Entertainment

പ്രേതമായി ജീവിച്ച് പ്രേതമായി മരിച്ച ഒരു പെൺകുട്ടി.!!

ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. മാനസികമായും ശാരീരികമായും ആരോഗ്യപരമായും എല്ലാം. എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ നമ്മളെല്ലാവരും ശ്രമിക്കാറും ഉണ്ട്. പ്രേതങ്ങളും ബാധയൊഴിപ്പിക്കലും നമ്മുടെ നാട്ടില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ പോലും നല്ലൊരു ബിസിനസ് ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കധികം വേരു പിടിച്ചിട്ടുണ്ട് പലയിടങ്ങളിലും ഇത്തരത്തിലുള്ള അന്ധവിശ്വാസം. പ്രേതകഥകള്‍ വായിക്കാനും അതിനെക്കുറിച്ച് അറിയാനും ഇഷ്ടപ്പെടുന്നവര്‍ക്ക് വായിച്ച് പഠിച്ച് പേടിക്കാവുന്ന ഒന്നാണ് എമിലി റോസിന്റെ കഥയും ജീവിതവും.

എക്‌സോസിസം ഓഫ് എമിലി റോസ് എന്ന പേരില്‍ ഒരു സിനിമ പോലും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച കാര്യങ്ങളാണ് എന്നതാണ് ഞെട്ടലോടെ നമ്മള്‍ എന്നും ഓര്‍ക്കേണ്ട ഒന്ന്. എമിലിയുടെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴ അവളെ ജീവിതത്തില്‍ നിന്ന് തന്നെ എന്നന്നേക്കുമായി അകറ്റി. അന്ധവിശ്വാസങ്ങളുടേയും മറ്റും പുറകേ പോയപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് നഷ്ടപ്പെട്ടത് അവളുടെ ജീവിതം തന്നെയാണ്. എമിലിയുടെ ജീവിതത്തിലേക്ക്,

എമിലി റോസ് എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് ആനിലീസ് മൈക്കല്‍ എന്നായിരുന്നു. 1952 സെപ്റ്റംബര്‍ 21ന് ജര്‍മനിയിലായിരുന്നു എമിലി ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വളരെയധികം അന്ധവിശ്വാസങ്ങള്‍ കൂടുകൂട്ടിയിട്ടുള്ള കുടുംബത്തിലാണ് ഇവള്‍ വളര്‍ന്നതും ജീവിച്ചതും എല്ലാം. ഇതെല്ലാം തന്നെ എമിലിയുടെ ജീവിതത്തെ വളരെ നെഗറ്റീവ് ആയി തന്നെ ബാധിച്ചിരുന്നു.

കാത്തോലിക് കുടുംബത്തില്‍ ആയിരുന്നു എമിലി ജനിച്ചത്. ക്രിസ്ത്യന്‍ ജീവിതത്തെക്കുറിച്ചും അവരുടെ പുണ്യപാപങ്ങളെക്കുറിച്ചും വളരെയധികം വിശ്വസിച്ചിരുന്ന ഒരു കുടുംബമായിരുന്നു എമിലിയുടേത്. എന്ത് ചെയ്താലും അതിലെ പാപത്തെ കൂടി ഉള്‍ക്കൊള്ളുന്ന വിധത്തിലായിരുന്നു അവിടെ കാര്യങ്ങള്‍ നടന്നിരുന്നത്. ഇത് എമിലിയുടെ ജീവിതത്തെ വളരെയധികം ബാധിച്ചിരുന്നു.

മതത്തിന്റെ എല്ലാ ചട്ടക്കൂടുകളിലും ഒതുങ്ങി ജീവിക്കുന്ന കുടുംബമായിരുന്നു എമിലിയുടേത്. പാപത്തിന്റെ പേര് പറഞ്ഞ് പലരും അതിശൈത്യകാലത്ത് പോലും വെറും നിലത്തായിരുന്നു കിടന്നുറങ്ങിയിരുന്നത്. എന്നാല്‍ ഇതിന്റെ ഫലമായി എമിലിക്ക് കൈകാലുകള്‍ കോച്ചുന്ന രോഗം അധികം വൈകാതെ തന്നെ പിടി പെട്ടു.

എന്നാല്‍ എമിലി വിശ്വസിച്ചിരുന്നത് വേറെ തരത്തിലായിരുന്നു. ഇത്തരത്തില്‍ നിലത്ത് കിടന്നുറങ്ങുന്നത് ലോകത്തുള്ള മയക്കു മരുന്നിന് അടിമയായവര്‍ക്ക് വേണ്ടിയുള്ള പ്രായശ്ചിത്തം ചെയ്യുന്നതിന് വേണ്ടിയാണ് എന്നതാണ്. എന്നാല്‍ പതിയെ പതിയെ തന്റെ ജീവിതം കൈവിട്ട് പോവുകയാണെന്ന് എമിലി മനസ്സിലാക്കിയില്ല.

എന്നാല്‍ സ്ഥിരമായി നിലത്ത് കിടന്നുറങ്ങുന്നത് മൂലം തണുപ്പിന്റെ ആധിക്യം എമിലിയെ ഒരു അപസ്മാര രോഗിയാക്കി മാറ്റിയിരുന്നു. കൈകാലുകള്‍ കോച്ചി പിടിക്കുകയും തണുപ്പിന്റെ കാഠിന്യം നിമിത്തം കൈകാലുകള്‍ നിവര്‍ത്താന്‍ പോലും പറ്റാത്ത അവസ്ഥയിലേക്കെത്തി എമിലി. എന്നാല്‍ ഇതിന് ചികിത്സിക്കുന്നതിനായി വീട്ടുകാര്‍ ഉടനേ തന്നെ എമിലിയെ നല്ലൊരു ക്ലിനിക്കിലേക്ക് മാറ്റി. ഈ അസുഖത്തിന്റെ ഫലമായ എമിലിയില്‍ മാനസികമായും ശാരീരികമായും പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.

ദിവസം ചെല്ലുന്തോറും അവളുടെ അവസ്ഥ വളരെയധികം മോശമായിക്കൊണ്ടിരുന്നു. എന്നാല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ എമിലിയെ അടുത്ത മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് വീട്ടുകാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ എമിലിയുടെ പല ചേഷ്ടകളും ബാധ കയറിയതു പോലെയെന്ന് വീട്ടുകാര്‍ പറയാന്‍ തുടങ്ങി. പ്രാര്‍ത്ഥനക്കിടയില്‍വലിയ ശബ്ദമുണ്ടാക്കുക, അലറുക തുടങ്ങിയവയൊക്കെയായിരുന്നു എമിലിയുടെ സ്വഭാവം.

തന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ എമിലി ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. എന്നാല്‍ ഒരു രോഗിയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല എന്ന് മാത്രമല്ല ആന്റി സൈക്കോട്ടിക് മരുന്നുകള്‍ അവള്‍ക്ക് നല്‍കുന്നതിനും തുടങ്ങി. ഇതോടു കൂടി എമിലി ഡിപ്രഷനിലേക്ക് വീണു

ഇത്തരത്തിലുള്ള ഒരു അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി എമിലി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ മതവിശ്വാസ പ്രകാരം ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത പാപമാണ് ആത്മഹത്യ. എന്നാല്‍ തനിക്ക് പ്രേതബാധയുണ്ടെന്ന് എമിലി തന്നെ പിന്നീട് ഉറച്ച് വിശ്വസിക്കാന്‍ തുടങ്ങി. ഇത് എമിലിയുടെ സമനില വീണ്ടും തെറ്റിച്ചു.

ഏകദേശം അഞ്ച് വര്‍ഷത്തോളം ഇതേ ചികിത്സ തന്നെ ഡോക്ടര്‍ തുടര്‍ന്നു. എന്നിട്ടും എമിലിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റം വന്നില്ല. മാത്രമല്ല ഓരോ ദിവസം ചെല്ലുന്തോറും അവസ്ഥ മോശമായിക്കൊണ്ട് വന്നു. എന്നാല്‍ ഡോക്ടര്‍ക്ക് പോലും എമിലിയുടെ അവസ്ഥയെക്കുറിച്ച് കൃത്യമായ രൂപം ലഭിച്ചില്ല. ഇതിന്റെ ഫലമായി എല്ലാ വിധത്തിലുള്ള പരീക്ഷണങ്ങളും എമിലിയുടെ ശരീരത്തില്‍ അവര്‍ നടത്തി. നാള്‍ക്ക് നാള്‍ ചെല്ലുന്തോറും എമിലി വേട്ടയാടപ്പെട്ടു കൊണ്ടിരുന്നു.

എന്നാല്‍ ഇതെല്ലാം പരീക്ഷിച്ചിട്ടും എമിലിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റം വന്നില്ല. പിന്നീട് കുടുംബം എമിലിയെ പ്രേതബാധയാണെന്ന് ധരിച്ച് ഒരു വൈദികനടുത്തേക്ക് ചികിത്സക്കയച്ചു. എന്നാല്‍ പള്ളിയിലെത്തിയ എമിലി കാണിച്ചത് കണ്ട് പ്രേതബാധയെന്ന് തന്നെ പള്ളിയിലെ പാസ്റ്റര്‍ ഉറപ്പിച്ചു.

ഏണസ്റ്റ് ആള്‍ട്ട് എന്നായിരുന്നു അയാളുടെ പേര്. എമിലി തന്റെ ദേഹത്ത് പ്രവേശിച്ചിരിക്കുന്ന ആത്മാവിന്റെ നിയന്ത്രണത്തിലാണ് എന്ന് തന്നെ അയാള്‍ ഉറച്ച് വിശ്വസിച്ചു. ഇതിനെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്

എന്നാല്‍ പിന്നീട് എമിലിയുടെ ദേഹത്ത് കയറിയ ബാധ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം എമിലി വളരെയധികം ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.

ഏകദേശം പത്ത് മാസങ്ങള്‍ കൊണ്ട് 67 തവണ എമിലിയുടെ ശരീരത്തിലെ ബാധയൊഴിപ്പിക്കല്‍ നടന്നു. ചിലതെല്ലാം നാലു മണിക്കൂറിലധികം നീണ്ടു നിന്ന പ്രവൃത്തികളായിരുന്നു. ഇത് എമിലിയെ പാടേ തളര്‍ത്തിയിരുന്നു.

എന്നാല്‍ ഓരോ ദിവസം ചെല്ലുന്തോറും എമിലിയുടെ അവസ്ഥ വളരെയധികം മോശമായി വരികയാണ് ഉണ്ടായത്. സ്വന്തം കുടുംബത്തില്‍ പെട്ടവരെ തന്നെ എമിലി ഉപദ്രവിക്കാനും കടിക്കാനും മറ്റും ചെയ്തു തുടങ്ങി. മാത്രമല്ല സ്വയം ഉപദ്രവിക്കുന്നതിനും എമിലി പലപ്പോഴും തയ്യാറായി.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും പോലും കഴിക്കാതെ എമിലി ജീവിച്ചു. അവരുടെ മുട്ടിന്റെ ചിരട്ട സ്വയം ആക്രമണത്തില്‍ തകര്‍ന്നിരുന്നു. എങ്ങനെയെങ്കിലും തന്നെ കൊന്നു തരാന്‍ അവര്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു. ഈ അവസ്ഥയില്‍ എമിലിക്ക് ന്യൂമോണിയ പിടി പെടുകയും ചെയ്തു. എങ്കിലും ബാധയൊഴിപ്പിക്കല്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു

1976 ജൂണ്‍ 30നാണ് എമിലിയുടെ അവസാന ബാധയൊഴിപ്പിക്കല്‍ നടന്നത്. എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി അവള്‍ വളരെയധികം ഭയപ്പെട്ടിരുന്നതായി അവസാന സമയത്തും അവള്‍ അമ്മയോട് പറഞ്ഞിരുന്നു. അങ്ങനെ അവള്‍ മരണത്തിന് കീഴടങ്ങി. എന്നാല്‍ മെഡിക്കല്‍ റെക്കോര്‍ഡ്‌സില്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിച്ച ഒരാളായി എമിലി ഒതുങ്ങി.

പത്രങ്ങളിലേയും ടിവിയിലേയും വാര്‍ത്തയിലൂടെ എമിലിയുടെ മരണത്തില്‍ ആളുകള്‍ക്കുണ്ടായ സംശയമാണ് പിന്നീട് അവള്‍ക്ക് സംഭവിച്ച ദുരന്തത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യിക്കുന്ന അവസ്ഥയിലേക്ക് എത്തിയത്. കൃത്യമായ ചികിത്സ നല്‍കാതെ മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും എമിലിയെ വിട്ടു കൊടുത്തതിനും മന്ത്രവാദം ചെയ്ത് അവളുടെ ജീവന്‍ ഇല്ലാതാക്കിയതിനും അമ്മയേയും അച്ഛനേയും പാസ്റ്ററേയും പിന്നീട് അറസ്റ്റ് ചെയ്തു ശിക്ഷിച്ചു. എത്രയൊക്കെ പാഠങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ ഉണ്ടെങ്കിലും അന്നും ഇന്നും അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദത്തിനും നമ്മുടെ നാട്ടില്‍ ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം.