Entertainment

“ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരിയും പോസിറ്റീവും ആയിട്ടുള്ള പെണ്‍കുട്ടി അവളാണ്”; തന്‍റെ ആ ആരാധികയെ കണ്ടിട്ട് ദുല്ഖര്‍ പറഞ്ഞതിങ്ങിനെ..

തിരക്കുകൾ മാറ്റിവച്ച് ആരാധികയ്‌ക്കൊപ്പം സമയം ചിലവഴിച്ച് മലയാളത്തിന്‍റെ  സൂപ്പർതാരം കുഞ്ഞിക്ക. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൃതവര്‍ഷിണി എന്ന സംഘടനയുടെ ഭാഗമായ ധന്യയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ദുൽഖർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ജീവിതത്തെ വളരെയധികം പോസിറ്റീവ് ആയി കാണുന്ന ധന്യയ്‌ക്കൊപ്പം അൽപ്പ സമയം ചിലവഴിക്കാൻ കഴിഞ്ഞത്‌ ഏറെ സന്തോഷം നൽകുന്നുവെന്ന് ദുൽഖർ കുറിച്ചു.

പാലക്കാട് കുഴല്‍മന്ദം ചിതലി കുമാരിസദനിലെ രവിയുടെയും നിര്‍മലയുടെയും രണ്ടാമത്തെ മകളാണ് 23 വയസുകാരിയായ ധന്യ. ശരീരത്തിലെ എല്ലുകള്‍ പൊട്ടിപ്പോകുന്ന ഓസ്റ്റിയോ ജെനിസിസ് ഇംപെര്‍ഫക്റ്റ എന്ന അത്യപൂര്‍വ രോഗവുമായാണ് ധന്യ ജനിച്ചത്. ജനിച്ച് മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് എല്ലുകള്‍ പൊട്ടിപ്പോകുന്ന രോഗമാണെന്ന് മനസ്സിലായത്. ടീനേജിൽ എത്തുന്നതു വരെ ധന്യയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശരീരത്തിലെ എല്ലുകള്‍ പൊട്ടിപ്പോവുന്ന അവസ്ഥയായിരുന്നു ധന്യയുടേത്. 400 ഓളം പൊട്ടലുകളുടെ വേദന ധന്യ അനുഭവിച്ചിട്ടുണ്ട്.

കംപ്യൂട്ടറാണ് ധന്യയുടെ മറ്റൊരു ഉറ്റസുഹൃത്ത്. നെറ്റ് വര്‍ക്കിങ്ങും ബ്രൗസിങ്ങുമായി ദിവസത്തിന്‍റെ  കൂടുതല്‍ സമയവും കംപ്യൂട്ടറിന് മുന്നിലായിരിയ്ക്കും. അതിനിടെയാണ് അമൃതവര്‍ഷിണി എന്ന സംഘടനയുമായി ധന്യ ബന്ധപ്പെടുന്നത്. ബിനു ദേവസ്സി എന്ന ബ്ലോഗറാണ് ധന്യയ്‌ക്ക് അമൃതവര്‍ഷിണിയിലെ ലത നായരെ പരിചയപ്പെടുത്തിയത്. ഇത് ധന്യയുടെ ജീവിതത്തിൽ വഴിത്തിരിവായി. കേരളത്തില്‍ എല്ലു പൊട്ടിപ്പോകുന്ന അസുഖം ബാധിച്ചവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ധന്യയും സംഘടനയുടെ ഭാഗമായി.