Entertainment

20 ചിത്രങ്ങൾ അടുപ്പിച്ച്‌ പരാജയപ്പെട്ടിട്ടും തലയെടുപ്പോടെ നിൽക്കാൻ ഈ ഒരു സൂപ്പർ താരത്തിന്‌ സാധിക്കുന്നത്‌ എന്തുകൊണ്ടാണ്?

മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ ആണ് മമ്മൂട്ടി.

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടുകയും ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാര നേട്ടവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും 1998-ൽ ഭാരതസർക്കാറിന്റെ പത്മശ്രീയും ഒക്കെ ലഭിച്ചിട്ടുള്ള താരരാജാവ് ആയ മമ്മൂട്ടിയ്ക്ക് താൻ അഭിനയിച്ച 20 സിനിമകൾ തുടർച്ചയായി പൊട്ടിപ്പൊളിഞ്ഞ ഒരു ചരിത്രം ഉണ്ടെന്ന് അറിഞ്ഞാൽ ഓരോ മലയാള സിനിമാ പ്രേമിയ്ക്കും വിശ്വസിക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാകും.

മലയാള സിനിമാ ലോകത്തിലല്ലെങ്കിൽ ആ നടൻ എന്നോ പ്രേക്ഷകരുടെ മനസ്സിൽ നിന്നു തന്നെ മാഞ്ഞുപോകുമായിരുന്നു. പക്ഷേ ഇവിടെ മമ്മൂട്ടിയുടെ അഭിനയമികവും ഫാൻസുകാരുടെയും പ്രേക്ഷകരുടെയും മാധ്യമങ്ങളുടെയും സപ്പോർട്ടും ഉള്ളതുകൊണ്ട് മമ്മൂട്ടി എന്ന നടൻ ഇപ്പോഴും സൂപ്പർസ്റ്റാർ പദവിയിൽ തന്നെ ഉണ്ട്.

2010ൽ റിലീസ് ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് സെയന്റിനു ശേഷം 21 മമ്മൂട്ടി ചിത്രങ്ങൾ റിലീസ്ചെയ്തു. അതിൽ രണ്ടെണ്ണം മാത്രം ചെറിയ വിജയം നേടി. ബാക്കിയെല്ലാം തകർന്നു തരിപ്പണമായി എന്ന് തന്നെ പറയാം.

രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനു ശേഷം റിലീസ് ചെയ്യുന്നത് ബെസ്റ്റ് ആക്ടർ, ഓഗസ്റ്റ് 15, ഡബിൾസ്, ട്രെയിൻ, ബോംബെ മാർച്ച് 12, വെനീസിലെ വ്യാപാരി, കിങ്ങ് ആൻഡ് കമ്മിഷണർ, കോബ്ര, താപ്പാന, ജവാൻ ഓഫ് വെള്ളിമല, ഫേസ് ടു ഫേസ്, ബാവൂട്ടിയുടെ നാമത്തിൽ, കമ്മത്ത് ആൻഡ് കമ്മത്ത്, ഇമാനുവൽ, കടൽ കടന്നൊരു മാത്തുക്കുട്ടി, കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സൈലൻസ്, ബാല്യകാലസഖി, പ്രെയ്സ് ദ് ലോഡ് എന്നീ ചിത്രങ്ങളാണ്.

ഇതിൽ ഇമാനുവൽ, ക്ലീറ്റസ്, കമ്മത്ത് ആൻഡ് കമ്മത്ത് എന്നിവ മാത്രമാണ് അല്പമെങ്കിലും ആശ്വസിക്കാവുന്ന ഒരു വിജയം നേടിയത്. ബാക്കിയെല്ലാം പരാജയത്തിന്റെ കാര്യത്തിൽ ഒരേഗണത്തിൽ പെട്ടതായിരുന്നു. ഇതിൽ പലതിനും സാറ്റലൈറ്റ് റൈറ്റിലൂടെ ലാഭം നേടാൻ കഴിഞ്ഞെങ്കിലും തിയറ്ററിൽ പരാജയം നേരിടേണ്ടി വന്നവ തന്നെ ആയിരുന്നു.

ആത്യന്തികമായി പ്രേക്ഷകരെ രസിപ്പിക്കുന്നതാകണം സിനിമ അല്ലാതെ നിർമ്മാതാവിന് ലാഭം ഉണ്ടാക്കി കൊടുക്കുന്ന ഒന്ന് മാത്രമാകരുത്. അങ്ങിനെ നോക്കുമ്പോൾ ഈ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടു എന്ന് തന്നെ പറയാം.

ഇത്രയൊക്കെ സിനിമകൾ പരാജയപ്പെട്ടിട്ടും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുന്നവർ ഒരു വീണ്ടുവിചാരത്തിനു തയാറാകാതിരുന്നത് മമ്മൂട്ടി എന്ന നടനിൽ ഉള്ള, അദ്ദേഹത്തിന്റെ അഭിനയമികവിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് തന്നെയാണ്.

തൊട്ടതൊക്കെയും പൊന്നാക്കിയ മമ്മൂട്ടിയ്ക്ക് ഈ പരാജയങ്ങളിൽ നിന്നും കര കയറുവാനും എളുപ്പം സാധിച്ചു എന്ന് പറയാം. അതിനുള്ള തെളിവ് ആണ് പിന്നീടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങലിലൂടെയുള്ള ശക്തമായ തിരിച്ചു വരവ്.