Social Media

നശിപ്പിച്ചവൻ തന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ്‌ വന്നു, അച്ഛനും അമ്മയും അതിന് കൂട്ടുനിന്നു, എന്നാൽ ആ പെൺകുട്ടി ചെയ്തത്‌!

നീരുവന്നു വീർത്ത കണ്‍പോളകൾ ശ്രമപ്പെട്ട്‌ തുറന്ന് അവൾ ചുറ്റും നോക്കി.എന്തോ പറയാൻ എന്നവണ്ണം ചതഞ്ഞുനുറുങ്ങിയ ചുണ്ടുകൾ വിടർത്തി. പക്ഷെ വേദനയുടെ പാരവശ്യം അവളുടെ ശ്രമത്തെ വിഫലമാക്കി. മരുന്നിന്റെആലസ്യത്തിൽ മയക്കത്തിലേക്കു മടങ്ങിപ്പോയ അവളുടെ കണ്ണുകളെ ഏതോ ദുസ്വപ്നം തിരികെ വിളിച്ചു .

’വെറിപിടിച്ച വേട്ട മൃഗം അത് തന്നെ കടിച്ചു കീറുന്നു, ചവിട്ടി മെതിക്കുന്നു, സർവ്വശക്തിയുമെടുത്ത്‌ കുതറിമാറാൻശ്രമിക്കുമ്പോൾ അത് വീണ്ടും പിടിമുറുക്കുന്നു.’

മനസ്സിന്റെ ഭയം, അത് മറ്റെന്തിനേക്കാളും അസഹ്യമാണ്. ശരീരത്തിന്റെ സകലവേദനകളും മറന്ന് അവൾകണ്ണുകൾ വലിച്ചു തുറന്നു.വീർത്ത കണ്‍പോളകൾക്കിടയിലൂടെ താഴേക്കൂർന്ന കണ്ണ്നീരിന്റെ ചെറിയൊരു ചാൽമുറിഞ്ഞ കവിൾത്തടങ്ങൾ നനച്ച് മുടിയിഴകൾക്കുള്ളിൽ അപ്രത്യക്ഷമായി. കരഞ്ഞു തളർന്ന മുഖവുമായി തന്റെകിടക്കകരികിൽ നിന്ന അമ്മയെ കണ്ണീരിന്റെ മതിൽക്കെട്ടിന്നുള്ളിൽ നിന്നവൾ കണ്ടു, അതിനുമപ്പുറം അച്ഛൻനില്പ്പുണ്ടായിരുന്നു.

പീഡനക്കേസിലെ പെണ്‍കുട്ടി കണ്ണ് തുറന്നത് വാർത്താ ദാല്ലാളന്മാർ മത്സരിച്ച് ആഘോഴിച്ചു. അതോടെ പേരുംവിലാസവും നഷ്ടപ്പെട്ട പീഡനക്കേസിലെ പെണ്‍ക്കുട്ടി മാത്രമായി അവൾ. വെളിച്ചത്തെ ഭയന്ന് ഇരുട്ടുമുറിയിൽ കഴിയാൻവിധിക്കപ്പെട്ട ജന്മമായി സ്വയം മാറി. മൊഴിയെടുപ്പും മെഡിക്കൽ ചെക്കപ്പും വാർത്തകളും അവക്കെല്ലാം മുൻപിൽജീവനുള്ള ശരീരവും മരിച്ച മനസ്സുമായി അവൾ നിന്നുകൊടുത്തു. കാലം മുറിവുകൾ മായ്ക്കാൻഒരുപാട്കാത്തിരിക്കേണ്ടി വന്നേക്കാം പക്ഷെ വാർത്തകൾ മായ്ക്കാൻ വെറും ദിവസങ്ങളോ മണിക്കൂറകളോ മാത്രം മതി. അങ്ങനെ അവളും പുതിയ വാർത്തകൾക്ക് പിന്നിൽ പഴകിപ്പോയി. കണ്ണുനീരിന്റെ കഥകൾ മാഞ്ഞുപോയപ്പോൾ ചിലമാറാല പിടിച്ച പരാതികടലാസിലായി, കെട്ടികിടക്കുന്ന അനേകായിരം കേസ് ഫയിലുകളിൽ ഒന്നായി അവളുടെ പേര്ഊഴം കാത്തുകിടന്നു. ഇരുൾമൂടിയ മുറിയിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ചെയ്യാത്ത തെറ്റിന് ശിക്ഷ ഏറ്റുവാങ്ങി അവളും.

സ്വയം തിരഞ്ഞെടുത്ത ഇരുളിൽ പഴന്തുണി പോലെ അവൾ ചുരുണ്ടുകൂടി. വെളിച്ചം മനപ്പൂർവ്വം ഒഴിച്ച്നിർത്തിയതായിരുന്നു. വെളിച്ചത്തിൽ തെളിയുന്ന നിഴലുകളെ പോലും അവൾ ഭയപ്പെട്ടിരുന്നു. അതിനപ്പുറം കേൾക്കുന്നകുറ്റപെടുത്തലുകളുടെ ശബ്ദം അമ്മയുടെയും അച്ഛന്റെയും ആണെന്നത് ഇപ്പോൾ അവളെ വേദനിപ്പിക്കാറില്ലായിരുന്നു.മരിച്ച മനസ്സിന് വേദനകളില്ലെന്നു സ്വയം വിശ്വസിച്ചു. എല്ലാം അവസാനിച്ചെന്നു കരുതി ഇരിക്കുമ്പോഴാണ് അയാളുടെശബ്ദം വീണ്ടും കേൾക്കുന്നത്. മരിച്ച മനസിൽ വീണ്ടും ഭയം ഉളവാകുന്നത് അവൾ തിരിച്ചറിഞ്ഞു. തന്നിലേക്ക് തന്നെഒളിക്കാൻ ശ്രമിച്ച് ഇരുട്ടിലേക്ക് കൂടുതൽ കടന്നിരുന്നു. അയാളുടെ ശബ്ദം തന്നെ പിന്തുടർന്ന് വരുന്നത് അവൾഅറിയുന്നുണ്ടായിരുന്നു. അതിനുമപ്പുറം മറ്റാരുടെയൊക്കെയോ ശബ്ദം. അവൾ ചെവി രണ്ടും പൊത്തി ശബ്ദത്തെതുരത്താൻ ശ്രമിച്ചു. താൻ ഇരുട്ടുകൊണ്ടലങ്കരിച്ച മുറിയെ വെളിച്ചം കൊണ്ട് അലങ്കോലമാക്കി വാതിലുകൾ തുറന്ന്ആരൊക്കെയോ അകത്തേക്ക് വരുന്നത് കണ്ടു.

ആദ്യമെത്തിയത് ഒരു സ്ത്രീ ആയിരുന്നു. അവർ തന്റെ അടുത്തേക്ക് വരുന്നത് അവൾ ഭയത്തോടെ നോക്കി. അവരുടെ ചിരിച്ച മുഖം പക്ഷെ അവളുടെ അപരിചിതത്വം മാറ്റിയില്ല. അവർ മെല്ലെ അവളുടെ കവിളിൽ തൊട്ടു.

“എന്റെ മോൾ വല്ലാതെ ക്ഷീണിച്ചു പോയി”.

അവരുടെ സ്നേഹപൂർവ്വമായ പെരുമാറ്റം അവളിൽ അസ്വസ്ഥത ഉണ്ടാക്കി.

“സാരമില്ല ഇനി എല്ലാം ശരിയായിക്കോളും. മോളെ ഞാൻ നോക്കികോളാം.”

അവർ വീണ്ടും ചിരിച്ചു. അവൾക്ക് വല്ലായ്മ തോന്നി.

“ഇങ്ങു വാ മോനെ , നീയെന്താ അവിടെനില്ക്കുന്നത്”

വാതിലിന് പിന്നിൽ അയാളുടെ മുഖം കണ്ടത് അപ്പോഴാണ്‌. പെരുവിരൽ മുതൽ ഒരു വല്ലാത്ത ഭയം ഇരച്ചുകയറുന്നത് അവൾ അറിഞ്ഞു. പിന്നോട്ട് നീങ്ങാൻ വഴിയില്ലാതെ ഭിത്തിയിൽ തടഞ്ഞു നിന്നു. അച്ഛനെയും അമ്മയേയുംവിളിക്കണമെന്ന് അവൾക്കുണ്ടായിരുന്നു. പക്ഷെ ശബ്ദം തൊണ്ടയിൽ തടഞ്ഞു നില്ക്കുന്നു.

“ഇനി നീയെന്തിനാ അവിടെ നിക്കുന്നത്. ഇവള് നീ കെട്ടാൻ പോണ പെണ്ണല്ലേ.”

അവൾ ഞെട്ടിപ്പോയി. കെട്ടാൻ പോകുന്നതോ? അവൾ വിശ്വാസം വരാതെ അവരെ നോക്കി.

“മോളെന്താ ഇങ്ങനെ നോക്കുന്നത്. എന്നെ മനസ്സിലായില്ലേ?, ഞാൻ ഇവന്റെ അമ്മയാ,ഇനിയിപ്പോൾമോളുടെയും. അടുത്താഴ്ച നിങ്ങളുടെ കല്യാണമല്ലേ.”

അവൾ അവരെ ഒന്നുകൂടി നോക്കി. ജീവിതത്തിൽ ഇനി ഒരിക്കൽ കൂടി കണ്ടാൽ ഇയാളെ കൊല്ലണമെന്നായിരുന്നു.പക്ഷെ…

“മോളെന്താ ആലോചിക്കുന്നത് അവനൊരു അബദ്ധം പറ്റിയതാ, മോള് ക്ഷമിക്ക് എന്തായാലും അവൻ നിന്നെകെട്ടാൻ പോവല്ലേ. ”

അവൾ അയാളെ ഒന്നുകൂടി നോക്കി. അയാളുടെ മുഖത്ത് അപ്പോഴും അതേ ഭാവമായിരുന്നു, പതിയിയിരുന്നുവേട്ടയാടുന്ന ക്രൂര മൃഗത്തിന്റെ മുഖം. അവളുടെ മനസ്സിൽ പക്ഷെ ഭയത്തിനുമപ്പുറം ഒരു തരം വെറുപ്പാണ് ഉണ്ടായത്.വല്ലാത്തോരാവേശത്തിൽ അയാളുടെ നേരെ പാഞ്ഞടുക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛന്റെ ശബ്ദം അവൾ കേട്ടത്.

“ഞങ്ങൾ അതുറപ്പിച്ചു” . എല്ലാം നഷ്ടപെട്ടപോലെ അവൾ തകർന്നു പോയി. തന്റെ അച്ഛൻ ,തന്നെമനസ്സിലാക്കേണ്ട അച്ഛൻ ഒന്നും മിണ്ടാനില്ലാതെ ഭിത്തിയിലേക്ക് തന്നെ ചാരി നിന്നു. അയാളെ ഒന്നുകൂടി നോക്കാനുള്ളധൈര്യം ഇല്ലായിരുന്നു അവൾക്ക് .

“മോളെ പിന്നെ ആ കേസിന്റെ കാര്യം, ഇനിയിപ്പോൾ അതിന്റെ ആവശ്യം ഉണ്ടോ?”, അവർ വീണ്ടും അവളുടെകവിളിൽ തലോടാനാഞ്ഞു.അവൾ അറപ്പോടെ മുഖം മാറ്റി. അവരുടെ വരവിന്റെ ഉദ്ദേശം മനസ്സിലായി. അവളെഒന്നുകൂടി നോക്കിയിട്ട് അവർ മുറിവിട്ടിറങ്ങി. തലകുനിച്ചു തന്നെ നിന്നു. എങ്കിലും അയാളുടെ മുഖത്തെ ഭാവം അവൾഊഹിച്ചു. അവർ പോയ ഉടനെ അച്ഛനും അമ്മയും മുറിയിലേക്ക് വന്നു.

“ദൈവമായിട്ട് കൊണ്ടുവന്ന ആലോചനയാ, ഇനി ഇതിന് നീ തടസം പറയാതിരുന്നാ മതി.”

അമ്മയാണ് അത് പറഞ്ഞത്. അവൾ കരഞ്ഞുപോയി. “ഞാൻ കല്യാണം കഴിക്കാനോ? അയാളാണ് എല്ലാത്തിനുംകാരണം.എന്നെ ഇങ്ങനെ ആക്കിയത് അയാളാണ്.എന്നിട്ടും ഞാൻ അയാളെ കല്യാണം കഴിക്കണോ? അച്ഛന് എങ്ങനെപറയാൻ തോന്നി ഇത്. ”

” മാനം കേട്ട് ജീവിക്കാൻ എനിക്കിനി വയ്യ, അതിനു ഇതേ ഉള്ളു ഒരു പോംവഴി .ബുധനാഴ്ച കോടതിയിൽ കേസ്വിളിക്കും. നീ ഞാൻ പറയുന്ന പോലെ കോടതിയിൽ പറയും. അങ്ങനയെ പറയാവു ” .

അച്ഛന്റെ സ്വരത്തിലെ ഭീക്ഷണി അവൾ മനസിലാക്കി. ജീവിതം അവിടെ അവസാനിച്ചെങ്കിലെന്ന് അവൾകൊതിച്ചു. മരിക്കാൻ പോലുമാകാതെ ജീവിക്കാൻ അവൾ നിർബന്ധിതയായി തന്റെ മുറിയിലെ ഇരുട്ടിലേക്ക്തിരിച്ചുപോയി. സ്വയം പുച്ഛം തോന്നുന്നു, ശരീരത്തിന്റെ മാനം നഷ്ടമായി, ഇപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന അഭിമാനംഅതും. മുറ്റത്തൊരു വാഹനം വന്നു നില്ക്കുന്നത് കേട്ടിട്ടും അവൾ അനങ്ങിയില്ല. അതയാളകുമെന്നു അവൾ കരുതി.ഇപ്പോൾ അയാൾ അവിടെ സ്ഥിരം സന്ദർശകനാണ്. അപ്പോഴെല്ലാം ഇരുളിൽ തന്നെ ഒളിച്ചിരിക്കാറായിരുന്നുപതിവ്.ഇടയ്ക്ക് അച്ഛന്റെ ശബ്ദം പതിവിലുമധികം ഉയർന്നപ്പോൾ അവൾ പതിയെ ചെവിയോർത്തു. വന്നത് അയാൾഅല്ലെന്നു മനസ്സിലായി. പിന്നെ അതാരാണ്.

“ഇനി ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങൾക്കൊരു പരാതിയുമില്ല എന്റെ മോളെ ആരും നശിപ്പിചിട്ടുമില്ല.”അച്ഛന്റെ സ്വരം അവൾ വ്യക്തമായി കേട്ടു. “ഞങ്ങളുടെ മോളുടെ കല്യാണമാണ്, ഇനി നിങ്ങളായിട്ട് അത് മുടക്കരുത്.”

“എനിക്ക് നിങ്ങളെ ദ്രോഹിക്കണമെന്ന് ഒരു ആഗ്രഹവുമില്ല,ഒരു പോലീസ് ഇൻസ്പെക്ടർ എന്ന നിലയിൽ ഞാൻഎന്റെ ജോലി ചെയ്യുന്നു. ആ പാവം പെണ്‍കുട്ടിയുടെ അവസ്ഥ ഓർത്തെങ്കിലും, അവളോട്‌ ഇങ്ങനെ ഒരുതെറ്റുചെയ്തഅയാൾക്ക്‌ ശിക്ഷവാങ്ങി കൊടുക്കേണ്ടത് നിങ്ങളുടെ കടമയല്ലേ, ?” “ഇത്രയൊക്കെ ആയിട്ടും അവളെ വിവാഹംകഴിക്കാമെന്ന് അവര് സമ്മതിചിട്ടുണ്ട്, അതുകൊണ്ട് ഇനിയിപ്പോൾ കേസിന്റെ ആവശ്യമെന്താ? അവൻ അവളെവിവാഹം കഴിച്ചോളും. ”

“അവനോ, നിങ്ങൾക്കെന്താ ഭ്രാന്തുണ്ടോ അവനെപ്പോലോരുത്തനെകൊണ്ട് ആ പാവം പെണ്ണിനെ കെട്ടിക്കാനോ? ” ഇൻസ്പെക്ടറുടെ ശബ്ദം കനക്കുന്നത് അവൾ കേട്ടു.

“പിന്നെ ഞങ്ങൾ എന്ത് ചെയ്യണം? ഇതാവുമ്പോൾ അല്പം അഭിമാനമെങ്കിലും ബാക്കി കിട്ടും, ഒന്നുമില്ലെങ്കിലുംഅവൻ തന്നെയല്ലേ.” അച്ഛന്റെ ശബ്ദത്തിലെ നിസ്സഹായത അവളെ പതിവുപോലെ വേദനപ്പിച്ചില്ല.

“നിങ്ങൾക്കെന്തറിയാം , ജയിലിൽ ആകുമെന്ന് ഉറപ്പായപ്പോൾ അവൻ കണ്ടെത്തിയ വഴിയാണിത്, അല്ലാതെനിങ്ങളുടെ മകളോടുള്ള സ്നേഹം കൊണ്ടോ കുറ്റബോധം കൊണ്ടോ ഒന്നുമല്ല ”

“ഞങ്ങൾക്ക് പരാതിയില്ലെന്ന് പറഞ്ഞില്ലേ, ഇനി ഈ പേരും പറഞ്ഞ്‌ ആരും വരണ്ട ” അച്ഛന്റെ ശബ്ദം അവൾപിന്നെയും കേട്ടു.

“എനിക്കെന്ത് നഷ്ടം, ഇന്നാണ് കോടതിയിൽ മോഴികൊടുക്കേണ്ടത് .ഇതൊന്ന് വന്നു കോടതിയിൽ പറയാൻ മോളോട്പറഞ്ഞാൽ എന്റെ ജോലി തീർന്നു. അവളെ വിളിക്ക് ” അപ്പോൾ ഇന്നാണ് താൻ കോടതിയിൽ ചെല്ലേണ്ട ദിവസം.അവൾപതിയെ തന്റെ ഇരുട്ടുമുറിയുടെ വാതിലിൽ വന്നു നിന്നു.

“കുട്ടിക്ക് ഈ കല്യാണത്തിന് സമ്മതമാണോ?” അയാൾ വിശ്വാസം വരാതെ അവളോട്‌ തിരക്കി. മറുപടി ഇല്ലാതെഅവൾ നിർജീവമായ കണ്ണുകൾ കൊണ്ട് അയാളെ തന്നെ നോക്കി . അതിൽ അവളുടെ മറുപടി അയാൾ കണ്ടു.

“ഇന്ന് കോടതിയിൽ എത്തണം, കുട്ടിയെ കൊണ്ടുപോകാൻ വന്നതാണ് ഞാൻ ”

“വേണ്ട അവളെ ഞാൻ കൊണ്ടുവന്നോളാം”

അച്ഛൻ അയാളെ തടഞ്ഞു. “ശരി നിങ്ങളുടെ ഇഷ്ടം.” അയാൾ പോകാനിറങ്ങി.

“എനിക്കൊരു സംശയം, ഇതിലും ഭേദം ആ കൊച്ചിനെ കൊന്നുകളഞ്ഞൂടെ. നിങ്ങളുടെ മകളെ ഒരു പട്ടി കടിച്ചാൽഅവളെ അതിനു കെട്ടിച്ചു കൊടുക്കുമോ?, ഒരു പാമ്പാണെങ്കിൽ ജീവിതകാലം മുഴുവൻ അതിന്റെ കൂടെ കിടക്കാൻവിടുമോ?”

ഒന്നുകൂടി തിരിഞ്ഞുനോക്കി കൊണ്ടായിരുന്നു അയാളുടെ ചോദ്യം.

“ഈ കല്യാണം കൊണ്ട് നിങ്ങളുടെ ഏത് സൽപ്പേരാണ് തിരിച്ചു കിട്ടുന്നത് .അഭിമാനം ശരീരത്തിലല്ല മനസ്സിലാ,ഇങ്ങനെ ഒരുത്തന് മകളെ കെട്ടിച്ച് കൊടുത്താൽ രണ്ടു ദിവസത്തിനുള്ളിൽ അവനീ പെങ്കൊച്ചിനെ വിൽക്കും അല്ലെങ്കിൽകൊല്ലും എന്നുള്ളതിന് സംശയമില്ല. അപ്പോൾ തന്റെ അഭിമാനം തിരിച്ചുവരുമോ? തെറ്റ് ചെയ്തത് അവനാണ് അല്ലാതെതന്റെ മകളല്ല , ശിക്ഷയും അയാൾക്കായിരിക്കണം ” അച്ഛന്റെ മുഖം താഴുന്നത് അവൾ കണ്ടു.

“ഞാൻ പറയാനുള്ളത് പറഞ്ഞു. ഇനി നിങ്ങളുടെ ഇഷ്ടം . കോടതിയിൽ വന്നു എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക്പറയാം. ”

അയാൾ വെളിയിലേക്കിറങ്ങി.

“സർ , ഞാനുമുണ്ട് ”

അവൾ പെട്ടെന്ന് മുന്നോട്ട്‌ നടന്നു. മുറിയിലെ ഇരുട്ടിൽ നിന്ന് ഒരുപാട് നാളുകൾക്കു ശേഷം അവൾ വെളിയിലേക്ക്വന്നു. പുറം ലോകത്തിന്റെ വെളിച്ചം വീണ്ടും അവളുടെ ശരീരത്തിന് നിഴലുകൾ സൃഷ്ടിച്ചു . ഇത്തവണ അതവളെഭയപ്പെടുത്തിയില്ല ,മറിച്ച് അവളുടെ കൂടെ അതും ചേർന്ന് നടന്നു.

“നീ എവിടെക്കാ ? ”

അച്ഛന്റെ ചോദ്യം പൂർത്തിയാകും മുന്നേ അവൾ പറഞ്ഞു, “ഞാൻ കോടതിയിലെക്കാ, ഇനിയാർക്കും എന്റെ ഗതിവരരുത്. പോകാം സർ ”

അവൾ ഇൻസ്പെക്ടറോട് പറഞ്ഞു. അയാൾ അവൾക്കായി വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു. അവളുടെകണ്ണിൽ അപ്പോൾ ഉണ്ടായിരുന്നത് നിരാശയുടെ ഇരുട്ടല്ലായിരുന്നു ,മറിച്ച് പ്രതികാരത്തിന്റെ കനലായിരുന്നു. ആ കനൽവെളിച്ചം അവളുടെ ഉള്ളിലുണ്ടായിരുന്ന നഷ്ട ബോധത്തിന്റെ ഇരുട്ടിനെ അകറ്റി ഒരു വല്ലാത്ത പ്രകാശം മുഖത്ത് വരുത്തുന്നത് അയാൾ കണ്ടു.