Entertainment

നിലയ്ക്കാതെയുള്ള ഫോൺ ബെൽ കേട്ടാണ് കണ്ണുതുറന്നത്. ഫോൺ ഡിസ്പ്ലേയിൽ ചിരിക്കുന്ന ചങ്ക് കൂട്ടുകാരിയുടെ മുഖം തെളിഞ്ഞു വന്നു.. ഇവൾക്ക് ഉറക്കവും ഇല്ലേ.. അവളെ പ്രാകികൊണ്ട് ഫോൺ എടുത്തു…

#ചങ്ക്_കൂട്ടുകാരി…..

 

നിലയ്ക്കാതെയുള്ള ഫോൺ ബെൽ കേട്ടാണ് കണ്ണുതുറന്നത്. ഫോൺ ഡിസ്പ്ലേയിൽ ചിരിക്കുന്ന ചങ്ക് കൂട്ടുകാരിയുടെ മുഖം തെളിഞ്ഞു വന്നു.. ഇവൾക്ക് ഉറക്കവും ഇല്ലേ.. അവളെ പ്രാകികൊണ്ട് ഫോൺ എടുത്തു…
” ഹലോ….. ‘
” ടാ നീയിതുവരെ എഴുന്നേറ്റില്ലേ… ”
” പിന്നേ…. ഈ വെളുപ്പിനെ എഴുന്നേൽക്കാൻ ഇന്നെന്റെ അമ്മായിയുമ്മയുടെ കല്യാണം ആണോ നിയൊന്നു പോയെ വെറുതെ മനുഷ്യന്റെ ഉറക്കം കളയാതെ… ”
” ടാ നിയൊന്നു വേഗം ബസ് സ്റ്റാൻഡ് വരെ ഒന്നുവന്നേ ഒരത്യാവശ്യം ഉണ്ട്… ”
” ഈ വെളുപ്പിന് എന്തത്യാവശ്യം… ”

” നീ വാ പറയാം…. പ്ലീസ് ഒന്ന് വേഗം വാ… ”
അവളെ പ്രാകികൊണ്ട് എഴുനേറ്റു പോകാനായി ഇറങ്ങിയപ്പോൾ അമ്മ എഴുന്നേറ്റിരുന്നു…
” നീയിത് എങ്ങോട്ടാ രാവിലെ തന്നെ …. ”
“ഒരു ഫ്രണ്ട് ബസ്റ്റാന്റിൽ കാത്തുനിൽക്കുന്നു അവനെ വിളിക്കാൻ… ”
” ജോലിയ്‌ക്കൊന്നും പോകാണ്ട് രാവിലെ തന്നെ കൂട്ടുകാരുമൊത്ത് തെണ്ടാൻ ഇറങ്ങിക്കോ… ”
ഞാനൊന്നും മിണ്ടാതെ ഇറങ്ങി അല്ലേലും ഈ അമ്മ എപ്പോഴും ഉപദേശമാണ്…
” ഒന്ന് പല്ലെങ്കിലും തേച്ചിട്ട് പോടാ… ”
” അതൊക്കെ വന്നിട്ട് തേയ്ക്കാം… ”

അല്ലേൽ തന്നെ എന്നാ ഈ പല്ലുതെപ്പൊക്കെ ഉണ്ടായത്…
ബസ്റ്റാന്റിൽ ചെന്നപ്പോൾ എന്റെ ഉറക്കവും കളഞ്ഞിട്ട് തൂണും ചാരി നിൽക്കുന്നു ചങ്ക് കൂട്ടുകാരി.. അവളുടെ തോളിലും ഒരു ബാഗും തറയിൽ വേറൊന്നും ഇരിക്കുന്നു…
” ആഹാ… ഈ ബാഗും കൊണ്ട് നീ എങ്ങോട്ടാ… ടൂർ വല്ലതും പോകുന്നുണ്ടോ… ”
” ഇല്ല… ”
” പിന്നെങ്ങോട്ട രാവിലെ ഈ ബാഗും കൊണ്ട്… ”
” ഞാൻ ഒളിച്ചോടി പോകാൻ ഇറങ്ങിയതാ… ”
” ഒളിച്ചോടി പോകാനോ… നിയോ…വേറെ ആരെയും കാണാൻ ഇല്ലല്ലോ ഒറ്റയ്‌ക്കെയുള്ളോ… ”
” അവൻ പറ്റിച്ചെട എന്നെ അവൻ വന്നില്ല… ”
“ആര്… ‘
” ആ വിനോദ് ഇല്ലേ അവൻ… ”
” ഏത് നമ്മുടെ കോഴി വിനോദോ.. ???”
അതെ എന്നർത്ഥത്തിൽ അവൾ തലയാട്ടി…
” നിന്നോട് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ അവനൊരു ഫ്രാഡ് ആണെന്ന്.. ”
“അതെനിക്ക് ഇന്നാണെടാ മനസ്സിലായത്… ”

” അതു നന്നായി… എന്നാ നിന്ന് സമയം കളയാതെ വേഗം വീട്ടിൽ പോകാൻ നോക്ക്.. ”
” അതും പറ്റത്തില്ലടാ … ഞാൻ വീട്ടിൽ കത്ത് എഴുതി വെച്ചിട്ടാ വന്നത്.. ”
” നേരം വെളുത്തു വരുന്നതല്ലേയുള്ളൂ അവർ കണ്ടുകാണില്ല ഞാൻ കൊണ്ടുവിടാം.. ”
” അതല്ലടാ പ്രശ്നം വീട്ടിൽ നിന്നിറങ്ങിവരുന്ന സന്തോഷത്തിൽ വീട്ടിന്റെ മുന്നിൽ നിന്നൊരു സെൽഫി എടുത്ത് ഗുഡ് ബൈ മമ്മി & ഡാഡി എന്നും എഴുതി ഒരു സ്റ്റാറ്റസ് ഇട്ടു.. ഏതോ ആന്റി കണ്ട് അമ്മയെ വിളിച്ചു പറഞ്ഞു… അമ്മയെന്നെ വിളിച്ചിട്ട് പോയ വഴിതന്നെ പൊയ്ക്കോ ഇനി ഇങ്ങോട്ടു വന്നേക്കല്ലേ എന്ന് പറഞ്ഞു.. ”

അവളത് ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവച്ചിരുന്നു പോയി ഞാൻ…
” ടാ ഒരാഴ്ച നിന്റെ വീട്ടിൽ എനിക്ക് നിൽക്കാൻ പറ്റുമോ… ”
” ഞാൻ തന്നെ എന്റെ വീട്ടിൽ അതികപറ്റാന് അപ്പോഴാ ഇനി നീ കൂടി അതൊന്നും ശെരിയാവില്ല… ‘
“ടാ പ്ലീസ്…. ഒരാഴചയെ ഉള്ളൂ ഒന്ന് അഡ്ജസ്റ്റ് ചെയ്യടാ… ”
” എന്തായാലും വാ പോയി നോക്കാം എന്നെയും കൂടി പുറത്താക്കുമോ ആവോ.. ‘
വീടിനടുത്തെത്തിയപ്പോൾ അവളെയും പുറകിലിരുത്തി ബൈക്കിൽ പോകുന്ന എന്നെ അയൽവക്കത്തുള്ള ചേച്ചിമാർ എത്തിവലിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ഇനിയെന്തൊക്കെ കഥകൾ നാട്ടിൽ പരക്കുമോ ആവോ… ദൂരെ നിന്നുവരുന്ന എന്നെ മുറ്റമടിച്ചുകൊണ്ടു നിന്ന പെങ്ങൾ ആണ് ആദ്യം കണ്ടത്. ചൂലവിടെ ഇട്ടുകൊണ്ട് “അമ്മേ… ” എന്ന് വിളിച്ചുകൊണ്ടവൾ അകത്തേക്ക് ഓടി..
വീട്ടിൽ എത്തിയപ്പോൾ അകത്തു നിന്ന് കയ്യിലൊരു തവിയും ആയി അമ്മ ഉമ്മറത്തേക് വന്നു..
” ഈ പെണ്ണിനെ കൊണ്ടു വരാൻ ആണോടാ രാവിലെ കൂട്ടുകാരനെ വിളിക്കാനെന്നും പറഞ്ഞ് പല്ലുപോലും തേയ്ക്കാതെ ഇറങ്ങിപ്പോയത്.. ”

സീരിയലിലെ അമ്മായിയമ്മമാരെപ്പോലെ അമ്മയും ഉറഞ്ഞുതുള്ളി… എങ്ങനെയെങ്കിലും ഒരുവിധം അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി…
” അല്ലേലും നിന്റെ ഈ മുഖം കണ്ടാൽ ഏത് പെണ്ണാ കൂടെ വരുന്നത്… ”
” അമ്മ രാവിലെ തന്നെ എക്സ്പെയർ ആയ തമാശ പറയാതെ പോയി എന്തേലും എടുത്തു വയ്ക്ക് വിശക്കുന്നു… ”
” നീ ആദ്യം പോയി പല്ല് തേയ്ച്ചിട്ട് വാ… ”
” ഈ പല്ലുതേപ്പിൽ അമ്മയ്ക്ക് ആരേലും കൈവശം തന്നിട്ടുണ്ടോ… ”
” ആ ഉണ്ടെടാ… ”
എന്നുപറഞ്ഞ് കയ്യിലിരുന്ന തവികൊണ്ടടിക്കാനായി ഓങ്ങിയപ്പോൾ അവിടെനിന്ന് ഞാൻ മുങ്ങി…
എന്റെ ചങ്ക് ആയപോലെ തന്നെ അവൾ പെട്ടന്ന് തന്നെ എല്ലാരോടും അടുത്തു എല്ലാപേരോടും നല്ല കൂട്ടായി…

പതിവുപോലെ കൂട്ടുകാരുമൊത്ത് കറങ്ങി താമസിച്ചാണ് വീട്ടിൽ വന്നത്. അമ്മ ആഹാരമെടുത്തു വെച്ചു കിടക്കാറണ് പതിവ്.. ഇന്നെന്നേയും കാത്ത് അവൾ അവിടെ ഇരുന്നു..
” നീ ഉറങ്ങിയില്ലാരുന്നോ…. ”
” ഇല്ല നിനക്ക് നേരത്തും കാലത്തും വീട്ടിൽ വന്നൂടെ… ”
” ഇന്ന് നേരത്തെയാ അല്ലേൽ ഞാൻ വരുമ്പോൾ രണ്ടുമണിയൊക്കെ ആകും… ”
” നീയിരിക്ക് ഞാൻ ചോറെടുക്കാം.. ”
അവൾ പോയി ചോറുമായി വന്നെനിക് വിളമ്പി തന്നു..
“നാളെ മുതൽ എട്ടുമണി ആകുമ്പോൾ വീട്ടിൽ കയറണം… കേട്ടാലോ ഇങ്ങനെ കറങ്ങി നടക്കാതെ അച്ഛനെ സഹായിക്കാൻ കടയിൽ നിന്നുടെ നിനക്ക്.. അല്ലേൽ വേറെ എന്തേലും ജോലിക്ക് ശ്രമിച്ചുകൂടേ… ”
” ഞാൻ ശ്രമിക്കുന്നുണ്ട്….. നീയും അമ്മയെപ്പോലെ ഉപദേശം തുടങ്ങിയോ. ”
” മോൻ വേഗം തിന്നിട്ടു പോയി കിടന്നുറങ്ങു നാളെ രാവിലെ അച്ഛന്റെയൊപ്പം കടയിൽ പോകാനുള്ളതാ… ”

ഞാൻ എന്തേലും പറയും മുന്നേ അവൾ കിടക്കാനായി പെങ്ങളുടെ മുറിയിലോട്ട് പോയി…സത്യത്തിൽ അവളുടെ കാമുകൻ രക്ഷപെട്ടു.. ഇതിനെയെങ്ങായും കെട്ടിയിരുന്നേൽ പെട്ടുപോയേനെ പാവം..
പറഞ്ഞതുപോലെ തന്നെ രാവിലെയവൾ എന്നെ വിളിച്ചുണർത്തി എന്നെ കടയിൽ വിട്ടു… മടിച്ചാണെങ്കിലും ഞാൻ പോയി വൈകുന്നേരം കൂട്ടുകാരുമൊത്ത് കറങ്ങാതെ നേരത്തെ എത്തിയേക്കണം എന്നുള്ള ആജ്ഞയും ഉണ്ടായിരുന്നു…

ഞാനും പതിയെ പതിയെ മാറുക ആയിരുന്നു… സ്ഥിരമായി കടയിൽ പോയി അച്ഛനെ സഹായിക്കുകയും.. നേരത്തെ വീട്ടിൽ വരുകയും അങ്ങനെ ഞാനും മാറി തുടങ്ങി..
” നാളെ ഒരു ഇന്റർവ്യൂ ഉണ്ട് നീയും കൂടി ഒന്നുവരണെ.. ” ചോറ് കഴിക്കിമ്പോൾ ആണവൾ അത്‌ പറഞ്ഞത്..
പിറ്റന്ന് അവളെയും കൊണ്ട് ഇന്റർവ്യൂവിനു പോകാനായി ഇറങ്ങി…
” ഈ ജോലി കിട്ടിയാൽ ഞാൻ ഹോസ്റ്റലിലേക് താമസം മാറും.. ‘
“ഹോസ്റ്റലിലൊ നിനക്ക് വീട്ടിൽ താമസിക്കാലോ ”
” ആരായിട്ട ഞാൻ അവിടെ താമസിക്കുന്നത്, എത്ര നാളാണ് ഇങ്ങനെ താമസിക്കുന്നത്.. നിന്റെ അച്ഛനും അമ്മയും ആയത് കൊണ്ട് ഒന്നും പറയുന്നില്ല.. ”
” നിനക്ക് സമ്മതം ആണേൽ ഞാനൊരു താലി വാങ്ങി നിന്റെ കഴുത്തിൽ കെട്ടാം അപ്പോൾ കുഴപ്പമില്ലലോ… ”

“എനിക്ക് സമ്മതം ആണ് നീ കെട്ടിക്കോ… ”
“അപ്പൊ പിന്നെ ഈ ഇന്റർവ്യൂവിന് പോണോ… ‘
“വേണ്ട നമുക്ക് താലി വാങ്ങാൻ പോകാം…. ”
അതുപറഞ്ഞവൾ എന്നിലേക്ക്‌ ചേർന്നിരുന്നു….

ശ്രീ………