Entertainment

“എത്ര കഷ്ടപ്പാട് സഹിച്ചിട്ടായാലും ആട് 3 നു വേണ്ടി ഞാനത് ചെയ്യും…!”; മിഥുൻ മാനുവൽ തോമസ് പറയുന്നു

ആട് 2 വിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗവും പ്രഖ്യാപിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം ത്രി ഡിയിലായിരിക്കും ഇറങ്ങുക എന്ന പ്രഖ്യാപനം ഇന്നലെ വൈകിട്ട് നടത്തി. ആട് ഫ്രാഞ്ചൈസിയിലെ കഥാപാത്രങ്ങളെ അതേപടി നിലനിര്‍ത്തിയായിരിക്കും ആട് ത്രീയും ഒരുക്കുക.

എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ സിനിമ ത്രിഡിയില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സിനിമയെക്കുറിച്ചുള്ള കമന്റിനായി മിഥുനെ ഫോണില്‍ വിളിച്ചപ്പോള്‍ കമന്റ് പറയാനുള്ള ടൈം ആയിട്ടില്ല, എല്ലാം സെറ്റായി കഴിയുമ്പോള്‍ വിശദമായി പറയാമെന്ന മറുപടിയാണ് മിഥുന്‍ പറഞ്ഞത്.

ആട് 3 യുടെയും കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത് മിഥുന്‍ തന്നെയാണ്. അതിനിടെയാണ് ആസിഫ് അലി ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.

ആട് 2 തിയേറ്ററുകളില്‍നിന്ന് 30 കോടി രൂപയ്ക്ക് അടുത്ത് കളക്ഷന്‍ നേടിയിരുന്നു. സോഷ്യല്‍ മീഡിയ ഒന്നായി ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ഷാജി പാപ്പനെ കേന്ദ്രകഥാപാത്രമാക്കി ആടിന് രണ്ടാം ഭാഗമൊരുക്കിയത്. ഇപ്പോള്‍ ആട് ആദ്യ ഭാഗം തിയേറ്ററുകളില്‍ റീറിലീസിന് എത്തിക്കുകയാണ് വിജയ് ബാബു. നാളെ മുതല്‍ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ആട് പ്രദര്‍ശിപ്പിക്കും. ഏതാനും ആഴ്ച്ചകളിലേക്ക് മാത്രായിരിക്കും ഇത്. ആട് 2 വിജയിച്ച പശ്ചാത്തലത്തില്‍ ആട് കാണാന്‍ ആളുണ്ടാകും എന്ന ധാരണയിലാണ് അണിയറക്കാര്‍.