഥിക്കുന്ന ആളിന്റെ ചെസ്റ്റ് ലെവലിൽ വിഗ്രഹങ്ങളുടെ കാല്പാദം വരുന്ന വിധത്തിലാണ് വിഗ്രഹങ്ങൾ വെക്കേണ്ടത്. പൊട്ടിയ വിഗ്രഹങ്ങൾ പൂജാമുറിയിൽ വെക്കാൻ പാടില്ല. അത് പോലെ മരിച്ചു പോയവരുടെ ഫോട്ടോകൾ പൂജാമുറിയിൽ വെക്കരുത്.

ചുവരിൽ നിന്ന് ഒരിഞ്ചു മാറി വേണം വിഗ്രഹങ്ങൾ വെക്കാൻ. ഒരു വിഗ്രഹത്തിന് അഭിമുഖമായി മറ്റു വിഗ്രഹങ്ങൾ വെക്കരുത്. ഗണേശ വിഗ്രഹം വെക്കേണ്ടത് വടക്ക് ദിക്കിൽ തെക്ക് മുഖം വരുന്ന വിധം വേണം സ്ഥാപിക്കാൻ. മഹാ വിഷ്ണുവിന്റെ വിഗ്രഹം കിഴക്ക് വശത്ത്, പടിഞ്ഞാറ് മുഖം വരുന്ന രീതിയിൽ വെക്കണം.

പഠന മുറി എങ്ങിനെ വേണം
വാസ്തു പ്രകാരം പഠന മുറി വരേണ്ടത് പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് ആയിട്ടാണ്. പഠിക്കുമ്പോൾ കിഴക്കോ, വടക്കോ, വടക്ക്-കിഴക്കോ അഭിമുഖമായി ഇരുന്നു വേണം പഠിക്കാൻ.

ഗ്രാനൈറ്റ് വാങ്ങാൻ ജിഗ്നി
മലയാളിക്ക് ഗ്രാനൈറ്റിനോടുള്ള ഇഷ്ട്ടം അന്നും ഇന്നും ഒരുപോലെ തന്നെ. വിലക്കുറവിൽ നല്ല ഗ്രാനൈറ്റ് വാങ്ങാൻ നേരെ ജിഗ്നി ബസാറിലേക്ക് വിട്ടാൽ മതി. ബാംഗ്ലൂർ സിറ്റിയിൽ നിന്നും ഏതാണ്ട് 30 KM പിന്നിട്ടാൽ ജിഗ്നിയിൽ എത്താം.

ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന ഇരുന്നൂറിലധികം ഷോപ്പുകൾ ആണ് ഇവിടെ ഉള്ളത്. പല നിറത്തിലും തരത്തിലും ഉള്ള ഗ്രാനൈറ്റ് ഇവിടെ കിട്ടും. നന്നായി വില പേശാൻ അറിയാമെങ്കിൽ നല്ല വിലക്കുറവിൽ ഗ്രാനൈറ്റ് വാങ്ങാം.

എന്നാൽ നല്ല പോലെ നോക്കി വേണം ഗ്രാനൈറ്റ് സെലക്ട്‌ ചെയ്യാൻ. എല്ലാ വശങ്ങളും നോക്കി പൊട്ടലുകൾ ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് വേണം സെലക്ട്‌ ചെയ്യാൻ.

വീടും വൈദ്യുതിയും
വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ വൈദ്യുതി ഉപയോഗിച്ച് വീട്ടിൽ ആവശ്യമായി വന്നേക്കാവുന്ന സൗകര്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം. വീട്ടിൽ ഉപയോഗികേണ്ട ഉപകരങ്ങളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ ആർക്കിടെക്ക്റ്റുമായി ചർച്ച ചെയ്ത് അത് ഇലക്ട്രിക്‌ ലെ ഔട്ടിൽ ഉൾപ്പെടുത്തുക. ഇന്റീരിയർ പ്ലാനിലെ ഫർണിച്ചർ ലെ ഔട്ടുകൾ രേഖപ്പെടുത്തുമ്പോൾ നീളവും വീതിയും ഉയരവും അടയാളപ്പെടുത്തണം.

വയറിംഗ് പൈപ്പുകൾ കഴിവതും സീലിങ്ങിലൂടെ സ്ഥാപിച്ചാൽ വയറിന്റെ നീളം കുറക്കുവാനും വൈദ്യുതി ചെലവ് കുറയ്ക്കാനും വൈദ്യുതി ലഭിക്കാനും കഴിയും.

ഫാൻ ഹുക്കുകളുടെ സ്ഥാനം സൗകര്യത്തിനായി മുൻ കൂട്ടി തീരുമാനിച്ചു കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് സ്ഥാപിക്കണം. ബെഡ് റൂമിൽ കട്ടിലിന് മുകളിലായി വേണം ഫാൻ സ്ഥാപിക്കാൻ. പലപ്പോഴും ഇത് ശ്രദ്ധിക്കാതെ മുറിയുടെ നടുവിലായാണ് ഫാൻ ഹുക്കുകൾ സ്ഥാപിക്കുക. അത് പോലെ തന്നെ ഊണ് മുറിയുടെ നടുക്ക് ഫാൻ കൊടുത്ത് വശങ്ങളിൽ ലൈറ്റുകൾ കൊടുത്താൽ പ്രാണി ശല്യം ഒഴിവാക്കാം.

LED ലാമ്പുകൾ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് കുറയ്ക്കും. സാധാരണ ബൾബ്കൾക്ക് 40/60 വാട്ട്സ് വൈദ്യുതി ചിലവാകുമ്പോൾ LED ലാമ്പ്കൾക്ക് 3W വൈദ്യുതി മാത്രമേ ചിലവാകുന്നുള്ളൂ.

അത് പോലെ AC തിരഞ്ഞെടുക്കുന്നത് റൂമിന്റെ വിസ്താരം അനുസരിച്ചാവണം. ഇൻവെർട്ടർ തിരഞ്ഞെടുക്കുമ്പോൾ നല്ല ട്യുബുലാർ ബാറ്ററിയും സൈൻ വേവ് ഔട്ട്പുട്ടും നൽകുന്ന ഇൻവെർട്ടർ നോക്കി വാങ്ങുക. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലങ്ങളിൽ സോളാർ വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കാം. എക്സ്ഹോസ്റ്റ് ഫാൻ വാങ്ങുമ്പോൾ ലൈറ്റ് ഡ്യൂട്ടി ഫാനുകൾ തിരഞ്ഞെടുക്കുക.

ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കാം. നിർമാണ പ്രവർത്തനങ്ങളിൽ എന്ന പോലെ വീടിന്റെ വൈദ്യുതീകരണത്തിലും നല്ല പ്ലാനിംഗ് ഉണ്ടായിരിക്കണം.

ടൈലുകൾ കൊണ്ട് വാൾ ആർട്ട്‌
വീട് പണിക്കു ശേഷം മിച്ചം വന്ന ടൈലുകൾ ഒരൽപം ഭാവനയുണ്ടെങ്കിൽ വീടിൻറെ ഭംഗി കൂട്ടാനായി ഉപയോഗിക്കാം. വാൾ ആർട്ട് എന്നു കേട്ടിടുണ്ടോ? അങ്ങനെ വലിയ സംഭവമൊന്നും ഇല്ല. കുറച്ച് ക്ഷമയും ഇത്തിരി കലാബോധവും ഉണ്ടെങ്കിൽ നമുക്കും ചെയ്ത് നോക്കാം. ടൈൽ ഒട്ടിക്കുന്ന പശയും ഒന്ന് രണ്ട് ഫ്രൈമുകളും സംഘടിപ്പിച്ചോളൂ.

ഒരു തടിയുടെയോ മറ്റോ ഫ്രെയിം എടുത്ത് അതിനുള്ളിൽ ഇടവിട്ട്‌ ടൈൽ നിരത്തി ചുവരിൽ തൂക്കാം. ചിത്ര കലയിൽ താല്പര്യം ഉണ്ടെങ്കിൽ പ്ലയിൻ റ്റൈലിൽ അക്രിലിക് പെയിന്റ് കൊണ്ട് ഡിസൈൻ ചെയ്യ്ത് ഭംഗിയാക്കാം. പൊട്ടിപ്പോയ ടൈൽ ഉണ്ടെങ്കിൽ അതിനെയും വെറുതെ വിടണ്ട. പല നിറത്തില ഉള്ള ടൈലുകൾ ഫ്രെയിമിൽ ഒട്ടിച്ചു ചേർക്കാം.

Leave a Response