Social Media

ഫാറൂഖ് കോളേജ് അധ്യാപകന്റെ വിവാദ പ്രസംഗം.., ആക്റ്റിവിസ്റ്റുകൾ മാറു തുറന്ന് തന്നെ പ്രതികരിക്കുന്നു..മാറുതുറക്കൽ പുതിയ ചരിത്രമെഴുതുന്നു..

ഫാറൂഖ് കോളേജ് അധ്യാപകന്റെ ‘വത്തങ്ങ’ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു കൂട്ടം വനിതാ ആക്ടിവിസ്റ്റുകള്‍ ‘മാറ് തുറക്കല്‍ സമര’വുമായി രംഗത്തെത്തി. #മാറ്തുറക്കല്‍സമരം എന്ന ഹാഷ് ടാഗില്‍ വത്തങ്ങ കൊണ്ട് മാറിടം മറച്ചും, മാറിടം തുടര്‍ന്ന് കാട്ടിയുമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്താണ് പ്രതിഷേധം.

ഇതിന്റെ ഭാഗമായി രഹാന ഫാത്തിമയുടെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തുകൊണ്ട് ദിയ സിന ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.

#മാറുതുറക്കൽസമരം….

പലരും പറയുന്ന പോലെ ‘മാറു തുറക്കൽ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടർച്ച മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു .

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആൺ- വരേണ്യബോധം പെൺ – ദളിത് അപകർഷതയെ ന്യൂനീകരിച്ചതിന്റെ ബഹിർസ്ഫുരണമായിരുന്നു മാറുമറയ്ക്കൽ സമരം .പെണ്ണിന്റെ “ചോയ്സ് ” പ്രാചീനആൺഹുങ്കുകൾ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടർച്ചയിൽ ക്യൂവിലാണ് ഇന്നും നവീന ആൺമത ശരീരങ്ങൾ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകൾ മുഴുവൻ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അർത്ഥമാക്കേണ്ടത്. മറിച്ച് അവർക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

പൊതു ഇടങ്ങളിൽ ആൺ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവിൽ ,അതല്ലെങ്കിൽ ആൺ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയിൽ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിർവചിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെൺശരീരത്തിന്റെ ‘അത്ഭുത’ങ്ങളിൽ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീർന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയർത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാർഗത്തിലൂടെ !

(കടപ്പാട് Satish P Babu Rehana Fathima Pyarijaan Sulaiman)