Entertainment

ഞാനതു നേരിൽ കണ്ടു: ഇപ്പോള്‍ എനിക്കു സ്ത്രീകളോട് മുമ്പത്തേതിലും ബഹുമാനവും ആദരവുമുണ്ട്; മെഡിക്കൽ വിദ്യാർത്ഥിയുടെ ഹൃദയത്തിൽ തൊടുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

അമ്മയാകുകയെന്നാൽ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. പുതിയ ഒരു ജീവനെ ഈ ഭൂമിക്കു സമ്മാനിക്കുമ്പോൾ എല്ലാ വേദനകൾക്കിടയിലും ഓരോ സ്ത്രീയും വാക്കുകൾക്കു വിശധീകരിക്കുവാനാകാത്ത ആനന്ദമാകും അനുഭവിക്കുക. ആ കുഞ്ഞിക്കരച്ചിലിൽ അവൾ ഹൃദയം നിറഞ്ഞു പുഞ്ചിരിക്കും.ജൻമം മൊത്തം കാത്തുസൂക്ഷിക്കുവാനുള്ള സംതൃപ്തിയുടെ നിമിഷമാണത്.

പ്രസവ മുറിയിലെ തന്റെ ആദ്യ പ്രവൃർത്തി ദിവസം ഒരു കുഞ്ഞിന്റെ ജനനം നേരിൽ കണ്ട യുവ മെഡിക്കൽ വിദ്യാർത്ഥിയുടെ ഹൃദയത്തിൽ തൊടുന്ന ഫേസ് ബുക്ക് കുറിപ്പ് വായിക്കുമ്പോൾ മേൽ പറഞ്ഞതൊക്കെ എത്ര വലിയ സത്യങ്ങളാണെന്നു മനസ്സിലാകും. പാകിസ്താനിലെ ആഗാ ഖാന്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ് 23 കാരൻ ഷബീര്‍ മുസ്തഫ.

 

ഇപ്പോള്‍ തനിക്കു സ്ത്രീകളോട് മുമ്പത്തേതിലും ബഹുമാനവും ആദരവുണ്ടെന്നും പേടിപ്പെടുത്തുന്ന, ആശങ്കപ്പെടുത്തുന്ന അനുഭവമാണ് പ്രസവം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീയുടെ അപാരമായ ത്യാഗത്തിന്റെ നിമിഷമാണതെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ലന്നും ഷബീര്‍ പറയുന്നു.

‘‘ ഓരോ സ്ത്രീയും കടന്നുപോകുന്ന അനുഭവത്തിന്റെ തീവ്രത, അവര്‍ പ്രദര്‍ശിപ്പിക്കുന്ന ധീരത, മനസാന്നിധ്യം. കുട്ടിയെ പുറത്തെടുത്തുകഴിഞ്ഞാല്‍ വേദനയ്ക്കും ആശങ്കയ്ക്കും കഷ്ടപ്പാടിനുമെല്ലാമിടയിൽ സ്ത്രീയില്‍ ഒരു വികാരമേ മാത്രം, തന്റെ കുട്ടിയുടെ ക്ഷേമം. ആരോഗ്യം. സന്തോഷം. സ്വയം വേദന അനുഭവിച്ചുകൊണ്ട് കുട്ടിയുടെ പുഞ്ചിരി കാണാന്‍ ശ്രമിക്കുന്ന ത്യാഗത്തെ ഏതു വാക്കുകളിലാണു വിവരിക്കേണ്ടതെന്ന് എനിക്കറിയില്ല.’’ ഷബീറിന്റെ വാക്കുകളിൽ മാതൃത്വമെന്തെന്നതിന്റെ തീവ്രത നിറയുന്നു.

‘‘കഴിഞ്ഞദിവസം ഡോക്ടര്‍ കുട്ടിയെ പുറത്തെടുത്ത നിമിഷത്തിനു ഞാന്‍ സാക്ഷിയായി. കുട്ടി കരഞ്ഞപ്പോള്‍ എനിക്കു വലിയ അത്ഭുതം തോന്നി. അതുവരെ അബോധാവസ്ഥയിലായിരുന്ന യുവതി കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നു. വേദന മറന്ന് തല തിരിച്ച് ചോദിച്ചു – എന്റെ കുഞ്ഞ് സുഖമായിരിക്കുന്നോ ? ആ നിമിഷത്തില്‍ എന്റെ തൊണ്ട അടഞ്ഞു. കണ്ണുകളില്‍ നീർ നിറഞ്ഞു. ഞാൻ തേങ്ങി. കണ്ണീര്‍ ആരും കാണാതിരിക്കാന്‍ മുഖംതിരിച്ച് ‘സുഖമായിരിക്കുന്നു’ എന്നു പറഞ്ഞു. ഒരു സ്ത്രീക്ക് ഇത്രവലിയ ത്യാഗിയാകാനാകുമോ ? ‘ദിസ് വുമണ്‍സ് വര്‍ക്’ എന്ന മാക്‌സ്‌വെല്ലിന്റെ ഒരു പാട്ടാണ് എന്റെ ഓര്‍മയില്‍ വന്നത്. പ്രസവത്തെക്കുറിച്ചും ആ നിമിഷങ്ങളില്‍ ഒരു സ്ത്രീ അനുഭവിക്കുന്ന വേദനയെക്കുറിച്ചുമാണ് ആ വരികള്‍. സ്ത്രീയെ ബഹുമാനിക്കൂ. അവരുടെ വേദനകള്‍ തിരിച്ചറിയൂ. അവര്‍ വഹിക്കുന്ന അദ്ഭുതങ്ങളെക്കുറിച്ച് അറിവുള്ളവരാകൂ….’’ ആ അനുഭവത്തെക്കുറിച്ച് ഷബീർ കുറിക്കുന്നതിങ്ങനെ.