Entertainment

“എനിക്ക് ദേഷ്യം തോന്നേണ്ടത് നിവിനോട് അല്ല മറിച്ച് ദുല്ഖറിനോടും ടോവിനോയോടും വിനീതിനോടും ആണ്. ടോവീനോയെ സിനിമയിലേക്ക് കൊണ്ടുവന്നത് പോലും ഞാനാണ്” ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സംവിധായകൻ രംഗത്ത്..

താരാരാധന പരിധി കടക്കുന്ന നിരവധി സംഭവങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ട്. വ്യക്തി സ്വാതന്ത്രൃം ആവിഷ്ക്കാര സ്വാതന്ത്രൃം എന്നൊക്കെ മുറവിളി കൂട്ടുമെങ്കിലും തങ്ങളുടെ പ്രിയ നടനെയോ അവരുടെ ചിത്രങ്ങളെയോ വിമർശിച്ചാൽ പിന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അവരെ പൊങ്കാലയിട്ട് ശരിപ്പെടുത്തും ആരാധർ.

ഇങ്ങനെ ആരാധകരുടെ ആക്രമണത്തിന് ഇരയായി ഒടുവിൽ ക്ഷമാപണം കൊണ്ട് തടി രക്ഷിക്കേണ്ടിവന്ന ആളാണ് നടനും സംവിധായകനും തിരക്കഥാകൃത്തും ആയ രൂപേഷ് പീതാംബരൻ. നിവിൻ പോളി നായകനായ റിച്ചി എന്ന തമിഴ് ചിത്രത്തെ വിമർശിച്ച് കൊണ്ട് രൂപേഷ് ഇട്ട ഫെയ്സ്ബുക് പോസ്റ്റ് ആണ് ആദ്യം പ്രശ്നങ്ങൾക്ക് തുടക്കമായത്. ‘ഉളിദവരു കണ്ടതെ’ ഒരു മാസ്റ്റർ പീസാണെന്നും അതിനെ വെറും പീസാക്കി മാറ്റിയത് ചിന്തിക്കാനാവുന്നില്ലെന്നുമാണ് രൂപേഷ് പോസ്റ്റിട്ടത്.

നിവിൻ പോളി ഫാൻസിന്റെ തെറിവിളി സഹിക്കാൻ വയ്യാതായതോടെ താൻ റിച്ചിയെ വിമർശിക്കുകയല്ല ചെയ്തത് അതിന്റെ ഒറിജിനലായ ഉളിദവരു കണ്ടതെയെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്ന് നിവിൻ പോളി തന്നെ ആരാധകരെ പറഞ്ഞ് മനസിലാക്കൂ എന്ന അഭ്യർഥനയുമായി രൂപേഷ് രംഗത്ത് വന്നിരുന്നു.എന്നാൽ അതുകൊണ്ടൊന്നും ആരാധകരുടെ കലിയടങ്ങിയില്ല. സഭ്യതയുടെ അതിർ വരമ്പുകൾ ദേദിച്ച് തെറിയഭിഷേകം കൊണ്ടാണ് അവർ രൂപേഷിന്റെ ഫെയ്സ്ബുക്ക് വോൾ നിറച്ചത്. ഒടുവിൽ താൻ കാരണം ഉണ്ടായ വിഷമങ്ങൾക്ക് രൂപേഷ് മാപ്പു പറഞ്ഞിരുന്നു.

റിച്ചിയെ വിമർശിച്ചത് നിവിന്‍ ഡേറ്റ് കൊടുക്കാത്തതിന്റെ ദേഷ്യമാണ് എന്ന് ആയിരുന്നു ഫാൻസുകാർ പറഞ്ഞിരുന്നത്. എന്നാല്‍ ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നാണ് രൂപേഷ് പറയുന്നത്.ഡേറ്റ് തരാത്തതിന്റെ പേരില്‍ തനിക്ക് ആരോടെങ്കിലും ദേഷ്യം തോന്നണമെങ്കില്‍ അത് നിവിനോടല്ലെന്നും മറിച്ച് ഏറ്റവുമധികം ദേഷ്യം തോന്നേണ്ടത് വിനീത് ശ്രീനിവാസനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടും ആണെന്നും ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ രൂപേഷ് പീതാംബരന്‍ പറഞ്ഞു. രൂപേഷിന്റെ വാക്കുകൾ ഇങ്ങിനെ

‘വിനീതിനോട് ഞാനൊരു കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് ഇഷ്ടമായി. അത് തിരക്കഥയാക്കി കൊണ്ടു വരാന്‍ വിനീത് പറഞ്ഞു. അങ്ങനെ തിരക്കഥയുമായി ചെന്നപ്പോള്‍ വായിച്ചശേഷം വിനീത് പറഞ്ഞത് കേട്ട കഥ പോലെയല്ല സ്‌ക്രിപ്റ്റ് അതുകൊണ്ട് തനിക്കിത് ഇഷ്ടമായില്ലെന്നും സിനിമ ചെയ്യുന്നില്ലെന്നുമാണ്. ഞാനത് ബഹുമാനിക്കുന്നു. എന്റെ അസോസിയേറ്റായിരുന്ന ടൊവീനോയെ സിനിമയിലേക്ക് കൊണ്ടു വരുന്നത് ഞാനാണ്. അവനോട് ഒരു തിരക്കഥ പറഞ്ഞപ്പോള്‍ അതില്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന കാര്യം ഒന്നുമില്ലെന്നാണ് ടൊവിനോ പറഞ്ഞത്, ആ പറഞ്ഞതിനെയും ഞാന്‍ ബഹുമാനിക്കുകയാണ്’
‘പിന്നീട് ദുല്‍ഖറിനോട് ഒരു കഥ പറഞ്ഞു. ഞാന്‍ ഈ ടൈപ്പ് ഒത്തിരി ചയ്തതുകൊണ്ട് പുതിയെന്തെങ്കിലും ഉണ്ടെങ്കില്‍ കൊണ്ടുവരാനാണ് ദുല്‍ഖര്‍ പറഞ്ഞത്. അതും ഞാന്‍ ബഹുമാനിക്കുന്നു. ഇവരുമൊക്കെയായി എനിക്ക് നല്ല സൗഹൃദമുണ്ട്. ഇനി ഞാനൊരു രഹസ്യം പറയാം. ഞാന്‍ നിവിനോടും ഒരു കഥ പറഞ്ഞു. കഥ ഇഷ്ടമായി തിരക്കഥ എഴുതിക്കൊണ്ട് വരാന്‍ പറഞ്ഞു. തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ അത് എനിക്ക് തൃപ്തി തോന്നിയില്ല. അതുകൊണ്ട് അതും നടന്നില്ല.