News

‘ഞാൻ മരിക്കാൻ പോകുന്നു…’; ജെസ്‌നയുടെ ഫോണിൽ നിന്നുള്ള അവസാന സന്ദേശത്തിൽ ആശങ്കയോടെ അന്വേഷണ സംഘം

കോട്ടയം ജില്ലയിലെ എരുമേലിയില്‍ നിന്ന് കാണാതായ മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെക്കുറിച്ചു യാതൊരു വിവരം ഇല്ല. ജെസ്‌ന അവസാനമയച്ച സന്ദേശത്തില്‍ തപ്പിത്തടയുകയാണ് പോലീസ്‌. ‘ഐ ആം ഗോയിങ്‌ ടു ഡൈ’ -കാണാതാകുന്നതിനു മുമ്പ്‌ ജെസ്‌ന മൊബൈല്‍ ഫോണില്‍ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്‌. ഇതു സൈബര്‍ പോലീസിനു കൈമാറി.

ഒന്നുകില്‍ എല്ലാവരെയും കബളിപ്പിക്കാന്‍ ഈ സന്ദേശമയച്ചശേഷം ജെസ്‌ന ഒളിവില്‍ പോയതാകണം, അല്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചശേഷം അയച്ചതായിരിക്കണം- രണ്ടു സാധ്യതകളും പോലീസ്‌ തള്ളിക്കളയുന്നില്ല. ജെസ്‌നയുടെ ഫോണില്‍നിന്നു മറ്റാരെങ്കിലും ഈ സന്ദേശം അയച്ചതാകാനുള്ള സാധ്യതയും പോലീസ്‌ അന്വേഷിക്കുന്നു.

നീലനിറത്തിലുള്ള കാറില്‍ ജെസ്‌നയെ കണ്ടെന്ന വിവരമാണ്‌ ഏറ്റവുമൊടുവില്‍ പോലീസിനു ലഭിച്ചത്‌. ഈ തുമ്പല്ലാതെ, അന്വേഷണ സംഘത്തിന്റെ പക്കലുള്ളതു ജെസ്‌നയുടെ മൂന്നു ഫോട്ടോകള്‍ മാത്രം. ജെസ്‌നയുടെ മൂന്നു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള അന്വേഷണം. ഇതുവരെ 500 പേരെ ചോദ്യംചെയ്‌തു. ഇനി വീട്ടുകാരെയാണു ചോദ്യം ചെയ്യാനുള്ളത്‌. ജെസ്‌നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം രണ്ടുലക്ഷത്തില്‍നിന്ന്‌ അഞ്ചുലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജെസ്നയെ കണ്ടെത്താന്‍ ഇടുക്കി ജില്ലയിലെ വനമേഖലയില്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്നുള്ള 400 പൊലീസുകാരനാണ് തിരച്ചില്‍ സംഘത്തിലുള്ളത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിലാണു തിരച്ചില്‍.

ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്. എരുമേലിയില്‍നിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്.