Entertainment

ക്വീൻ സിനിമയെ വിജയത്തിലേക്ക് നയിച്ച ആ മനോഹര രംഗം യഥാർത്ഥത്തിൽ സംഭവിച്ച കഥ ആണെന്ന് നിങ്ങൾക്ക് അറിയാമോ….?

മലയാളത്തില്‍ ഈയിടെ മികച്ച വിജയം നേടിയ ക്യാംപസ് ചിത്രമാണ് ക്വീൻ. യുവാക്കളെ ആകർഷിക്കുന്നതും ഉള്ളിൽ തട്ടുന്നതുമായ നിരവധി രംഗങ്ങൾ ഈ സിനിമയിലുണ്ട്. എലീസയ്ക്ക് വീൽചെയർ സമ്മാനമായി നൽകുന്ന രംഗം ഇതിലൊന്നാണ്. എന്നാൽ അത് യഥാർത്ഥത്തിൽ സംഭവിച്ച കഥയാണെന്ന് സംവിധായകൻ ഡിജോ പറയുന്നു.

 

സംവിധായകന്റെ വാക്കുകൾ

മെക്കാനിക്കൽ ബ്രാഞ്ച് അടിസ്ഥാനമാക്കി ചെയ്യുന്ന ചിത്രമായതിനാൽ, മെക്കാനിക്കലുമായി ബന്ധമുള്ള എന്തെങ്കിലും ഇന്റർവെൽ പഞ്ച് ചിത്രത്തിൽ കൊണ്ടുവരണമെന്നു ഞങ്ങൾക്ക് അഗ്രഹമുണ്ടായിരുന്നു… എന്നാൽ അതൊരു ത്രില്ലർ തരത്തിലുള്ളതാവരുത് മറിച്ചു, ചിത്രത്തിൽ പറയുന്നത് പോലെ തന്നെ ഏറ്റവും മോശം ഭൂതകാലമുള്ളവർ ആയിരിക്കും ഏറ്റവും നല്ല ഭാവി സൃഷ്ടിക്കുന്നത്… എന്ന തരത്തിൽ ചിത്രത്തിലൂടെ നന്മയുള്ള ഒരു രംഗമാവണം നൽകേണ്ടത് എന്നും ഞങ്ങൾ ആഗ്രഹിച്ചു.

അതുകൊണ്ടൊക്കെയാകണം വളരെ യാദൃശ്ചികവും ദൈവാനുഗ്രഹവുമായി ഞാൻ മനസ്സിലാഗ്രഹിച്ചതുപോലൊരു രംഗം കൊണ്ട് വരാൻ സാധിച്ചു. എലീസ എന്ന ശാരീരിക വൈകല്യമുള്ള കഥാപാത്രത്തിനു ഒരു വീൽ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കാനുള്ള ഒരു സംവിധാനം കോളജിൽ ഉഴപ്പൻ പട്ടം ലഭിച്ച നമ്മുടെ നായക കഥാപാത്രങ്ങൾ നിർമിച്ചു കൊടുക്കുന്നതായിരുന്നു ആ രംഗം… ക്വീൻ എന്ന സിനിമയുടെ കഥാഗതിയെ തന്നെ മറ്റൊരു ഇമോഷണൽ ഫീലിലേക്ക് നയിക്കാൻ ആ സീനിനായി എന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നാൽ അതിനു പിന്നിലൊരു കഥയുണ്ട്… ജീവിതത്തിൽ ചിലപ്പോൾ വന്നു ചേരുന്ന ദൈവത്തിന്റെ കൈ പോലൊരു സംഭവ കഥ. ക്വീൻ സിനിമയുടെ ചിത്രീകരണ വേളയിൽ തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ വെച്ച് നോട്ടീസ് ബോർഡിൽ കണ്ടൊരു വാർത്തയാണ് സത്യത്തിൽ ഇത്തരമൊരു രംഗത്തിനു കാരണമായത്.അതേ കോളേജിൽ പഠിച്ച കുറച്ച് വിദ്യാർത്ഥികൾ ചേർന്ന് നിർമിച്ച (ക്വീനിൽ കാണിച്ചതിന് സമാനമായ) ഒരു വീൽ ചെയറിനെ പറ്റി പത്രത്തിൽ വന്ന വാർത്തയായിരുന്നു അത്. ഈ വാർത്ത കണ്ടപ്പോൾ മുതൽ അതിനു പിന്നിലുള്ളവരെ ഒന്ന് കാണാമെന്നുണ്ടായിരുന്നു. അങ്ങനെ അന്വേഷിച്ചു അവരെ കണ്ടെത്തുകയും, അവരുമായുള്ള സംഭാഷണങ്ങളിലൂടെ അവരുടെ കാര്യങ്ങൾ മനസ്സിലാക്കുകയും, അവരുടെ ലാബ് സന്ദർശിക്കുകയും ചെയ്തു.

ഡോൺ, സൂരജ് എന്ന വിദ്യാർത്ഥികളായിരുന്നു അതിനു മുൻകൈ എടുത്തത്. അവർ നിർമിച്ച വീൽ ചെയർ കണ്ടപ്പോൾ എനിക്ക് വളരെ ആകാംഷയായി… അതിനു ശേഷം ഞാൻ സിനിമയിലെ ചില സന്ദർഭങ്ങൾ അവർക്ക് പറഞ്ഞ് കൊടുത്തു. സിനിമാറ്റിക് ആയി കാണിക്കുന്നതിനേക്കാൾ ഇത്തരത്തിലൊരു രംഗം റിയലിസ്റ്റിക്കായി എങ്ങനെ കാണിക്കാമെന്ന എന്റെ ആശങ്ക ഞാൻ അവരുമായി പങ്കുവെച്ചു.

നമ്മുടെ സിനിമയിലെ കഥാപാത്രങ്ങൾ സ്വന്തമായി നിർമിച്ചതായി കാണിക്കുമ്പോൾ പ്രേക്ഷകന് കല്ലുകടി തോന്നാതിരിക്കാനായിരുന്നു ഞാൻ അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ എന്റെ മനസ്സിൽ കണ്ടതുപോലെ ഒരു രംഗം ചിത്രീകരിക്കാൻ സാധിച്ചത് ആ വീൽ ചെയർ നിർമിച്ച ഈ രണ്ട് പ്രതിഭകളുടെ കഷ്ടപ്പാടിന്റെ കൂടി ഫലമാണ്. നമ്മുടെ സിനിമയ്ക്ക് ലഭിച്ച വലിയൊരു ഭാഗ്യം തന്നെയായിരുന്നു ഡോണും, സൂരജും. പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാർക്ക് ഒരു പ്രോത്സാഹനവും പ്രചോദനവുമാണ് ഈ യുവാക്കൾ. അവരിപ്പോൾ പുതിയ കമ്പനി തുടങ്ങിയെന്നു അറിഞ്ഞു.. നിങ്ങളുടെ ജോലിയിൽ ഒരു നന്മയുണ്ട് അതുകൊണ്ട് തന്നെ വലിയൊരു വിജയമാവട്ടെ… ഇനിയും ഒരുപാട് മുൻപോട്ടു പോകുവാൻ സാധിക്കട്ടെ.. എല്ലാവിധ ആശംസകളും..