Celebrity

“മാണിക്യ മലരായ” പാട്ട് പിൻ വലിക്കില്ല..നിലപാട് തിരുത്തി ഒമർ ലുലുവും അണിയറ പ്രവർത്തകരും…

അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ എന്ന പാട്ട് പിന്‍വലിക്കുമെന്ന നിലപാട് തിരുത്തി സംവിധായകന്‍ ഒമര്‍ ലുലു. ഗാന രംഗത്തിനുള്ള പിന്തുണ പരിഗണിച്ചാണ് പാട്ട് പിന്‍വലിക്കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഒമര്‍ വ്യക്തമാക്കി. നേരത്തെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് പാട്ട് പിന്‍വലിക്കുമെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

 

ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും ചിത്രത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കുമെതിരേ ചിത്രത്തിലെ പാട്ടിലൂടെ മതത്തെ നിന്ദിച്ചുവെന്ന പരാതിയില്‍ ഹൈദരാബാദില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ‘മാണിക്യ മലരായ പൂവി’യെന്ന പാട്ടാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

മാണിക്യമലരായ എന്ന ഗാനം പഴയൊരു മാപ്പിളപ്പാട്ടാണ്. ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഗാനം ഹിറ്റ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ ഒരുക്കിയത്.

ഈ പാട്ടില്‍ പ്രവാചക നിന്ദയൊന്നുമില്ലെന്നും കേസിനെതിരേ പിന്തുണ ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അതേസമയം, പൊതുസമൂഹത്തെ വെല്ലുവിളിക്കാനില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.