Entertainment

ഈ അംഗീകാരം അവർക്കുള്ളതാണ്, വീണ്ടും കൃത്യമായ നിലപാടുമായി പാർവ്വതി രംഗത്ത്‌!

ഏറെക്കാലം വിവാദങ്ങളുടെ പിടിയിലായിരുന്ന നടി പാര്‍വതിയ്ക്ക് ഇനിയുള്ളത് അഭിമാനത്തിന്റെ നാളുകള്‍. വിമര്‍ശിച്ചവര്‍ക്കും കണ്ടംവഴി ഓടിച്ചവര്‍ക്കും ഇനി വിരമിക്കുകയുമാവാം. കാരണം സംസ്ഥാനത്തെ ഈ വര്‍ഷത്തെ മികച്ച നടിയായി പാര്‍വതി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സൂപ്പര്‍താരപദവിയിലുള്ള നടന്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള സിനിമയില്‍ അഭിനയിച്ചത് ശരിയായില്ല എന്ന് വിമര്‍ശനം ഉന്നയിച്ചതിനാണ് ഏതാനും നാളുകള്‍ക്ക് മുമ്പ് പാര്‍വതിയെ ട്രോളന്മാരും മറ്റും ചേര്‍ന്ന് നിശിതമായി വിമര്‍ശിച്ചത്.

അവാര്‍ഡ് നേട്ടത്തിലൂടെ അന്ന് വിമര്‍ശിച്ചവര്‍ക്ക് മധുരപ്രതികാരം നല്‍കിയിരിക്കുകയാണ് പാര്‍വതി. വനിതകളുടെ ദിനമായ മാര്‍ച്ച് എട്ടിന് തന്നെയാണ് വനിതകള്‍ക്കായി ശബ്ദമുയര്‍ത്തിയ പാര്‍വതിയ്ക്ക് അവാര്‍ഡ് കിട്ടിയതെന്നതും ശ്രദ്ധേയമായിരിക്കുകയാണ്.

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വുമന്‍ ഇന്‍ സിനിമ കളക്ടീവിന് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വ്വതി. ഡബ്ല്യു.സി.സി എന്ന സംഘടന പിന്തുണക്കും ധൈര്യത്തിനും നന്ദി പറയുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു. ഇതിനു മുന്‍പ് ഡബ്ലുസിസി എന്ന സംഘടന ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. എല്ലാ സംഘടനകളും ഒരുമിച്ചാണ് നമ്മുടെ പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നത്. നമ്മള്‍ക്ക് എന്തൊക്കെയാണ് പ്രശ്നമെന്ന് ചേര്‍ന്നാണ് കണ്ടെത്തുന്നത്. നമ്മളായിട്ട് പറഞ്ഞ് കൊട്ടിഘോഷിയ്ക്കേണ്ട ആവശ്യമില്ല. അതുപോലെ തന്നെയാണ് നേഴ്സുമാരുടെ പ്രശ്നങ്ങളും.

‘ടേക് ഓഫ്’ സംവിധായകന്‍ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് പിള്ള മണ്‍മറഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം നിര്‍മിച്ച ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു.

ഇറാഖിലകപ്പെട്ട മലയാളി നഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ‘ടേക് ഓഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വ്വതി പുരസ്‌കാരത്തിനര്‍ഹയാക്കിയത്.