Entertainment

“എന്റെ യൂട്രസ് റിമൂവ് ചെയ്യണം..എനിക്ക് വേണ്ടാ ഈ നാശം പിടിച്ച അവയവം..”; ഒറ്റയ്ക്ക് തന്റെ മുന്നിൽ വന്ന ആ പെൺകുട്ടിയുടെ വാക്കുകൾ കേട്ട് ഡോക്ടർ അമ്പരന്നു പോയി..

തീണ്ടാരി

കഥ

ദേവനന്ദ

…………………………………..

ഏ റിയാൽ പതിനെട്ട് വയസ്സുണ്ടാകും..
മുന്നിലിരിക്കുന്ന പെൺകുട്ടിയെ ഡോ.ഭദ്ര മഹേഷ് കൌതുകത്തോടെ നോക്കി .
ഒറ്റയ്ക്ക് ഗൈനക്കോളജിസ്റ്റിന്റെ മുന്നില് വന്നിരുന്ന് വിയർക്കുന്ന പെൺകുട്ടി. അവൾക്ക് എന്താകും
പറയാനുണ്ടാവുക എന്ന് ഊഹിക്കുന്നതിനു മുൻപ് അവൾ മുഖമുയർത്തി ഡോക്ടറെ നോക്കി .
“എനിക്ക് യൂട്രസ് റിമൂവ് ചെയ്യണം”
ഭദ്ര അമ്പരന്നു .”എന്താ?” ഒന്നുകൂടി എടുത്തു ചോദിച്ചു .
“ഡോക്ടർ എന്റെ യൂട്രസ് റിമൂവ് ചെയ്യണം. എനിക്ക് വേണ്ട ഈ ശല്യം പിടിച്ച അവയവം!

എന്റെ സ്വാതന്ത്ര്യം .. എന്റെ സ്വപ്നങ്ങള് .. എല്ലാം അവസാനിക്കുന്നത് ഈ ഒറ്റ അവയവത്തിന്റെ മുന്നിലാണ് .
എല്ലാ മാസവും ഞാൻ വെറും പെണ്ണെന്ന് അത് ഓര്മ്മിപ്പിക്കുന്നു. തളച്ചിടുന്നു..
പ്ലീസ് ഡോക്ടർ.. പ്ലീസ് ഹെൽപ് മീ..”
സാന്ദ്ര കിതച്ചു കൊണ്ട് നിർത്തി.

ഡോ. ഭദ്ര മഹേഷ് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. കാലം പതിനാറ് കൊല്ലം തിരിഞ്ഞോടി.
കൊച്ചു ഭദ്ര ഒരുങ്ങുകയാണ്. രാലൂർകാവിലെ പൂരത്തിനു പോകാൻ. ഗാനമേളയുംവെടിക്കെട്ടും

ലക്ഷദീപാലങ്കാരവും.. മനസ് ഉത്സവപറമ്പിലെത്താൻ കുതിയ്ക്കുന്നു.കൂട്ടുകാരികള് നേരത്തേ വന്നിട്ടുണ്ടാകും.
വീട്ടില് എല്ലാവരും ഒരുങ്ങി കഴിഞ്ഞു.പുറപ്പെടാൻ നേരമായിരുന്നു ആ ദുരന്തം. ചന്ദന നിറമുള്ള പട്ടുപാവാട ചുവന്നത് താൻപോലുമറിഞ്ഞില്ല. “അശ്രീകരം! നല്ലൊരു ദിവസമായിട്ട്..” അമ്മുമ്മ പിറുപിറുത്തു.
“ദൈവഭയമില്ലല്ലോ! നാമംചൊല്ലാൻ പറഞ്ഞാൽ കേൾക്കില്ല.അല്ലെങ്കില് ഏഴുദിവസം മുൻപേ
മാസമിരിപ്പ് വരുമായിരുന്നോ!”

കുറ്റപ്പെടുത്തൽ..അവജ്ഞ..
“തൊട്ട് തീണ്ടാതെ പോയി കുളിക്കെടീ..” വല്യേട്ടൻ അറപ്പോടെ അകന്നു മാറി.
ചർച്ചകൾ.. ഇളയ അനുജനെ കൂട്ടിരുത്തി മറ്റുള്ളവര് ഉത്സവം കൂടാന് പോയി .ഗാനമേള തുടങ്ങിയപ്പോള് അനിയൻ
പിറുപിറുപ്പ് തുടങ്ങി .
“നീ പൊയ്ക്കൊ.ഞാനൊറ്റയ്ക്കിരുന്നോളാം” ജീവന് കിട്ടിയപോലെ അവനിറങ്ങി ഓടി.
ഇരുട്ടിന്റെ നേരെ വാതില് കൊട്ടിയടച്ചു തിരിഞ്ഞു നടന്നപ്പോള് ഹൃദയം തകര്ത്തുകൊണ്ട് കരച്ചിലിന്റെ ചീളുകൾ
പുറത്തു ചാടി .കാൽ മുട്ടുകളിൽ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു. അടിവയറ്റിൽ അസഹ്യമായ വേദന .
ഗർഭപാത്രത്തിന്റെ വിങ്ങൽ..വയറ്റില് ആഞ്ഞാഞ്ഞാഞ്ഞിടിച്ചു.കലിയടങ്ങും വരെ..
ഭദ്രേ… കാതരമായ വിളി..
തോന്നലാണോ?അലിവുനിറഞ്ഞ മിഴികള്..ബാലേട്ടനും വെറുപ്പാകുമോ തന്നോട്?
സ്പനത്തിൽ വന്ന ഇഷ്ട പുരുഷൻ തന്നെനെഞ്ചോട് ചേര്ത്തു . ആ മടിയില് ചുരുണ്ടു കിടക്കുമ്പോള് ലോകത്തെ
തന്നെ വെല്ലുവിളിക്കാൻ തോന്നി കൊച്ചു ഭദ്രക്ക്.

പതിനാറു വർഷം മുമ്പ് ..ഒരു പതിനാലുകാരിയ്ക്ക് അറിയാവുന്നതുപോലെയൊക്കെ ബാലേട്ടനുമായി രമിച്ചു.
പിറ്റേന്ന് താന് കണ്ട സ്വപ്നം ഓര്ത്തു പേടിച്ചു. സ്കൂളിലെ മുതിര്ന്ന പയ്യനായ ബാലേട്ടനെ കണ്ടാലുടൻ മുഖം തിരിച്ചു നടക്കാന് തുടങ്ങി. മെഡിസിൻ പഠനം .. മഹേഷുമായുള്ള വിവാഹം ..
വയറ്റില് കുരുത്ത മൂന്ന് പൂമൊട്ടുകളും വിടരും മുൻപേ ചോരപ്പുഴയിൽ ഒഴുകി പോയി ..
പിന്നെ ഗർഭപാത്രത്തിൽ വളര്ന്നത് ട്യൂമറായിരുന്നു. അത് ഗർഭപാത്രത്തേയും കൊണ്ടു പോയി ..
മാതൃത്വം അലമുറയിട്ടൊടുങ്ങി.ടെസ്റ്റ്യൂബിൽ വളരുന്ന ജീവനുവേണ്ടി ഒരിക്കല് പോലും തന്റെ മാറിടംചുരന്നില്ല.
നിർവികാരത വാരിയണിയാൻ ശ്രമിക്കുമ്പോഴും ചില കുഞ്ഞിക്കരച്ചിലിനു മുന്നില് അമ്പേ തോറ്റു പോകാറുണ്ട് തന്റെ സ്ത്രീത്വം.

ഇപ്പോള് സാന്ദ്ര എന്ന പെൺകുട്ടിയുടെ മുന്നില് വാക്കുകൾ കിട്ടാതെ ഉഴറുമ്പോൾ ഉള്ളില് കൊച്ചുഭദ്ര
ആഞ്ഞിടിക്കുകയായിരുന്നു.
“സാന്ദ്ര ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യം എന്താണ്?ഗർഭപാത്രം ഒഴിവാക്കിയാൽ പെണ്ണ് ആണാകുമോ?”
കരുതലോടെ ചോദിച്ചു .
“ആ ദിവസങ്ങളിലെ വേർതിരിവ്..ബുദ്ധിമുട്ടുകൾ.. വേദന .. എനിക്ക് മടുത്തു ഡോക്ടർ..”
“സാന്ദ്ര.. ആ ദിവസങ്ങളില് സ്ത്രീകളെ മാറ്റി നിർത്തുന്നത് അവൾക്ക് വിശ്രമം കിട്ടട്ടെ എന്നചിന്തയിലാവണം..” സ്വരം മയപ്പെടുത്തി.
“പിന്നേ..!വിശ്രമം! ആർത്തവമാണെന്നു കരുതി ഒരമ്മയോടും വീട്ടുജോലി ചെയ്യേണ്ട എന്ന് ആരും പറയില്ല . ഒരു
വിദ്യാഭ്യാസ സ്ഥാപനവും അവധി കൊടുക്കില്ല. ഒരു ജോലിസ്ഥലത്തും അവൾക്ക് ലീവ് കിട്ടുകയുമില്ല.
പിന്നെ എന്ത് വിശ്രമം ഡോക്ടർ? ആ സമയത്ത് വേണ്ടത് പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലുമാണ്. എത്ര
പേര്ക്ക് അത് കിട്ടുന്നുണ്ട്?
അടിവയർ പിളരുന്ന വേദന കടിച്ചു പിടിച്ച് വീട്ടുജോലി ചെയ്യുന്ന അമ്മയോട് സ്നേഹത്തോടെ ‘ആജോലി ഞാൻ ചെയ്യാമമ്മേ’ എന്നാരു പറയും?
ആര്ത്തവദിവസം മാറിക്കിടക്കുന്ന ഭാര്യയെ നോക്കി അവജ്ഞയോടെ തിരിഞ്ഞു കിടക്കുന്ന ഭര്ത്താവ് !

ഒരു തലോടൽ.. ഒരു സ്നേഹ ചുംബനം..കൂടുതല് സംരക്ഷണം പകർന്ന് അവളുടെ കൂടെ നിൽക്കേണ്ടതിനു പകരം
തീണ്ടാനാരിയായി അകറ്റുന്ന സഹോദരൻ..
ഇതൊക്കെയാണ് ആര്ത്തവം. എനിക്കിത് വേണ്ട .. വേണ്ട .. വേണ്ട…”
കൊച്ചു ഭദ്ര മേശമേല് ആഞ്ഞിടിക്കുന്നു.. കാഴ്ചയ്ക്കപ്പുറം ഏതോ കുരുന്ന് നിലവിളിക്കുന്നു.
എനിക്ക് വേണ്ടത് ഗ്ലാസും ട്യൂബും പ്ലാസ്റ്റിക്കും കൊണ്ടുള്ള കൂടല്ലല്ലോ അമ്മേ..

അവിടെകിട്ടില്ലല്ലോ അമ്മയുടെ ചൂടും കരുതലും വാൽസല്യവും…