Entertainment

ദിലീപിന്റെ നായികയായി ഉർവ്വശി, ചിത്രം സംവിധാനം ചെയ്യുന്നത്‌ നാദിർഷ: സിനിമയുടെ വിശേഷങ്ങൾ ഇതാ!

വ്യക്തി ജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിടുന്ന നടൻ ദിലീപ്‌ സിനിമകളുടെ കാര്യത്തിൽ കൃത്യമായ തിരഞ്ഞെടുക്കലും ഇപ്പോൾ നടത്തുകയാണ്.

കമ്മാരസംഭവം, പ്രൊ. ഡിങ്കൻ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം ദിലീപിനെ നായകനാക്കി നാദിർഷ ഒരു ചിത്രമൊരുക്കുന്നുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ ദിലീപ് അറുപതുകാരനായാണ് എത്തുന്നത്. ചിത്രത്തിൽ ദിലീപിന്റെ ഭാര്യയായി ഉർവശി എത്തുന്നുവെന്നതാണ് പുതിയ വാർത്ത. ദിലീപിന്റെ സഹോദരിയായി പൊന്നമ്മ ബാബുവും വേഷമിടുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് തിരക്കഥ. ഫണ്‍, ഫാമിലി ഓറിയന്റഡ് സബ്‌ജെക്ടില്‍ തൊണ്ടിമുതലിലേത് പോലെ തന്നെ റിയലിസ്റ്റിക്കായുള്ള കഥപറച്ചിലായിരിക്കും ഉണ്ടായിരിക്കുക.

ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. എന്നാല്‍ കൂടുതൽ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നാദിർഷ തന്നെ സംവിധാനം ചെയ്യുന്ന കട്ടപനയിലെ ഹൃതിക്ക് റോഷന്റെ തമിഴ് പതിപ്പിന് ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുക. മുരളി ഗോപി തിരകഥ എഴുതുന്ന കമ്മാരസംഭവം എന്ന ചിത്രമാണ് ദിലീപിന്റെ അടുത്ത റിലീസ്.