Celebrity

“സരിതയെ അറിയാമോ എന്നു ചോദിച്ച് മക്കളെ അപമാനിച്ചു..,ഒടുവിൽ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ വക ലൈംഗികാതിക്രമ ശ്രമവും..”;ഗുരുതര ആരോപണങ്ങളുമായി ജോസ് കെ മാണി എം പിയുടെ ഭാര്യ..

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജോസ്.കെ മാണി എം.പിയുടെ ഭാര്യ നിഷാ ജോസ് രംഗത്ത്. ട്രെയിന്‍ യാത്രക്കിടെ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ.എം മാണിയുടെ മരുമകള്‍ കൂടിയായ നിഷ ആരോപിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ പുസ്തകത്തിലാണ് ഇതുസംബന്ധിച്ച് നിഷ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവിനോടോ ഭര്‍തൃപിതാവായ കെ.എം മാണിയോടോ പറഞ്ഞതായി വ്യക്തമാക്കിയിട്ടില്ല.

പൊലീസില്‍ പരാതി നല്‍കിയോ എന്ന കാര്യവും പുസ്തകത്തില്‍ പറയുന്നില്ല. അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യാ പിതാവിനെ സന്ദര്‍ശിക്കുന്നതിനാണ് അയാള്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്. ഇതിനിടെയാണ് അയാള്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്ന് നിഷ പുസ്തകത്തില്‍ പറയുന്നു.

അയാള്‍ക്ക് താക്കീത് നല്‍കിയെങ്കിലും അത് അവഗണിച്ച് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ടി.ടി.ആറിനോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും ഇടപെടാന്‍ ധൈര്യമില്ലെന്ന് കാണിച്ച് തന്നെ അവഗണിച്ചതായി നിഷ ആരോപിക്കുന്നു. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്ന വിവാദവെളിപ്പെടുത്തലും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

സരിതയെ അറിയാമോയെന്നു കൂട്ടുകാരികള്‍ ചോദിച്ചപ്പോള്‍ മക്കള്‍ക്കുണ്ടായ വിഷമത്തെപ്പറ്റിയും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. സോളാറിലെയും ബാര്‍ വിഷയത്തിലെയും കഥകള്‍ ചിലര്‍ പൊടിപ്പുംതൊങ്ങലും വച്ച് ചിത്രീകരിച്ചപ്പോള്‍ ഒരു ദിവസം വീട്ടില്‍ കെ.എം. മാണി പറഞ്ഞു: പട്ടികള്‍ കുരയ്ക്കും, കുറച്ചു കഴിയുമ്പോള്‍ അവ കുരച്ചു ക്ഷീണിക്കും.

എന്നാല്‍ ഈ പട്ടികളുടെ കുര കേള്‍ക്കുന്ന സിംഹം ഓരോ നിമിഷവും കഴിയുമ്പോള്‍ കൂടുതല്‍ കരുത്തോടെ ഗര്‍ജിക്കാന്‍ തുടങ്ങും. ഇതാണ് വിവാദങ്ങളുടെ എല്ലാം അവസാനം. 59 അധ്യായങ്ങളുളള ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് ഇംഗ്ലിഷിലാണ് പുറത്തിറക്കുന്നത്.

പുസ്തകത്തിന്റെ മലയാളം പതിപ്പ് ഉടന്‍ പുറത്തിറങ്ങും. രാഷ്ട്രീയത്തിലിറങ്ങാനാണോ പുസ്തകമെഴുതുന്നത് എന്ന ചോദ്യത്തിനു രണ്ടുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. ബാര്‍ കോഴയും സോളാര്‍ വിഷയുമായി ബന്ധപ്പെട്ട് വീട്ടിനുള്ളില്‍ നടന്നതു പുസ്തകത്തില്‍ രണ്ട് അദ്ധ്യായങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു വിഷയങ്ങളിലുമുള്ള സത്യസന്ധമായ കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്നും നിഷ പറഞ്ഞു.