Entertainment

ബംഗ്ലാദേശ് താരങ്ങളുടെ അതിക്രമം..!! പ്രതികരിച്ച മുൻ ശ്രീലങ്കൻ ക്യാപ്റ്റനും വിവാദത്തിലേക്ക്..

സിനിമയെ പോലും വെല്ലുന്ന കാര്യങ്ങൾ ആയിരുന്നു നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-ട്വന്റിയിലെ അവസാന ഓവറിൽ സംഭവിച്ചത്. ജയിക്കുന്നവർക്ക് ഫൈനലിൽ എത്താമായിരുന്നതിനാൽ ആവേശപോരാട്ടം ആണ് ഇരു ടീമുകളും നടത്തിയത്.എന്നാൽ മത്സരത്തിന്റെ അവസാന ഓവറിൽ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് അവിടെ അരങ്ങേറിയത്.

അവസാന ഓവറില്‍ രണ്ട് ബൗണ്‍സര്‍ എറിഞ്ഞതാണ് ബംഗ്ലാദേശ് താരങ്ങളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അമ്പയര്‍ ബൗണ്‍സര്‍ വിളിക്കാതിരുന്നതോടെ താരങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഷാക്കീവ് ഉള്‍ ഹസന്‍ താരങ്ങളെ ഗ്രൗണ്ടില്‍ നിന്ന് തിരികെ വിളിച്ചു. പിന്നാലെ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ കളത്തില്‍ ഒതുക്കി തീര്‍ത്തതിന് പിന്നാലെ കളിക്കളത്തിനു പുറത്തും ബംഗ്ലാദേശ് താരങ്ങള്‍ കലിപ്പ് തീര്‍ത്തു. ആവേശകരമായ അവസാനത്തിലേക്ക് നീണ്ട മത്സരം ജയിച്ചതിനു പിന്നാലെ ഡ്രസിങ് റൂം അടിച്ചു തകർത്താണ് കലിപ്പ് തീർത്തത്.

ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഒരു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.42 പന്തില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 50 റണ്‍സു നേടിയ ഓപ്പണര്‍ തമീം ഇഖ്ബാലും 18 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും സഹിതം 43 റണ്‍സുമായി പുറത്താകാതെ നിന്ന മഹ്മദുള്ളയുമാണ് അവര്‍ക്ക് മിന്നും ജയം സമ്മാനിച്ചത്.

ബംഗ്ലാദേശിന്റെ മാന്യതകെട്ട പ്രവര്‍ത്തിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യ രംഗത്തു വന്നു.കളിക്കളത്തില്‍ ഉണ്ടായ പ്രശ്‌നത്തിന്റെ പുറത്ത് ഡ്രെസിംഗ് റൂമിന്റെ ചില്ലു വാതില്‍ തകര്‍ത്ത ബംഗ്ലാദേശ് താരങ്ങളുടെ പ്രവര്‍ത്തിയെയാണ് ജയസൂര്യ വിമര്‍ശിച്ചത്. ബംഗ്ലാദേശിന്റെ ഈ പെരുമാറ്റം തേഡ് ക്ലാസ് ആണെന്നായിരുന്നു ജയസൂര്യയുടെ ട്വീറ്റ്.

 

എന്നാല്‍ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ജയസൂര്യ മുന്‍വിധിയോടെ ട്വീറ്റ് ചെയ്തതെന്ന് ചിലര്‍ കുറ്റപ്പെടുത്തി. ഇതോടെ വിവാദമാകുമെന്ന് കണ്ട് ജയസൂര്യ തന്റെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. അതേസമയം, തകര്‍ന്ന ഡോറിന് നഷ്ടപരിഹാരം നല്‍കാമെന്ന് ബംഗ്ലാദേശ് ടീം മാനേജ്‌മെന്റ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബിനും റിസ്സര്‍വ്വ് താരം നൂറുല്‍ ഹസനും മൈതാനത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഐ സി സി പിഴ ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 25 ശതമാനം പിഴ യും ഒരു ഡി മെറിറ്റ് പോയിന്റുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയില്ല.