Entertainment

മെല്ലെ ആ മുഖം ഉയർത്തി, ഞാനവളുടെ സീമന്തരേഖയിൽ എൻ ചുണ്ടുകൾ അമർത്തി………. എന്റെ പ്രണയ സിന്ദൂരം …….

പ്രണയ സിന്ദൂരം
==============

ഇതെന്റെ മുപ്പത്തെട്ടാമത്തെ പെണ്ണ് കാണൽ ആണ്… ഇതെങ്കിലും ഒന്ന് ശരി ആയാൽ മതിയായിരുന്നു.. പെണ്ണുകാണാൻ നടന്നു നടന്നു ചെരുപ്പ് തേയുന്നതു മിച്ചം… ഇരുപത്തിഅഞ്ചാമത്തെ വയസിൽ തുടങിയ പെണ്ണുകാണൽ ആണ്, വയസ് 32 ആയിട്ടും പെണ്ണ് മാത്രം കിട്ടിയില്ല… ചായയും മിച്ചറും ലഡ്ഡുവും ഒക്കെ കഴിച്ചു കഴിച്ചു അവയൊക്കെ കാണുന്നത് തന്നെ ചതുർഥി ആയി തുടങ്ങി…

അത്യാവശം ഒതുക്കമുള്ളൊരു വീട്… വൃത്തിയായി വെട്ടി ഒതുക്കി വച്ചിരിക്കുന്ന നന്ത്യാർവട്ടത്തിന്റെ ചെടികൾ, പേരറിയാത്ത ഒരുപാട് ചെടികളും പൂക്കളും നിറഞ്ഞ മുറ്റം… മുറ്റത്തിന്റെ അറ്റത്തു ഒരാടിനെ കെട്ടിയിരിക്കുന്നു, തൊട്ടടുത്ത് തന്നെ രണ്ടു ആട്ടിൻകുട്ടികളും… കൊള്ളാമല്ലോ…. ഒന്ന് പോയി എടുത്താലോ ???? അല്ലെങ്കിൽ വേണ്ട 32 കഴിഞ്ഞിട്ടും ചെക്കന് ബുദ്ധി ഉറച്ചില്ലെന്നു പറഞ്ഞു അവരീ കല്യാണം വേണ്ടാന്ന് വച്ചാലോ ???

“കയറി വന്നാട്ടെ ” പെണ്ണിന്റെ അച്ഛൻ ഞങളെ വീടിനകത്തേക്ക് ക്ഷണിച്ചു… സാധാരണ കുശലസംഭാഷണങ്ങൾക്ക് ശേഷം ഇനിയെന്തു എന്ന രീതിയിൽ ഞാൻ ഇരുന്നു.. ഞാൻ ഇതെത്ര കണ്ടതാ…. ഹല്ല പിന്നെ….

ഇനി നമുക്ക് മോളെ ഒന്ന് വിളിച്ചാലോ ???
കൂട്ടുകാരൻ സുഭാഷിന്റെ ശബ്ദം… മോനെ സുഭാഷേ അത് കലക്കിട്ടോ…. ഞാൻ ഒന്നുടെ നിവർന്നിരുന്നു…. പച്ച നിറത്തിലുള്ള ഡോർ കർട്ടൻ വകഞ്ഞു മാറ്റി പെൺകുട്ടി വന്നു….

സത്യം പറഞ്ഞാൽ എനിക്ക് കെട്ടാൻ പോകുന്ന കുട്ടിയെ കുറിച്ചു സങ്കല്പങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാലും ഞാനും ഇവളും കൂടി നടന്നു പോകുന്നത് കണ്ടാൽ രാത്രിയും പകലും ആണെന്നെ പറയു… അത്രയും കറുപ്പ്… തൊട്ടു കണ്ണെഴുതാം….

“വേണമെങ്കിൽ നിങൾ ഒറ്റക്ക് സംസാരിച്ചോളൂ ”
അച്ഛന്റെ ശബ്ദം….

ആ എന്തായാലും സംസാരിച്ചു നോക്കാം… അവൾ നിന്നിരുന്ന തെച്ചി മരചുവട്ടിലേക്ക് ഞാനും ചെന്നു… ഞാൻ ഒന്നും മിണ്ടാത്തത് കൊണ്ടാവണം അവൾ സംസാരിച്ചു തുടങ്ങി..

“ചേട്ടാ….. ചേട്ടന് ഞാൻ ചേരില്ല.. കണ്ടില്ലേ നമ്മൾ തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.. ഞാൻ കറുത്തിട്ടാണ്. എന്റെ ഈ കറുപ്പ് കാരണം എന്റെ ഒരുപാട് കല്യാണം മുടങ്ങി. മറ്റുള്ളവരുടെ പരിഹാസം ഒരുപാട് നേരിട്ടു.. ഞാൻ പറഞ്ഞതാണ് അച്ഛനോട് എനിക്ക് കല്യാണം വേണ്ടെന്നു, അവരുടെ കാലശേഷം എന്റെ ജീവിതം എന്താകുമെന്ന് ഓർത്തിട്ടാണ് അവർക്ക് പേടി. എനിക്ക് താഴെ ഒരു അനിയത്തി കൂടി ഉണ്ട്.. ഞാൻ കാരണം അവളുടെ ജീവിതം കൂടി…… ”

പേരെന്താ ???

ഞാനവളുടെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിലെ കണ്ണുനീർ ഒരു പളുങ്കു മണി പോലെ എനിക്ക് തോന്നി.
****മാളവിക ****അവൾ പറഞ്ഞു..
വീട്ടിൽ ചെന്നിട്ട് അടുത്താഴ്ച ഞാനെന്റെ അമ്മയെ ഇങ്ങോട്ട് അയക്കാം.. ചടങ്ങുകൾ അതിന്റെ വഴിക്ക് നടക്കട്ടെ.. അപ്പോൾ അവളുടെ മുഖത്തു ഉണ്ടായിരുന്നത് അമ്പരപ്പാണോ, സന്തോഷമാണോ എനിക്കറിയില്ല ???
————-
അമ്മ പോയി മാളൂനെ കണ്ടു. അമ്മ ഒന്നേ എന്നോട് പറഞ്ഞുള്ളു “നമുക്കിത് വേണ്ട “.
ഒന്നും മിണ്ടാതെ നിന്ന എന്റെ തോളിൽ തട്ടി അമ്മ പറഞ്ഞു “ഇതിനാണോ നീ ഇത്രയും അലഞ്ഞത്. അവൾ നിനക്ക് ചേരില്ലടാ മോനെ.. അല്ലെങ്കിൽ നീ അവളുടെ അനിയത്തിയെ കെട്ടിക്കോ..
‘എനിക്കൊരു കല്യാണം ഉണ്ടെങ്കിൽ അതെന്റെ മാളു ആയാൽ മതി’ ഞാൻ തറപ്പിച്ചു പറഞ്ഞു.
————
അങ്ങനെ ഞാനവളുടെ കഴുത്തിൽ താലി കെട്ടി…
ആദ്യരാത്രിയിൽ അവളുടെ കണ്ണിൽ നോക്കിയപ്പോൾ ആ കണ്ണുകളിലെ കണ്ണുനീരിന്റെ തിളക്കം ഞാൻ കണ്ടു….

“ചേട്ടൻ എന്നോട് സഹതാപം തോന്നി കെട്ടിയതാണോ ? ഒരുപാട് സങ്കടം സഹിച്ചിട്ടുണ്ട് ഞാൻ. രാത്രിയിൽ ഞാൻ ഉറങ്ങിയെന്നു കരുതി എന്നെ കുറിച്ചു ഓർത്തു വിലപിക്കുന്ന അച്ഛനും അമ്മയും.. സുന്ദരിയായ അനിയത്തിയുടെ കൂടെ ജീവിതം നശിപ്പിക്കും എന്ന് പറഞ്ഞ ബന്ധുക്കൾ, കൂട്ട് കൂടാതെ മാറി നടന്ന സഹപാഠികൾ ഇവയെല്ലാം എനിക്കെന്നും വേദനകൾ ആയിരുന്നു.. നിറഞ്ഞു ഒഴുകിയ ആ കണ്ണുകൾ തുടച്ചു ഞാൻ പറഞ്ഞു “ഇനി നിനക്ക് ഞാൻ ഇല്ലേ എന്റെ മാളു “…

ഞാൻ അറിയുക ആയിരുന്നു കറുത്ത ശരീരത്തിനുള്ളിലെ വെളുത്ത മനസ്.. മെല്ലെ ആ മുഖം ഉയർത്തി, ഞാനവളുടെ സീമന്തരേഖയിൽ എൻ ചുണ്ടുകൾ അമർത്തി………. എന്റെ പ്രണയ സിന്ദൂരം …….