Entertainment

“ചെകുത്താൻ ലോറി വീണ്ടും തരംഗമാകുന്നു”…സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മകന്റെ വിവാഹ ചടങ്ങിൽ ചെകുത്താൻ ലോറിയെ താരമാക്കിയപ്പോൾ…

സ്‌ഫടികം സിനിമയിലൂടെ ആടുതോമായെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്‌ടിച്ച്‌ പ്രേക്ഷകമനസില്‍ എക്കാലവും ഇടംനേടിക്കൊടുത്ത ഹിറ്റ്‌ സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ സ്‌ഫടികം ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായി.

ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ്‌ സ്‌ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ്‌ തോമസ്‌ കോളജ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്‌ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത്‌ സ്‌ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്‌.ഇ. ലോറിയിലാണ്‌.

അലങ്കരിച്ച ലോറിയില്‍ സ്‌ഫടികത്തിലെ കഥാനായകനായ ആടുതോമായുടെ ഉശിരോടെ ചെറുക്കനും പെണ്ണും വന്നിറങ്ങിയപ്പോള്‍ പങ്കെടുക്കാനെത്തിയവര്‍ക്കും അത്ഭുതം. അവര്‍ ആര്‍പ്പുവിളികളോടെ ഇരുവരെയും ഓഡിറ്റോറിയത്തിലേക്ക്‌ സ്വീകരിച്ചു. സിനിമാ-രാഷ്‌ട്രീയരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.