Uncategorized

“എനിക്കെന്റെ അച്ഛനെ പിരിയാൻ വയ്യാ അഭിയേട്ടാ.. ഓരോ തിരക്കിനിടയിലൂടെയും ഓടിനടക്കുമ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോഴും എന്റെ അച്ഛൻ ഉള്ളിൽ സങ്കടം കടിച്ചമർത്തുവാ അഭിയേട്ടാ.. എനിക്ക് വയ്യ എന്റച്ഛന്റെ സങ്കടം കാണാൻ…”

#വരണമാല്യം

“മണ്ഡപം അലങ്കരിക്കാനുള്ള പൂവ് വാങ്ങാന്‍ ആരാ പോയത് സതീശാ.. തിരുമേനിയെ കൂട്ടിക്കൊണ്ടുവരാന്‍ ഒരാള് പോവണം ട്ടോ… അല്ല ആ വെപ്പിന്റെ പണിക്കാര് എപ്പോ വരുംന്നാ പറഞ്ഞത് അവരെ ആരെങ്കിലും കൂട്ടാന്‍ പോയോ..” ?

“മാഷേ നിങ്ങള് ഒന്നോണ്ടും വേജാറാവണ്ടാ അതൊക്കെ നമ്മളെ ചെക്കമ്മാര് ചെയ്തോളും മാഷ്‌ പോയി ഇത്തിരി നേരം കെടന്നോളൂ. മെനഞാന്നു തൊടങ്ങിയതല്ലേ ഈ ഓട്ടം ഇതൊക്കെ ഞങ്ങള് നോക്കിക്കോളാം..”

സതീശന്‍ ശ്രീധരന്‍ മാഷോടായ് പറഞ്ഞുകൊണ്ട് മണ്ഡപം ഒരുക്കുന്ന ജോലിയില്‍ മുഴുകി. ശ്രീധരന്‍ മാഷ്‌ മുറ്റത്തുകൂടെ ജോലിക്കാർക്ക് ഓരോ നിർദ്ദേശം കൊടുത്തുകൊണ്ട് നടക്കുകയായിരുന്നു.

ഒരു ട്രേയില്‍ ചായയുമായി ശ്രീധരന്‍ മാഷിന്‍റെ ഭാര്യ സരസ്വതി ഇറങ്ങിവന്ന് ജോലിക്കാര്‍ക്ക് എല്ലാവര്‍ക്കും ചായ കൊടുത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മണ്ഡപത്തിലേക്ക് നോക്കിക്കൊണ്ട് നിന്നു.

മുകള്‍നിലയിലെ തന്‍റെ മുറിയിലെ ജനാലയിലൂടെ ശ്രീലക്ഷ്മി എല്ലാം നോക്കികാണുന്നുണ്ടായിരുന്നു.
നാളെയാണ് തന്റെ കല്ല്യാണമെന്ന് അവൾക്ക് വിശ്വസിക്കാനായില്ല.

അച്ഛന്റെയും അമ്മയുടെയും ഓമന മകളായി വഴക്കാളിയും കുറുമ്പിയുമായ അനിയത്തിയുടെ ചേച്ചിയായി ഇന്നൊരു ദിവസം കൂടിയേ ഈ വീട്ടിൽ കഴിയാനാവൂ എന്ന ചിന്ത ശ്രീലക്ഷ്മിയുടെ മനസിനെ കീറിമുറിച്ചുകൊണ്ടിരുന്നു.

ഈ രാത്രി ഇരുട്ടി വെളുത്താൽ താൻ അഭിയേട്ടന്റെ പാതിയായ് അഭിയേട്ടന്റെ വീട്ടിൽ. അച്ഛനേയും അമ്മയേയും അനിയത്തിയേയും പിരിയുന്നത് ഓർത്തപ്പോൾ നെഞ്ച് ഒന്ന് നീറിയൊ..

കണ്ണിൽ ഉരുണ്ടുകൂടിയ നീർമണികളെ തുളുമ്പാൻ അനുവദിക്കാതെ തൂവാലകൊണ്ട് തൂത്ത് സങ്കടം കൊണ്ട് വിറയ്ക്കുന്ന ചുണ്ടുകൾ പണിപ്പെട്ട് അടക്കിപ്പിടിച്ചു.

പുറമേ കർക്കശക്കാരന്റെ ഭാവം ആണെങ്കിലും അച്ഛൻ ഒരു പാവം ആയിരുന്നു. ചെറുപ്പം തൊട്ടേ അമ്മയേക്കാൾ അച്ഛനോടായിരുന്നു തനിക്കടുപ്പവും.

അച്ഛന്റെ പുന്നാരമോൾ എന്ന് പറഞ്ഞിട്ട് അമ്മയും അനിയത്തിയും ശുണ്ഠി പിടിപ്പിക്കുമ്പോൾ അച്ഛനെ കെട്ടിപിടിച്ച് താൻ അവരോട് അഭിമാനത്തോടെ പറയുമായിരുന്നു ഞാൻ അച്ഛന്റെ പുന്നാരമോൾ തന്നെയാണെന്ന്.

അപ്പോൾ തന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോൾ അച്ഛന്റെ മുഖത്ത് തെളിയുന്ന അഭിമാനവും സന്തോഷവും ഒന്ന് കാണേണ്ടത് തന്നെയാണ്.

അച്ഛന്റെ മുന്നിൽ തനിക്ക് ഒരു സ്വകാര്യവും ഉണ്ടായിരുന്നില്ല. ആദ്യമായ് അഭിയേട്ടനോട് തോന്നിയ ഇഷ്ടം അച്ഛനോട് തുറന്നുപറഞ്ഞതും അതുകൊണ്ടാണ്.

ഏതൊരു രക്ഷകര്‍ത്താവിനെയും പോലെ അച്ഛനും എതിർപ്പ് പറയും എന്നുകരുതിയ തന്നെ ചേർത്തുപിടിച്ചുകൊണ്ട് ഇപ്പോൾ നിന്റെ മനസിൽ പഠനവും ഒരു ജോലിയും എന്ന ചിന്തയേ ഉണ്ടാവാൻ പാടുള്ളൂ സമയമാവുമ്പോൾ നിന്റെ ഇഷ്ടം ഞാൻ നടത്തിത്തരാം എന്ന് പറഞ്ഞപ്പോൾ നിറഞ്ഞത് തന്റെ കണ്ണുകളും മനസും ആയിരുന്നു.

അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു ടീച്ചർ ആയിട്ട് ജോലി നേടി വീട്ടിൽ എത്തുമ്പോൾ ഒരു കള്ളച്ചിരിയോടെ അഭിയേട്ടനും ഏട്ടന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു വീട്ടിൽ.

അച്ഛൻ എനിക്ക് തന്ന വാക്ക്പാലിച്ചു. വീണ്ടും അച്ഛൻ തന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ചു.

ഫോൺ ശബ്‌ദിക്കുന്നത് കേട്ടാണ് ശ്രീലക്ഷ്മി ചിന്തകളിൽനിന്നും ഞെട്ടിയുണർന്നത്.

അഭിയേട്ടൻ കാളിങ്…!

ശ്രീലക്ഷ്മിയുടെ നെഞ്ച് അതിവേഗം മിടിച്ചുകൊണ്ടിരുന്നു. ആകെയൊരു പരവേശം.

കാൾ സ്വീകരിക്കുമ്പോൾ നാണമാണോ അതോ സങ്കടമാണോ തന്റെയുള്ളിൽ എന്നവൾക്ക് മനസിലായില്ല.

“ശ്രീ..”

അഭിയുടെ പ്രണയാർദ്രമായ ശബ്‍ദം കർണപുടത്തിൽ വീണപ്പോൾ അവളുടെ രോമകൂപങ്ങൾ പോലും ഉണർന്നെണീറ്റു.

“പെണ്ണേ…”

വീണ്ടും അഭിയുടെ ശബ്ദം ശ്രീ ലക്ഷ്മിയുടെ ചെവിയിൽ വീണു.

” ഉം ”

“ഉറക്കം വരണില്ലാലോ പെണ്ണേ.. കണ്ണടയ്ക്കുമ്പോൾ നിന്റെ വെള്ളാരം കണ്ണുകൾ മുന്നിൽ തെളിഞ്ഞു നിൽക്കാ.. നമ്മടെ അഞ്ചുവർഷത്തെ കാത്തിരിപ്പ് ഇന്നോടെ തീര്വല്ലേ പെണ്ണേ..

നീയെന്നും പറയണത് പോലെ നാളെ നിനക്കെന്റെ ഹൃദയമിടിപ്പിന് ചെവിയോർത്തെന്റെ നെഞ്ചിൽ കിടക്കേണ്ടേ…” ?

അഭിയേട്ടാന്ന് വിളിച്ചുകൊണ്ട് ഒരു പൊട്ടിക്കരച്ചിലായിരുന്നു അഭിയുടെ ചെവിയിൽ എത്തിയത്.

“എനിക്കെന്റെ അച്ഛനെ പിരിയാൻ വയ്യാ അഭിയേട്ടാ.. ഓരോ തിരക്കിനിടയിലൂടെയും ഓടിനടക്കുമ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുമ്പോഴും എന്റെ അച്ഛൻ ഉള്ളിൽ സങ്കടം കടിച്ചമർത്തുവാ അഭിയേട്ടാ.. എനിക്ക് വയ്യ എന്റച്ഛന്റെ സങ്കടം കാണാൻ…”

“എന്റെ പെണ്ണേ… പെണ്മക്കളുള്ള എല്ലാ അച്ഛന്മാരുടെയും ഏറ്റവും വലിയ സ്വപ്നം എന്താണെന്ന് നിനക്കറിയുമോ..?

നവവധുവിന്റെ വേഷത്തിൽ തന്റെ മകൾ ഉടുത്തൊരുങ്ങി വിവാഹമണ്ഡപത്തിൽ നിൽക്കുന്നതും അവളെ കന്യാദാനം ചെയ്തുകൊടുക്കുന്നതും ആണ്.

നിനക്ക് അറിയാമോ നിന്നെ എനിക്ക് തന്നൂടെയെന്ന് നിന്‍റെ അച്ഛനോട്‌ ചോദിച്ചപ്പോള്‍ എന്റെ കൈപിടിച്ച് അദ്ദേഹം‍ എന്നോട് ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ ഒരിക്കൽപോലും നിന്റെ കണ്ണുനിറയാൻ ഇടവരുതെന്ന്.

അത്കൊണ്ട് എന്റെ മോള് കണ്ണ് നിറയ്ക്കാതെ പോയികിടന്നുറങ്ങിക്കോ നാളെ ഉറക്കമിളക്കാനുള്ളതാ…”

ഒരു കുസൃതിച്ചിരിയോടെ അഭി അത് പറഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ മുഖം ചുവന്ന് തുടുത്തു.

“ഡീ കള്ളി ചേച്ചീ…. നീയിവിടെ കിന്നാരം പറഞ്ഞോണ്ട് നിക്കാ നിനക്ക് ഉറങ്ങണ്ടേ വേഗം ഉറങ്ങിക്കോ പുലര്‍ച്ചെ നമുക്ക് വടക്കുംനാഥനെ തൊഴാന്‍ പോവാനുള്ളതാ…”

ശ്രീപ്രിയ പിറകിലൂടെ വന്ന് ഇടുപ്പിലൂടെ കൈയ്യിട്ട് ശ്രീലക്ഷ്മിയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

“പ്രിയാ…”

“ഉം…”

“ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുവോ…” ?

“എന്താ..”

“ഞാന്‍ പോയിക്കഴിഞ്ഞാ നീ ആരോടാ കുശുമ്പ് കാണിക്ക്യ… അച്ഛ കൊണ്ടോരുന്ന പലഹാരത്തിന് ആരോടാ നീ വഴക്കടിക്ക്യ.. നീയോരോ കുസൃതി കാണിക്കുമ്പോ ദേഷ്യം പിടിച്ച് അമ്മ അടിക്ക്യാന്‍ വരുമ്പോ നീയാരുടെ പിന്നിലാ ഒളിച്ചു നിക്കാ… ഞാന്‍ പോണത്തില്‍ നിനക്ക് സങ്കടോന്നുല്ല്യാ… എനിക്ക് നിന്നെ പിരിയുന്നതോര്‍ക്കുമ്പോ സഹിക്കാന്‍ പറ്റണില്ല…”

“അയ്യടി മോളെ എനിക്കെന്ത് സങ്കടം. നീ പോയിട്ട് വേണം നിക്ക് അച്ഛന്റേം അമ്മേടേം കൂടെ ഒന്ന് സുഖിച്ച് ജീവിക്കാന്‍…”

ശ്രീലക്ഷ്മിയെ കട്ടിലില്‍ ഇരുത്തിയിട്ട് നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്ത് അവളുടെ നെറ്റിയില്‍ ഒരു ഉമ്മയും കൊടുത്ത് ശ്രീപ്രിയ തേങ്ങിക്കൊണ്ട് പുറത്തേക്കോടി.

ഉറങ്ങിക്കിടക്കുന്ന ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ മാടിയൊതുക്കികൊണ്ട് ശ്രീധരൻ മാഷ് വാത്സല്യത്തോടെ അവളുടെ നെറുകയിൽ ഒരു ഉമ്മകൊടുത്തു.

ഒരു ഞരക്കത്തോടെ അവൾ തിരിഞ്ഞു അയാൾക്ക് അഭിമുഖമായി കിടന്നു.

“അവൾ ഉറങ്ങിക്കോട്ടെ ശ്രീധരേട്ടാ… പാവം ന്റെ കുട്ടിക്ക് നല്ല ക്ഷീണം ഉണ്ടാവും വിഡിയോക്കാരുടെ ആ ലൈറ്റിന്റെ ചൂടും സഹിച്ച് ഒരുപാട് നേരം നിന്നതല്ലേ..”

“ഉം..” ഭാര്യയെ നോക്കി മൂളിക്കൊണ്ട് അയാൾ പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.

നെറ്റിയിൽ ഒരു മുത്തം കൂടി കൊടുത്ത് കട്ടിലിൽനിന്ന് എഴുന്നേറ്റതും ശ്രീലക്ഷ്മി ഉണർന്ന് ശ്രീധരൻ മാഷിന്റെ കൈയ്യിൽ പിടിച്ചു.

“സമയം രണ്ട് കഴിഞ്ഞു അച്ഛനും അമ്മേം ഇതുവരെ ഉറങ്ങീലേ..” ?

അഴിഞ്ഞുലഞ്ഞ തലമുടി ഒതുക്കിക്കൊണ്ട് ശ്രീലക്ഷ്മി അച്ഛനെ നോക്കി.

“രണ്ട് ദിവസമായിട്ട് നിന്റെ അച്ഛൻ ഇങ്ങനെയാ. ഉറങ്ങിക്കിടക്കുന്ന നിന്നെ വന്ന് ഇങ്ങനെ നോക്കിയിരിക്കും..”

സരസ്വതി അവളുടെ അടുത്തിരുന്നുകൊണ്ട് ശ്രീധരൻ മാഷെ നോക്കി.

“അങ്ങനെയൊന്നുല്ല മോളെ.. അച്ഛൻ വെറുതെ നിന്നെ ഒരുനോക്ക് കാണാൻ വേണ്ടി വന്നതാ..”

ഒരു ചിരിയോടെ മാഷ് മകളെ നോക്കികൊണ്ട് ഭാര്യയോടായി പറഞ്ഞു.

“മോള് നാളെ പോയിക്കഴിഞ്ഞാ പിന്നെയീ മുറിയിലേക്ക് വരാൻ മനസ് സമ്മതിക്കുമോ എന്തോ…”

വേദനയോടെ ശ്രീധരൻ മാഷ് അവളെ നോക്കി.

“നീ പണ്ടുതൊട്ടേ പുതച്ചുകൊണ്ട് ഉറങ്ങില്ലല്ലോ. വയനാട്ടിലെ തണുപ്പത്ത് പുതപ്പില്ലാതെ നീയുറങ്ങുങ്ങുമ്പോൾ ആര് നിന്നെ പുതപ്പിക്കും എന്ന ചിന്തയാണ് അച്ഛന്..”

“അത് അഭി ചെയ്തോളും അവനറിയാം അവിടത്തെ തണുപ്പ് മോൾക്ക് താങ്ങാൻ പറ്റില്ലെന്ന്. അവൻ നോക്കിക്കോളും എന്റെ മോളെ അവൻ സ്നേഹിച്ചോളും ഈ അച്ഛൻ മോളെ സ്നേഹിച്ചതിലും കൂടുതൽ..”

“അത് ആർക്കും പറ്റില്ല അച്ഛേ… അച്ഛ എന്നെ സ്നേഹിച്ചത് പോലെ ഈ ലോകത്തിൽ മറ്റാർക്കും എന്നെ സ്നേഹിക്കാൻ പറ്റില്ല..”

ശ്രീലക്ഷ്മി അയാളുടെ കൈ പിടിച്ചു തന്റെ മുഖത്തേക്ക് ചേര്‍ത്തു.

“പറ്റും മോളേ… നിന്നെ സ്വന്തം ജീവന്റെ വെളിച്ചമായി കണ്ട് സ്നേഹിക്കാൻ അഭിക്ക് കഴിയും. ഞാൻ കണ്ടതാണ് അവന്റെ കണ്ണുകളിൽ നിന്നോടുള്ള സ്നേഹം എത്രമാത്രമുണ്ടെന്ന്..”

ശ്രീധരന്‍ മാഷ്‌ അവളുടെ കവിളിണകളില്‍ തഴുകിക്കൊണ്ട് അവളെ നോക്കി

“മോൾക്കറിയോ ഈ അമ്മ നിന്നെ ഗർഭം ധരിച്ച സമയം അന്നീ വീടില്ല. ഇതിന്റെ സ്ഥാനത്ത് ഒരു ചെറിയ ഓടിട്ട വീടാ..

അന്നൊക്കെ ഞാനും ഇവളും കൂടെ മുറ്റത്ത് വന്നിരുന്ന് ആകാശത്തെ നക്ഷത്രങ്ങളെ നോക്കിയങ്ങനെ ഇരിക്കും.

പിന്നെ നീ ജനിച്ചതിന് ശേഷം ഒരിക്കൽ നക്ഷത്രങ്ങളെ നോക്കിയിരുന്നപ്പോൾ എന്നും കാണാറുള്ള രണ്ട് കുഞ്ഞു നക്ഷത്രങ്ങളെ കാണാനില്ല. അല്ല അതെവിടെ വീണുപോയി.!!
പിന്നെയാണ് എനിക്ക് മനസിലായത് ആ രണ്ട് കുഞ്ഞു നക്ഷത്രങ്ങളും എന്റെ വീട്ടിലാണ് വീണ് കിടക്കുന്നത് നിന്റെ ഈ കണ്ണുകളിൽ..”

അയാൾ ശ്രീലക്ഷ്മിയുടെ മുഖം കൈയ്യിൽ കോരിയെടുത്ത് അവളുടെ വെള്ളാരം കണ്ണുകളിൽ പതിയേ ചുണ്ടമർത്തിയിട്ട് അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.

“ഈ വീട്ടിലെ നക്ഷത്രമാണ് നീ എന്റെ എന്റെ ജീവിതത്തിന്റെ പ്രകാശം. നാളെ എന്റെ മോള് ഈ വീടിന്റെ പടിയിറങ്ങിയാ ഇവിടെ അന്ധകാരം നിറയും ഈ വീട്ടിലും എന്റെ ജീവിതത്തിലും..”

കണ്ണിൽനിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ കാണാതെ ശ്രീധരൻ മാഷ് തുടച്ചുമാറ്റി.

“മോൾക്ക് ഒരു കാര്യം കേൾക്കണോ..”

“ഉം…”

അയാളുടെ നെഞ്ചിലേക്ക് ഒന്നുകൂടെ പറ്റിച്ചേർന്നുകൊണ്ട് ശ്രീലക്ഷ്മി മൂളി.

“നിനക്ക് ജന്മം തന്നതിന് ശേഷമാണ് ഞാൻ നിന്റെ അമ്മയെ കൂടുതൽ സ്നേഹിച്ചു തുടങ്ങിയത്.

വല്ലപ്പോഴും ഒരിക്കൽ ഞങ്ങൾ വഴക്ക് കൂടും ചിലപ്പോ എനിക്ക് നല്ല ദേഷ്യം വരും അപ്പൊ ഞാൻ നിന്നെ ഓർക്കും.

അപ്പൊ എന്റെ മനസ് എന്നോട് പറയും അരുത്… ആ പെണ്ണിന്റെ എല്ലാ തെറ്റിനും മാപ്പ്കൊടുക്കണം. കാരണം ഇവൾ എനിക്ക് ഇത്രയും നല്ല ഒരു മോളെ തന്നിലേ…”

അതുവരെ അടക്കിനിർത്തിയ കണ്ണുനീർ അണപൊട്ടി ഒഴുകുന്നത് ശ്രീധരൻ മാഷ് അറിഞ്ഞു. ശ്രീലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി.

അകത്തെ സംഭാഷണം കേട്ടുകൊണ്ട് മുറിക്ക് പുറത്തുനിന്ന ശ്രീപ്രിയ നിറഞ്ഞ കണ്ണുകളോടെ ഓടിവന്ന് ശ്രീലക്ഷ്മിയേയും ശ്രീധരൻ മാഷെയും ഇറുകെ പുണർന്നു.

കണ്ണുനീർ അടക്കാൻ പാടുപെടുന്ന ഭാര്യയെയും അയാൾ തന്നോട് ചേർത്ത് പിടിച്ചു.

“മതി നിങ്ങൾ അവളെ വിഷമിച്ചത്. രാവിലെ നേരത്തെ എഴുന്നേൽക്കാനുള്ളതാ അവൾ കിടന്നോട്ടെ..”

കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് സരസ്വതി അയാളെ നോക്കിക്കൊണ്ട് പറഞ്ഞു.

“പ്രിയേ വാ വന്ന് കിടക്ക് രാവിലെ എത്ര വിളിച്ചാലും നീ കിടക്കയിൽന്ന് എഴുന്നേക്കില്ല വാ..”

അവർ ഇളയ മകളെ വിളിച്ചു.

“ഞാനിന്ന് ചേച്ചിയുടെ കൂടെയാ ഉറങ്ങുന്നേ അമ്മ പോയ്ക്കോ..”

അവൾ ശ്രീലക്ഷ്മിയെ കെട്ടിപ്പിടിച്ചുകൊണ്ട് കട്ടിലിലേക്ക് ചാഞ്ഞു.

***

കമനീയമായി ഒരുക്കിയ കല്ല്യാണ മണ്ഡപത്തിൽ അഭിയുടെ ഇടത് ഭാഗത്തായി അവനോട് ചേർന്നിരിക്കുമ്പോൾ ശ്രീലക്ഷ്മിയുടെ ഹൃദയം അതിവേഗം മിടിച്ചുകൊണ്ടിരുന്നു.

പൂജാരി മന്ത്രങ്ങൾ ചൊല്ലി താലി പൂജിക്കുന്നുണ്ടായിരുന്നു.

അല്പസമയം കഴിഞ്ഞാൽ മകളിൽ നിന്നും താൻ ഒരു ഭാര്യയായി മാറും വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പ് ഇന്നത്തോടെ അവസാനിക്കുകയാണ്.

അവൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി ശ്രീധരൻ മാഷെ നോക്കി. അയാൾ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

സരസ്വതിയും ശ്രീപ്രിയയും അടുത്ത് തന്നെയുണ്ട് ശ്രീധരൻ മാഷിന്റെ കണ്ണുകളിൽ സന്തോഷമാണോ സങ്കടമാണോ എന്ന് അവൾക്ക് തിരിച്ചറിയാനായില്ല അവ രണ്ടും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

പൂജാരി താലി അഭിയ്ക്ക് കൈമാറിയപ്പോള്‍ അവളില്‍ ഒരു തളര്‍ച്ചയുണ്ടായി. ഹൃദയമിടിപ്പ്‌ ക്രമാതീതമായി വര്‍ധിച്ചു.

“കെട്ടുമേളം കേട്ടുമേളം..”

അയാളുടെ ശബ്ദം മുഴങ്ങിയതും കെട്ടുമേളം ഉയര്‍ന്നു. അഭി ശ്രീലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയതും അവള്‍ അത് നെഞ്ചോടു ചേര്‍ത്തുപിടിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകള്‍ ഉയര്‍ത്തി അവനെ നോക്കിക്കൊണ്ട് മധുരമായി പുഞ്ചിരിച്ചപ്പോള്‍ അഭി അവളുടെ നെറുകയില്‍ തിലകം ചാര്‍ത്തി.

പൂജാരി കൊടുത്ത തുളസിമാല പരസ്പരം കഴുത്തിലണിയച്ചപ്പോള്‍ ശ്രീധരന്‍ മാഷ്‌ മകളുടെ കൈ പിടിച്ച് അവളുടെ പാതിയെ ഏല്‍പ്പിച്ചു. അഭിയുടെ കൈപിടിച്ച് അഗ്നിയെ വലം വെക്കുമ്പോള്‍ അവള്‍ കണ്ണുകള്‍ ഉയര്‍ത്തി ശ്രീധരന്‍ മാഷെ നോക്കി.

നിറഞ്ഞ സംതൃപ്തിയോടെയും സന്തോഷത്തോടെയും അയാള്‍ ശ്രീപ്രിയയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്നുണ്ടായിരുന്ന.

ചടങ്ങുകളെല്ലാം കഴിഞ്ഞ് സരസ്വതി അവളുടെ കവിളില്‍ ചുംബിച്ചുകൊണ്ട് അവളെ നോക്കി കണ്ണുകളാല്‍ യാത്ര പറഞ്ഞു.

യാത്ര പറയാന്‍ ശ്രീധരന്‍ മാഷിന്‍റെ മുന്നില്‍ ശ്രീലക്ഷ്മി നിന്നപ്പോള്‍ കണ്ണുനീര്‍ അവളുടെ കാഴ്ച്ചയെ മറച്ചുകൊണ്ട് താഴെക്കൊഴുകി.
പൊട്ടിക്കരഞ്ഞുകൊണ്ടവള്‍ അയാളുടെ മാറിലേക്ക് വീണു.

മകളെ മാറോട് ചേര്‍ത്തുപിടിച്ചപ്പോള്‍ ആ കണ്ണുകളും നിറഞ്ഞൊഴുകി. കാറില്‍ ഇരുന്നുകൊണ്ട് ശ്രീലക്ഷ്മി തിരിഞ്ഞു നോക്കുമ്പോള്‍ അതുവരെ അവളെ കളിയാക്കി നിന്ന ശ്രീപ്രിയ ശ്രീധരന്‍ മാഷിന്‍റെ നെഞ്ചിലേക്ക് ചേര്‍ന്നുനിന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളാല്‍ അവളെ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു..

[സ്നേഹിച്ച ആളോടൊപ്പം ജീവിക്കുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ഭാഗ്യമല്ല. എന്നാൽ മാതാപിതാക്കളുടെ ആശീർവാദത്തോടും അനുഗ്രഹത്തോടും കൂടി സ്നേഹിച്ച ആളോടൊപ്പം ജീവിക്കാൻ കഴിയുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.
ആ ഭാഗ്യം ലഭിച്ച പ്രിയ സഹോദരി ‘രൂപശ്രീ പ്രകാശ് ‘ന് വിവാഹമംഗളാശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.]

 : വിനു മഠത്തിൽ