Entertainment

അവൾക്കെ ചൊവ്വാ ദോഷം ഉള്ളതാ… കെട്ടുന്നവൻ എട്ടിന്റന്ന് തട്ടിപ്പോകുമെന്നാ പറഞ്ഞ് കേൾക്കുന്നത്…….

*****എട്ടിന്റെ പ്രണയം******

അവൾക്കെ ചൊവ്വാ ദോഷം ഉള്ളതാ… കെട്ടുന്നവൻ എട്ടിന്റന്ന് തട്ടിപ്പോകുമെന്നാ പറഞ്ഞ് കേൾക്കുന്നത്…….

ഉമ്മറത്തിരുന്ന അമ്മാവന്റെ ഉച്ചത്തിലുള്ള വാക്കുകൾ എന്റെ മനസ്സിൽ ആണി അടിച്ചത് പോലെ തുളച്ച് കയറി…….

ഭഗവാനെ ഇതും ഈ മൂപ്പീന്ന് മുടക്കുമോ….

മൂന്ന് കൊല്ലം കൊണ്ട് പെണ്ണ് കാണാൻ നടക്കുകയാണ് ഇന്ന് വരെ ഒരെണ്ണം പോലും ശരിയായില്ല…..

വേറൊന്നുമല്ല കയ്യിലിരിപ്പ് നന്നല്ല അത് തന്നെ കാരണം….

നാട്ടിലെ പേരെടുത്ത തെമ്മാടികളിൽ അറിയപ്പെടുന്ന ഒരാൾ അതാണ് നാട്ടുകാർ എനിക്ക് തന്ന വിശേഷണം….

എന്തായാലും ആ ചൊവ്വാ ദോഷക്കാരിയെ കൂടി ഒന്ന് കാണാം എന്ന് കരുതി….

അമ്മാവനും ബന്തുക്കളും ഒക്കെ അവളെ കണ്ടതാണ്…

എന്നിട്ട് തിരികെ വന്നിട്ടായിരുന്നു അമ്മാവന്റെ പ്രസംഗം…

കാലത്ത് തന്നെ കൂട്ടുകാരുമായി പെണ്ണ് കാണാൻ പോയി…

പെണ്ണിന്റെ അച്ഛന്റെയും ബന്തുക്കളുടേയും തള്ളിനും ചോദ്യം ചെയ്യലിനുമിടാക്കാണ് ചുവന്ന സാരിയിൽ ഒരു വെളുത്ത മുഖം ചായയുമായി എന്റെ നേർക്ക് വരുന്നത് ഞാൻ കണ്ടത്…

ചായ അവൾ എന്റെ നേർക്ക് നീട്ടുമ്പോൾ അവളുടെ മുഖത്തേക്കായിരുന്നു എന്റെ നോട്ടം….

ചെക്കനും പെണ്ണിനും എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാം…

പെണ്ണിന്റെ അമ്മാവൻ പറഞ്ഞ് തീരുന്നതിന് മുന്നിലെ തന്നെ ഞാൻ അവൾ കയറിയ മുറിയിലേക്ക് പിന്നാലെ ഞാനും നടന്ന് കയറി…

എന്താ കുട്ടിയുടെ പേര്…..

ആർക്കോ വേണ്ടി ഓക്കാനിക്കുന്ന പോലെ അവൾ പറഞ്ഞു മീനാക്ഷി….

അതേയോ എന്റെ പേര് വരുൺ……

എന്താണ് മീനാക്ഷി ഒരു ബന്ധവുമില്ലാത്ത ആളെ പോലെ നിൽക്കുന്നത് ഒന്നുമില്ലെങ്കിലും തന്നെ പെണ്ണ് കാണാൻ വന്ന ചെക്കനല്ലേ ഞാൻ….

പിന്നീടുള്ള സംസാരത്തിൽ നിന്നാണ് അവളുടെ ദേഷ്യത്തിന്റെയും ആ മുശിഞ്ഞ ഭാവത്തിന്റെയുമൊക്കെ അർഥം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്….

ചേട്ടാ കഴിഞ്ഞ നാല് വർഷമായി ഒരാഴ്ച്ചപോലും ഇടവിടാതെ എന്നെ കാണാൻ വരുന്ന ഓരോ പുരുഷന്മാരുടെ മുന്നിലും ഒരു കളിപ്പാവയായ് അണിഞ്ഞൊരുങ്ങി നിന്നവളാണ് ഞാൻ…

ഞാൻ ആരെ ഇഷ്ടപ്പെട്ടിട്ടു എന്ത് കാര്യം ചേട്ടാ…

എനിക്ക് ഭർതൃ യോഗമില്ല… വിവാഹം കഴിച്ചാൽ ഭർത്താവ് എട്ടാം ദിവസം മരണപ്പെടും എന്നാണുള്ളത്….

എനിക്ക് വയ്യ മടുത്തു ഇനി ഒരാളുടെ മുന്നിൽ പോലും വെറുമൊരു പ്രഹസനമായി മാറാൻ എനിക്ക് വയ്യ….

അവളുടെ വാക്കുകളിലൂടെ അവൾ അവളെത്തന്നെ പഴിക്കുകയായിരുന്നു…..

ഞാൻ എന്ത് പറഞ്ഞാലും അവൾക്ക് അതൊരു പുച്ഛമായി തോന്നിയേക്കാം എന്നുള്ളത് കൊണ്ട് ഞാൻ ഒന്നും ഉരിയാടാതെ അങ്ങനെ നിന്നു….

എന്താ ചേട്ടൻ ഒന്നും മിണ്ടാത്തെ… സാരമില്ല ചേട്ടാ എനിക്ക് മനസ്സിലാകും നിങ്ങളുടെ ഈ മൗനത്തിന്റെ കാരണം…..

ഞാൻ തിരികെ നടക്കാൻ തുടങ്ങിയതും അവൾ പിന്നിൽ നിന്ന് വിളിച്ചു….

ചേട്ടാ വീട്ടിൽ ചെന്നിട്ട് കാരണവന്മാരെ കൊണ്ട് അച്ഛനോട് വിളിച്ച് പറയിപ്പിച്ചോളൂ ഈ ദോഷക്കാരിയെ ഇഷ്ടായില്ലെന്ന്……

അതെ മീനാക്ഷി എനിക്ക് തന്റെ അച്ഛന്റെ നമ്പർ വേണ്ടാ….

പകരം എനിക്ക് തന്റെ നമ്പർ തരുമോ….

തന്റെ സ്വപ്നങ്ങളുലും ഇഷ്ടങ്ങളുമൊക്കെ എന്താണെന്ന് ഞാൻ അറിയണ്ടേ… കാരണം നമ്മുടെ വിവാഹം കഴിഞ്ഞാൽ എല്ലാം നടത്തി തരാൻ ഞാനോരാളല്ലേ ഉള്ളൂ……

എന്റെ പൊന്ന് മീനു ഇത്ര നാൾ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും വേണ്ടി ചാവാൻ നടന്നു

ഇനി കുറച്ച് നാൾ സ്വന്തം ഭാര്യക്ക് വേണ്ടി മരിക്കാൻ ജീവിക്കട്ടടോ….

ഞാനിത് പറഞ്ഞ് തീരുമ്പോൾ അവളുടെ ഉള്ളിൽ ഒരുപോലെ സങ്കടത്തിന്റെയും സന്തോഷത്തിന്റെയും തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു……

തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുകാരും ബന്തുക്കളുമൊക്കെ ഒരുപാട് എതിർത്തെങ്കിലും എന്റെ വാശിക്ക് മുന്നിൽ അവരെല്ലാം മുട്ട് മടക്കി….

മീനാക്ഷി എന്നോട് വളരെ വേഗം തന്നെ അടുത്തു…

കൂടുതൽ അടുത്തിട്ടാവണം അവൾ എന്നോട് ഈ വിവാഹത്തിൽ നിന്ന് പിന്മാറാൻ എന്നെ നിർബന്തിച്ച് കൊണ്ടേ ഇരുന്നു….

എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടും എനിക്ക് വല്ലതും സംഭവിക്കുമോ എന്ന പേടിയുമായിരുന്നു അതിന് കാരണം….

പക്ഷെ ഒരിക്കൽ പോലും ഞാൻ അതിന് ചെവി കൊടുത്തതെ ഇല്ല….

വിവാഹം കഴിഞ്ഞ് ഇറങ്ങാൻ നേരം സാധാരണ പെൺകുട്ടികളെ പോലെ അവൾ അമ്മയുടെയും അച്ഛന്റെയും നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞില്ല…

പകരം എന്റെ കൈകളിൽ അവൾ മുറുകെ പിടിച്ച് നിന്നു…

അതിൽ തന്നെ ഉണ്ടായിരുന്നു എന്നെ മറ്റാർക്കും വിട്ട് കൊടുക്കില്ല എന്നുള്ള വാശി….

വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ എന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ചോദിച്ചറിഞ്ഞ അവൾ ഞാൻ ഉറങ്ങിയിട്ടും അവൾ മാത്രം തീരെ ഉറങ്ങിയില്ല……

എല്ലാവരും ഹണിമൂണിന് പോകുമ്പോൾ അവൾ എന്നെയും കൂട്ടി പോയത് ഓരോ അമ്പലനടകളിലായിരുന്നു…….

ഓരോ ദിനവും രാത്രിയിൽ എന്റെ ഇടനെഞ്ചിൽ ഉറങ്ങാതെ കിടക്കുന്ന അവളുടെ കണ്ണുനീർ തുള്ളികൾ ദൈവത്തിനോടുള്ള അവളുടെ യാചനയായിരുന്നു….

അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാവണം എനിക്കും ഉള്ളിൽ ഭയം വേരൂന്നിയത്…..

ഉള്ളിൽ അവളറിയാതെ ഞാനും പലകുറി കരഞ്ഞിരുന്നു….

പ്രശ്ന പരിഹാരത്തിന് എന്നെയും കൂട്ടി അവൾ ഓരോ ജോത്സ്യന്റെയടുത്തും പോകുമ്പോൾ മറ്റൊരു മാർഗ്ഗവുമില്ല എന്ന വാക്ക് പറഞ്ഞ് അവരും കയ്യൊഴിഞ്ഞു….

വീട്ടിലെ അടുക്കളെയെക്കാൾ അവൾ സമയം കളഞ്ഞിരുന്നത് പൂജാമുറിയിലായിരുന്നു….

അവസാനം ആ എട്ടാം ദിവസവും വന്നു….

ഏട്ടാ….

എന്താ മീനു….

കഥയൊക്കെ പറഞ്ഞ് തീർന്നെങ്കിൽ വന്ന് കിടക്കാൻ നോക്കിയേ നാളെ ജോലിക്ക് പോകാനുള്ളതല്ലേ….

ദാ വരണു മീനു ഇത്തിരിക്കൂടിയെ ഉള്ളു……..

അപ്പൊ എന്താ പറഞ്ഞ് നിർത്തിയെ ങാ ആ എട്ടാം നാൾ…

പക്ഷെ ചൊവ്വായെ മാത്രം കണ്ടില്ല….

പിന്നെ ഞാൻ ചൊവ്വയെ കാണുന്നത് കലണ്ടറിൽ മാത്രമായിരുന്നു..

ശരിക്കും എന്നോടുള്ള അവളുടെ സ്നേഹം ഞാൻ അറിഞ്ഞത് അവൾ എനിക്ക് വേണ്ടി ഉറങ്ങാതിരുന്നത് ആ എട്ട് രാത്രികളിലായിരുന്നു……….

രചന: ഫിറോസ്
നിലാവിനെ പ്രണയിച്ചവൻ…..

കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം

( ശരിക്കും ഭൂമിയിൽ ജീവിക്കുന്ന നമ്മൾ എന്തിനാണ് മറ്റൊരു ഗ്രഹത്തിന്റെ പേരിൽ കണ്ണീരൊഴുക്കുന്നത് )