Entertainment

ഞാൻ സ്നേഹിച്ചവളെ മറക്കാൻ എനിക്ക് വയ്യ, ഇനിയും കാക്കാൻ പറ്റില്ലെന്ന് നിത്യേടെ വീട്ടുകാരും പറഞ്ഞു…

ഏട്ടന്റെ കാലം കഴിയുന്നവരെ ഞാനും ഒറ്റത്തടിയായി നിൽക്കണമെന്നാണോ അമ്മ പറയുന്നത് “…….. ആദിയുടെ ശബ്ദം അൽപ്പമൊന്നുയർന്നു.

ടാ… പതുക്കെ… അഭിയുണ്ട് അപ്പുറത്ത്, നിന്റെ ഒച്ചയിടൽ അവൻ കേൾക്കണ്ട….. ശാരദാമ്മ സ്വരം താഴ്ത്തി.

കേട്ടാലും എനിക്കൊന്നൂല്ല…. ഞാൻ സ്നേഹിച്ചവളെ മറക്കാൻ എനിക്ക് വയ്യ, ഇനിയും കാക്കാൻ പറ്റില്ലെന്ന് നിത്യേടെ വീട്ടുകാരും പറഞ്ഞു… അവർ അവൾക്ക് വേറെ വിവാഹമുറപ്പിക്കാൻ പോകുവാന്ന്…. കൂടപ്പിറപ്പിനോട് സ്നേഹം വേണം പക്ഷേ അതൊരു ബാധ്യതയായി കൊണ്ടു നടക്കുന്നവന് വേണ്ടി കാത്തിരിക്കാൻ വയ്യാന്ന്…….

ഏട്ടന്റെ വിവാഹം കഴിയട്ടെന്ന് കരുതി ഇത്രയും വർഷം കാത്തു… ഇനി പറ്റില്ല അമ്മേ….. അവളെ നഷ്ടപ്പെടുത്തുന്ന ഒന്നിനും ഞാൻ തയ്യാറല്ല,
നടക്കില്ലെന്ന് ഉറപ്പുള്ള ഒന്നിനെ പ്രതീക്ഷിച്ച് കാത്തിരിക്കാൻ മണ്ടനല്ല ഞാൻ…. അവന് രോഷമടക്കാനായില്ല…

അകത്ത് തന്റെ മുറിയിൽ നിശബ്ദനായി കിടന്നിരുന്ന അഭിയുടെ കാതുകളിലേക്ക് കേൾക്കരുതെന്ന് കരുതിയിട്ടും ആദിയുടെ വാക്കുകൾ ചെന്നു തറച്ചു….

ശരിയാണ്…. ആദിയ്ക്ക് വയസ് മുപ്പത് കഴിഞ്ഞു, തന്നേക്കാൾ രണ്ട് വയസിനിളപ്പമേ അവനുള്ളൂ….. തനിക്ക് വേണ്ടി ഇത്ര നാൾ കാത്തിരുന്നതല്ലേ, മടുത്തിട്ടുണ്ടാവും….. അഭിയൊന്ന് നെടുവീർപ്പിട്ടു.

മോനേ…….. അമ്മയുടെ വിളിയാണ് അവനെ ഉണർത്തിയത്…..

“എന്താമ്മേ….. അവിടെന്താ ഒരു ആഭ്യന്തര പ്രശ്നം…. അവൻ ചിരിയോടെ ചോദിച്ചു.

നീ കേട്ടൂലേ…… അതൊന്നും കാര്യാക്കണ്ട, വിഷമം വന്നപ്പോ പറഞ്ഞതാവും…. ശാരദാമ്മ വിളറിയ ചിരിയോടെ പറഞ്ഞു.

ഏയ്, അവൻ പറഞ്ഞത് ശരിയല്ലേ അമ്മേ….. എനിക്ക് വേണ്ടി പാഴാക്കി കളയുന്നത് അവന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളാ…… ആണുങ്ങൾക്ക് എത്ര വയസ് വരെയും വിവാഹം കഴിക്കാതെ നിൽക്കാം..പക്ഷേ പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോൾ, അച്ഛനമ്മമാർക്ക് ഉള്ളിൽ തീയാ…..

അവന്റെ അവസ്ഥ എനിക്ക് മനസിലാവും, ഞാനുമൊരിക്കൽ ഇതേ മനസ്സോടെ നിന്നവനല്ലേ……
ഇത്രനാളും എല്ലാവരും കാത്തിരുന്നില്ലേ അമ്മേ…… മതി….. നമുക്ക് എത്രയും വേഗം അതങ്ങ് നടത്താം…… അഭി പറഞ്ഞു.

പക്ഷേ മോനേ….. നാട്ടുകാര് എന്ത് പറയും, അനിയന്റെ കെട്ട് കഴിഞ്ഞിട്ടും ഏട്ടനെന്താ വിവാഹം കഴിക്കാതെ നിൽക്കുന്നേന്നൊരു ചോദ്യം വരില്ലേ, എന്തേലും കിട്ടാൻ നോക്കിയിരിക്കുന്നവരാ…. പലതും പറഞ്ഞുണ്ടാക്കും… ശാരദാമ്മസങ്കടത്തിലായി.

നാട്ടുകാര്….. അവർ എന്ത് വേണേലും പറഞ്ഞോട്ടെ, നമ്മുടെ കാര്യം തീരുമാനിക്കുന്നത് നമ്മളാ അവരല്ല……

എന്നാലും അഭീ….. നിനക്കൊരു ആലോചനവരാൻ അതൊരു തടസ്സമായാലോ? ശാരദാമ്മയുടെ സ്വരത്തിൽ സംശയത്തിന്റെ ധ്വനി കലർന്നിരുന്നു.

അല്ലെങ്കിലും അതൊന്നും നടക്കില്ലമ്മേ….. അറിഞ്ഞു കൊണ്ട് വിധവയാവാൻ ഏത് പെണ്ണാ സമ്മതിക്കുക…..

അങ്ങനൊന്നും പറയാതെടാ…… ഡോക്ടർ പറഞ്ഞുലോ… മരുന്ന് കൃത്യമായി കഴിച്ചാൽ മതി മറ്റോണ്ടാവുംന്ന്……

ഉണ്ടാവാം….. അതൊരു പ്രതീക്ഷ മാത്രല്ലേ….. ഹൃദയത്തിൽ ഓട്ട വീണ വന് എങ്ങനെയാ ശാരദാമ്മേസ്നേഹമുളളിൽ കൊണ്ടു നടക്കാൻ പറ്റുക, ചോർന്നു പോവില്ലേ…… തമാശയോടെ പറഞ്ഞു കൊണ്ടവൻ അമ്മയെ ചുറ്റിപ്പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…

ഏട്ടാ….. ഞാൻ…… എന്റെ അവസ്ഥ…….. പെട്ടന്നവർ അങ്ങനെ പറഞ്ഞപ്പോ….. വാക്കുകൾ കിട്ടാതെ ആദി വിഷമിച്ചു…..

അറിയാടാ….. ഏട്ടന് വിഷമൊന്നൂല്ല…. മറ്റൊന്നും പറയാതെ ആദിയുടെ തോളിലൊന്ന് തട്ടികൊണ്ട് അഭിപുറത്തേക്കിറങ്ങി…

ഓടിക്കളിക്കുന്ന പ്രായം വരെ മിടുക്കനായിരുന്നു അഭിയും…. പെട്ടന്നൊരുനാൾ സ്കൂളിൽ കുഴഞ്ഞു വീണ അവനെ സംശയത്തിന്റെ പേരിലാണ് വിദഗ്ധമായ പരിശോധന നടത്തിയത്….. ഹൃദയത്തിന്റെ പ്രവർത്തനം സുഗമമല്ല, ചെറിയൊരു സുഷിരവും….. അന്നേഓപ്പറേഷൻ നടത്തിയെങ്കിലും അസുഖക്കാരനെന്ന വിളിപ്പേര് തന്നിൽ വന്ന് വീഴുന്നത് നിസ്സഹായതയോടെയാണ് അഭി കണ്ടു നിന്നത്…..

മരുന്നുകളും, നിയന്ത്രണങ്ങളും തിരികെ ആരോഗ്യം വീണ്ടെടുത്ത് നൽകിയെങ്കിലും വർഷങ്ങൾക്ക് ശേഷമുള്ള ഒരു നെഞ്ചുവേദന വീണ്ടുമവനെ തിരികെയെത്തിച്ചു….. ഹൃദയത്തിലേക്കുള്ള രക്തക്കുഴലിലെ ഇടയ്ക്കിടയ്ക്കുള്ള ബ്ലോക്ക്……. വീണ്ടും ഓപ്പറേഷൻ, മരുന്നുകൾ……. സഹതാപത്തിന്റെ സ്നേഹപ്രകടനങ്ങൾ…. മടുത്തു തുടങ്ങിയിരുന്നു അവനും…

എങ്കിലും, അമ്മയുടേയും അനിയന്റേയും സ്നേഹത്തിനു മുന്നിൽ തലകുനിയ്ക്കുകയായിരുന്നു….. മോഹങ്ങൾ ഒരു പാട്ഉള്ളിലുണ്ടായിരുന്നു., നടക്കില്ലെന്ന തിരിച്ചറിവുണ്ടായിട്ടും…

പതിവ് ചെക്കപ്പുകൾക്കായി ഹോസ്പിറ്റലിൽ പോകുമ്പോഴെപ്പഴോ ആണ് അവളെ ആദ്യമായി കാണുന്നത്…. കണ്ണുകളിൽ പുഞ്ചിരിയുടെ പ്രകാശം നിറച്ച് നടന്നു കയറിയത് തന്റെ ഹ്യദയത്തിലേക്കായിരുന്നു…. പലപ്പോഴും കണ്ടു, കണ്ണുകൾ മാത്രം സംസാരിച്ചുകൊണ്ടിരുന്നു….. പിന്നീടുള്ള യാത്ര അവളെയൊന്ന് കാണാനായിരുന്നു…. അവളെ കാണുമ്പോൾഉള്ള് തുടിയ്ക്കുന്നതും പേരറിയാത്ത വികാരങ്ങൾ നാമ്പിടുന്നതുമറിഞ്ഞപ്പോൾ അമ്മ തന്നെയാണ് നിർബദ്ധിച്ചത്…. ജീവിതത്തിലേക്ക് കൂട്ടാൻ…..

അസുഖക്കാരന് പരീക്ഷിക്കാനല്ല ഞങ്ങൾ മകളെ വളർത്തി വലുതാക്കിയതെന്ന വാക്കിൽ അത്രയും നാൾ കണ്ട മോഹങ്ങളെല്ലാം എരിഞ്ഞടങ്ങി….. അവളുടെ മുഖത്തു പോലും നോക്കാതെ ഇറങ്ങി നടന്നപ്പോൾ സങ്കടമല്ല മറിച്ച് ആശ്വാസമായിരുന്നു….. ആ കണ്ണുകളിലെ തിളക്കം ഒരിയ്ക്കലും താൻ കാരണംനഷ്ടമാവില്ലല്ലോ എന്ന ആശ്വാസം….. തന്റെ മോഹങ്ങൾ മറ്റൊരാളുടെ മോഹഭംഗത്തിന് കാരണമാവരുതെന്ന നിർബദ്ധ ബുദ്ധി… വിവാഹമെന്നതിനെ മന: പൂർവ്വം ഉപേക്ഷിക്കുകയായിരുന്നു..

ആദിയുടെ വിവാഹം…. അത് ഭംഗിയായി നടത്തണം…… ഇനി തന്റെ വേഷം ഒരച്ഛന്റേതാവണം…

പിന്നെ താമസമുണ്ടായില്ല…. പെൺകുട്ടിയുടെ വീട്ടുകാരുടെ അഭിപ്രായപ്രകാരം നിശ്ചയമോ മോതിരം മാറ്റലോ ഇല്ലാതെ നേരെ കല്യാണത്തിലേക്ക് എത്തിച്ചു….

ഇന്ന്….. ആദിയുടെ വിവാഹമാണ്….. എല്ലാത്തിനും ഉത്സാഹത്തോടെ അഭി പാഞ്ഞു നടന്നു……

“മോനേ….. ശ്രദ്ധിച്ച്….ഇങ്ങനെ ഓടാതെ.. അതൊക്കെ നോക്കാൻ ആൾക്കാരുണ്ടല്ലോ.ശാരദാമ്മ വിലക്കി….

എന്റമ്മേ…. ഇതേ.. എന്റെ അനിയന്റെ കല്യാണാ… ഞാൻ വേണം മുന്നിൽ നിൽക്കാൻ….. എന്റെ പുറകേ നടക്കാതെ പോയി വിളക്കൊക്കെ റെഡിയാക്ക്, മരുമകളെ കൈ പിടിച്ച് കേറ്റാനുള്ള താ….. അഭി ചിരിയോടെ പറഞ്ഞു.

മുഹൂർത്ത നേരം, കുരവയും ആശിർവാദങ്ങളും നിറഞ്ഞ മംഗള നേരത്ത് ആദിയുടെ താലി നിത്യയുടെ കഴുത്തിൽ വീഴുന്നത് നോക്കി അഭിനിർന്നിമേഷനായി നിന്നു…..

പെട്ടന്നവൾ മണ്ഡപത്തിൽ നിന്നിറങ്ങി അഭിയ്ക്കരികിലേക്ക് വന്നു…. ഒരു നിമിഷമവനെ നോക്കിയിട്ട് കാൽക്കലേക്ക് കുനിഞ്ഞു.

ഏട്ടൻ അനുഗ്രഹിക്കണം……

ഞെട്ടലോടെ അഭി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു…

എന്താ ഈ കാട്ടുന്നേ…. എന്റെ അനുഗ്രഹത്തേക്കാളും അർഹതയുള്ളവർ വേറെയില്ലേ….

ഉണ്ടാവാം…. പക്ഷേ എനിക്ക് വേണ്ടത് ഈമനസ്സിന്റെ അനുഗ്രഹമാണ്….. കറയില്ലാതെ നിറഞ്ഞ മനസ്സോടെ അത് നൽകാൻ എന്റെയീ ഏട്ടനുമപ്പുറം ആരുമില്ല….. ഒരിയ്ക്കലും നടക്കില്ലെന്ന് കരുതിയതാ ഈ വിവാഹം….. അന്ന് ഏട്ടൻ വീട്ടിൽ വന്ന് സംസാരിച്ചില്ലായിരുന്നെങ്കിൽ ആദിയുമായുള്ള ജീവിതം സ്വപ്നമായി മാറിയേനെ……താങ്ക്സ് ഏട്ടാ….അവൾ അഭിയുടെ ചുമലിൽ തല ചായ്ച്ചു.

അതെ ആദീ….. ഏട്ടൻ വന്നിരുന്നു വീട്ടിൽ, ഞാൻ കാരണം എന്റെ അനിയന്റെ സന്തോഷം ഇല്ലാതാവരുതെന്ന് പറയാൻ….. അമ്പരന്ന് നിന്ന ആദിയെ നോക്കിയവൾ പറഞ്ഞു.

ആദീ… തെറ്റ് പറ്റിയത് ഞങ്ങൾക്കായിരുന്നു, സ്വന്തബന്ധങ്ങൾക്ക് യാതൊരു വിലയുമില്ലാത്ത ഈ കാലത്ത് കൂടപ്പിറപ്പിനു വേണ്ടി നാടും വീടും ഉപേക്ഷിക്കാമെന്ന് പറഞ്ഞ തന്റെ ഏട്ടന്റെ സ്നേഹത്തിനു പകരം വയ്ക്കാൻ വേറൊന്നുമില്ലെടോ…… എന്റെ മോൾ ഭാഗ്യവതിയാ… ജീവിതകാലം മുഴുവൻ കൂടപ്പിറപ്പായി തണലേകാൻ ആ സ്നേഹമെന്നുമുണ്ടാകുമല്ലോ……… നിത്യയുടെ അച്ഛന്റെ വാക്കുകൾ കേട്ടതും ആദിയുടെ കണ്ണിലും നിറഞ്ഞു ഏട്ടനോടുള്ള സ്നേഹവും നന്ദിയും…

ഉള്ളിൽ തുളുമ്പിയ സന്തോഷത്തിൽ രണ്ടാളെയും ചേർത്തു പിടിക്കുമ്പോൾ നീർമൂടിയ കണ്ണുകളിലൂടെ അഭികണ്ടു, എല്ലാവരുടേയും നിറഞ്ഞ ചിരി…. ഒപ്പം അവർക്കെല്ലാം പുറകിലായി തന്നെ തന്നെ നോക്കി നിൽക്കുന്ന, പരിചിതമായ പ്രകാശമുള്ള രണ്ട് കണ്ണുകൾ….. വിസ്മയത്തോടെ മിഴി ചിമ്മി ഒരുവട്ടം കൂടി നോക്കവേ അവനറിഞ്ഞു…. ആ കണ്ണുകളിൽ തിളങ്ങുന്നത് തന്നോടുള്ള പ്രണയം തന്നെയാണ് എന്ന്… എന്നും ആ തിളക്കം തന്റെ ഒപ്പമുണ്ടാവുമെന്ന്……