Celebrity

അധികമാരും അറിയാത്ത ഒരു വ്യക്തി തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌ ആയെന്ന് രേവതി

മലയാളത്തിലും തെന്നിന്ത്യയിലും ഒരു പോലെ കഴിവുതെളിയിച്ചയാളാണ് നടിയും സംവിധായികയുമായ രേവതി. അധികമാരും അറിയാത്ത ഒരു വ്യക്തി തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയി മാറിയതിനെക്കുറിച്ച് നടിയും സംവിധായകയുമായ രേവതി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ക്യാമറമാനും പിന്നീട് നിർമ്മാതാവുമായ സുരേഷ് മേനോനുമൊത്തുള്ള വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ആരും കേട്ടിരുന്നില്ല. ഇപ്പോൾ ‘പാരന്റ് സർക്കിൾ” എന്ന പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ആദ്യായി തനിക്ക് ഒരു മകളുള്ള വിവരം രേവതി വായനക്കാരുമായി പങ്കുവയ്ക്കുന്നു. ഐവിഎഫ് വഴി ജനിച്ച മകൾക്കു നാലര വയസായ വിവരമാണ് രേവതി തുറന്നു പറയുന്നത്.

സിനിമയിൽ നിന്നെല്ലാം തൽക്കാലം അകലം പാലിക്കുന്നതിന്റെ രഹസ്യവും ഇത് തന്നെയാണ് എന്ന് വെളിപ്പെടുത്തുകയാണ് അവർ. നാലരവയസുകാരി മകൾ മാഹിയാണ് ഇന്ന് ഇൗ താരത്തിന്റെ ലോകം. സ്വർഗത്തിൽ നിന്നു ലഭിച്ച സമ്മാനം എന്ന് മകളെ വിശേഷിപ്പിക്കുവാനാണ് അവർക്ക് ഇഷ്ടം.

സിനിമയിൽ അമ്മവേഷം അഭിനയിക്കുന്നതും യഥാർഥത്തിൽ അമ്മയാകുന്നതും തമ്മിൽ ഏറെ അന്തരമുണ്ടെന്നും രേവതി പറയുന്നു. ജീവിതത്തിൽ അൽപം വൈകിയാണ് താൻ അമ്മയാകാൻ തീരുമാനിക്കുന്നത്. ഈ പ്രായത്തിൽ കുഞ്ഞുണ്ടാകുന്നതിൽഎന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നും ഭാവിയിൽ പ്രായമായ അമ്മയെ മകൾ എങ്ങനെയായിരിക്കും നോക്കിക്കാണുക എന്നൊക്കെ ഒരുപാട് താൻ ആശങ്കപ്പെട്ടിരുന്നു എന്നും കുട്ടികളെ ദത്തെടുക്കാൻ ‍ഒരുപാട് ശ്രമിച്ചിരുന്നു.

പക്ഷെ നവജാത ശിശുക്കളെ നൽകാൻ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത് എന്നും രേവതി പറയുന്നു.അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവൾ വലുതായതിനുശേഷം അവളോട് പറയാമെന്ന് ആണ് കരുതുന്നത് എന്നും രേവതി വ്യക്തമാക്കി.

തന്റെ അച്ഛനെ അവൾ ഡാഡി താത്ത എന്നാണ് വിളിക്കുന്നത് ഒരുപക്ഷേ അവളുടെ അച്ഛന്റെ സ്ഥാനത്ത് അവൾ ഡാഡി താത്തയെ കാണുന്നുണ്ടാകും. സ്കൂളിൽ അവളുടെ അച്ഛനെക്കുറിച്ച് മറ്റ്‌ കുട്ടികൾ ചോദിക്കുമ്പോൾ എനിക്ക് ഡാഡി താത്തയുണ്ടല്ലോ എന്നവൾ മറുപടി പറയുന്നതും അതുകൊണ്ട് തന്നെ ആവും. ഇന്നത്തെ സമൂഹത്തിൽ അച്ഛൻ ഇല്ലാതെ ഒറ്റയ്ക്ക് ഒരു കുട്ടിയെ വളർത്തുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും താനും അനുഭവിക്കുന്നുണ്ട്.

അവളെക്കുറിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ഇത് തുറന്നു സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നും പലപ്പോഴും തോന്നിപ്പോകാറുണ്ട്. മക്കളെ കഴിയുന്നിടത്തോളം സ്നേഹിക്കുക, വാരിപ്പുണരുക. അവർ വലുതായെന്നു കരുതി മാറ്റി നിർത്തരുത്. അതേസമയം നിങ്ങൾക്ക് മാത്രമായി ചെലവഴിക്കാനും സമയം കണ്ടെത്തണം, എന്നും അഭിമുഖത്തിൽ രേവതി പറഞ്ഞു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനെ രേവതി വിവാഹം കഴിയുന്നത്. 1986ൽ വിവാഹിതരായ രേവതിയും സുരേഷ് മേനോനും 2002ൽ വിവാഹ മോചിതരാവുകയും ചെയ്തു.