Entertainment

കണ്ണിൽ നിന്നും മറഞ്ഞു പോവുന്ന നിമിഷം അലിഞ്ഞില്ലാതായ വെറുപ്പിന് പകരം ബഹുമാനമാനമായിരുന്നു അവളുടെ മനസ്സുനിറയെ….

#വർഷയാണ്_താരം

വർഷേ..
നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞതാ ഇനി ഇതിലേക്ക് മെസ്സേജയകരുതെന്ന്.

എന്താ സന്ദീപ്…
നീയിങ്ങനെയൊക്കെ സംസാരിക്കുന്നത്…??

നിന്റെ ഹൃദയത്തിലെ പ്രണയത്തിന്റെ കോണിൽ എനിക്കൊരു സ്ഥാനവുമില്ലേ…?

അതിനു നിന്നെ ഞാൻ പ്രണയിച്ചില്ലല്ലോ..?

പിന്നെ എന്തിനാ ഞാൻ വേവ് ചെയ്തപ്പോൾ തിരിച്ചും വേവ് ചെയ്ത് സ്വീകരിച്ചതും രാവേറെ വൈകുവോളം ചാറ്റിയിരുന്നതും..?

പൊട്ടിപ്പെണ്ണ്…ii
അതു പിന്നെ ഫെയ്സ് ബുക്കിൽ സ്വാഭാവികമല്ലേ വർഷേ…
സൗഹൃദങ്ങളും ആശയ വിനിമയങ്ങളും ചർച്ചകളും…

അങ്ങനെ വെറും ഒരു സൗഹ്യദമാണോ സന്ദീപിന് എന്നോട് തോന്നിയിട്ടുള്ളത്…?

തീർച്ചയായും…
അതിലപ്പുറം എന്തു തോന്നാൻ..

ഒന്നുമില്ല സന്ദീപ്..!???

ഇല്ല.. ii

ശരി…. ഇനി നമ്മൾ കാണുന്നില്ല.
ഇത്രയും കാലം പങ്കുവെച്ചതെല്ലാം വെറും ദിവാസ്വപ്നം മാത്രമായിരുന്നൂന്ന സങ്കൽപ്പിച്ച് ഞാൻ ഞാൻ ആശ്വസിച്ചോളാം…
ബൈ….

അങ്ങനെയാവട്ടെ വർഷേ.. ബൈ..

സന്ദീപ്പിൽ നിന്ന് എന്തെങ്കിലുമൊരു സാന്ത്വന വാക്ക് പ്രതീക്ഷിച്ച വർഷക്ക് കിട്ടിയത് ഒഴിഞ്ഞു മാറ്റത്തിന്റെ വിട വാക്കായിരുന്നു.

എന്നാലും പ്രതീക്ഷയുടെ തുരുത്തിൽ ഒരു തിരിനാളം പ്രകാശിക്കുന്നത് കാണാൻ മെസ്സഞ്ചറിലേക്ക് കണ്ണിമവെട്ടാതെ നോക്കിയിരുന്നു.

നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം..
തന്റെ പേരിനോട് ഇഴയടുപ്പമുള്ള സന്ദർഭങ്ങളിലൂടെ പലപ്പോഴും കടന്നു പോയിട്ടുണ്ട്.

അതെന്തോ ആവട്ടെ.. സന്ദീപിനെ എനെറ് ജീവിതത്തിന്റെ ഭാഗമാക്കണം.

അവനെഴുതുന്ന കഥകൾ വായിച്ചു അനശ്വരതയുടെ മായാപ്രബഞ്ചങ്ങളിലൂടെ ചിറകില്ലാതെ പറക്കണം.

അവന്റെ കവിതകളിലെ കാൽപനികതയുടെ അരികുപറ്റി ഇരേഴു ലോകങ്ങളിലൂടെ ഭാവനാപൂർണ്ണയായി നടക്കണം…

അവന്റെ വിരിഞ്ഞ നെഞ്ചിൽ മുഖമമർത്തി ദാർശനിക ഭാവമുള്ള ആ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കി കൊണ്ടിരിക്കെ സുഖനിദ്രയിലേക്ക് ഊളിയിടണം….

പക്ഷേ സ്വപ്നങ്ങളെയെല്ലാം എത്ര ലാഘവത്തോടെയാണ് സന്ദീപ് ചുഴറ്റി എറിയുന്നത്…

ഉപാധികളില്ലാത്ത എന്റെ സ്നേഹം അവൻ കണ്ടില്ല എന്നു നടിക്കുന്നത്…

സന്ദീപ് വരില്ല എന്നു ഉറപ്പായപ്പോൾ കുറച്ച് ഇമോഷണലായി അവൾ ഒരു മെസ്സേജ് കൂടെ അയച്ചു..

പ്രിയ സന്ദീപ്
നിനക്കറിയോ എന്റെ ഹൃദയ വേദനയുടെ ഗ്രാഫ് എത്രയാന്ന്..?

നിനക്ക് വേണ്ടി മിടിച്ച ഹൃദയത്തിന്റെ ഓരോ മിടിപ്പിലും നിന്നോടുള്ള ആത്മാർത്ഥമായ പ്രണയത്തിന്റെ താളമുണ്ടായിരുന്നു..

ഒരിക്കൽ എന്നെ ഇഷ്ടമല്ലേയെന്ന് ചോദിച്ചപ്പോൾ ഇഷ്ടമാണെന്ന് നീ പറഞ്ഞ ആ നിമിഷം തൊട്ടാണ് നിന്നോടുണ്ടായിരുന്ന അടുപ്പം പ്രണയമായി വളരാൻ തുടങ്ങിയത്.

എന്റെ പ്രണയ ഭൂമികയിൽ പിഴുതെടുക്കാനാവാത്ത വിധം നിന്നോടുള്ള പ്രണയത്തിന്റെ വേര് ആഴ്ന്നിറങ്ങിയിരിക്കുന്നു …

അത് നീ പറിച്ചു മാറ്റാൻ ശ്രമിച്ചാൽ പ്രണയ ജലം വലിച്ചെടുക്കാനാവാതെ ഞാനെന്ന വൃക്ഷം കരിഞ്ഞുണങ്ങി പോവും…

ഇനിയെങ്കിലും എന്നെ മനസ്സിലാക്കാൻ ശ്രമിക്ക് സന്ദീപ്….

വർഷേ…
എന്തൊക്കെയാണ് കുട്ടീ നീ എഴുതിവിട്ടിരിക്കുന്നത്..?

നീ ഏതോ സാങ്കൽപിക ലോകത്തിരുന്ന് കാൽപനികമായ കവിതയെഴുതുന്നതു പോലെയാണോ ശരിക്കുമുള്ള ജീവിതത്തെ നോക്കി കാണുന്നത്…?

ജീവിതത്തിന്റെ യാഥാർത്ഥ്യബോധ്യത്തിലേക്ക് നിന്റെ ചിന്തകളെ തിരിച്ചുവിടണം..

വൈകാരികമായി ചിന്തിച്ചാൽ ജീവിതത്തിന് മാത്രമല്ല ഒരു പക്ഷേ ഒരു സമസ്യക്കും യഥാർത്ഥ പരിഹാരം കിട്ടില്ല…

നോക്ക് വർഷേ..
വിചാരം വികാരത്തെ എവിടെ അതിജീവിക്കുന്നുവോ അവിടെയാണ് അനശ്വരതയുള്ളത്.
വികാരം നശ്വരമാണ്…

നിനക്കറിയില്ലേ ചില സന്ദർഭങ്ങളിൽ എടുത്തു ചാടി എന്തെങ്കിലും ചെയ്ത ശേഷം വേണ്ടിയിരുന്നില്ല എന്നൊരു വീണ്ടുവിചാരവും കുറ്റബോധവും നമ്മെ അലട്ടികൊണ്ടിരിക്കുന്നത്..

അതെല്ലാം കറങ്ങി തിരിഞ്ഞു കാലചക്രങ്ങൾക്കിടയിൽ ഞെരിഞ്ഞമർന്ന് പോവാം..

പക്ഷേ ജീവിത പങ്കാളി..
നിന്റെ മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന ജീവിത പാഥേയം നീ കാണുന്നില്ലേ..?

ഒരിക്കൽ പോലും നിന്നോട് പ്രണയമുണ്ടെന്ന് പറഞ്ഞതായി ഞാനോർക്കുന്നില.

സൗഹ്യദത്തിനപ്പുറം ഒരിഷ്ടമുണ്ടെന്ന് ഈ നിമിഷം വരെയും തോന്നിയിട്ടില്ല.

നീ ഇഷ്ടം തോന്നിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞത്
പ്രണയമാണെന്നല്ല.
വെറും ഇഷ്ടം..

മനോഹരമായ നീലാകാശത്തിലേക്ക് നിലാവുള്ള രാത്രി മന്ദമാരുതന്റെ തഴുകലേറ്റ നോക്കി ഇരിക്കുമ്പോൾ കണ്ണു ചിമ്മി തുറക്കുന്ന നക്ഷത്രങ്ങളോട് ഒരിഷ്ടം തോന്നില്ലേ..

കളകൂജനങ്ങൾ മുഴക്കി മരചില്കളിൽ വന്നിരിക്കുന്ന കുരുവിക്കൂട്ടങ്ങളോട് ഒരിഷ്ടം തോന്നില്ലേ..
അത്രേയുള്ളൂ…

അല്ലെങ്കിലും നിനക്കറിയാല്ലോ അമ്മയോടും അച്ചനോടും ഇഷ്ടമാണെന്ന് പറഞ്ഞാൽ ഒരർത്ഥമില്ലേ അതേ അർത്ഥമാണ് വർഷേ നിന്നോടുള്ള ഇഷ്ടത്തിനും എനിക്കുള്ളത്..

ആ ഇഷ്ടം വെച്ചു കൊണ്ടാണ് നിന്നോട് പറയുന്നത്.
നീ ഇതിൽ നിന്ന് പിന്മാറിയേ തീരൂ…

നിനക്ക് വരുന്ന നല്ല ആലോചനകളിൽ നിന്ന് എല്ലാം കൊണ്ടും നല്ലതെന്ന് തോന്നുന്നത് തിരഞ്ഞെടുക്ക്.

അവനെ പ്രണയിക്കുകയും,
വീട്ടുകാരുടെ അനുഗ്രാശിസ്സുകളോടെ നല്ലൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയും ചെയ്യൂ എന്നാണ് അവസാനമായി എനിക്ക് പറയാനുള്ളത്.

സന്ദീപ്..
എനിക്ക് എന്റെ കാര്യങ്ങൾ തീരുമാനിക്കാനുള്ള പക്വതയുണ്ട.
ജീവിതത്തിൽ എനിക്കിഷ്ടപ്പെട്ട ആളെ ഞാൻ തിരഞ്ഞെടുക്കും.
അതാര് എതിർത്തിട്ടും കാര്യമില്ല.
വീട്ടുകാരായാൽ പോലും.

വീട്ടിൽ ജീവിക്കാൻ പറ്റിയില്ലെങ്കിൽ പറ്റുന്നിടത്ത് പോയി ജീവിക്കും.

വർഷേ..
അവിവേകം കാണിക്കരുത്.
രണ്ടു വർഷം കുടുംബകോടതിയിൽ കൗൺസിലറായി സേവനം ചെയ്തതിന്റെ അനുഭവത്തിൽ പറയട്ടെ..

വരുന്ന പരാതികൾ അധികവും പ്രണയജോഡികളിൽ നിന്നാണ്.
നിസ്സഹയരായ എത്ര പെൺകുട്ടികളുടെ ചുടു കണ്ണീരാണ് കവിളിലൂടെ ചാലിട്ടൊഴുകുന്നതെന്ന് നിനക്കറിയോ…?

ഇല്ലെങ്കിൽ ഒരു ദിവസം നീ അവിടെ വരണം. പരാതിക്കാരെ കാണണം, അവരുടെ പ്രശ്നങ്ങൾ കേൾക്കണം. അപ്പോൾ ഏകദേശം ഒരു ചിത്രം നിന്നെ മുന്നിൽ തെളിഞ്ഞു വരും.

എന്നിട്ട് പ്രണയജോഡികളല്ലാത്തവർ അവിടെ വരാറില്ലേ..?
അവർ ബന്ധങ്ങൾ പരിയാറില്ലേ…?
അവർക്കിടയിൽ പ്രശ്നങ്ങളൊന്നും നടക്കാറില്ലേ സന്ദീപ്…??

ഇല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ വർഷേ.
വളരെ കുറവാണ് ഏറെക്കുറേ കൗൺസിലിംഗിൽ തീർക്കാവുന്നതേയുള്ളൂ.
ചിലത് മാത്രമേ ബന്ധം ഒഴിയുന്നതിലേക്കെത്തൂ.

പ്രണയ വിവാഹങ്ങർ തിരിച്ചും. വളരെ കുറച്ചേ നന്നായി പോവാറുള്ളൂ.
അധികവും വഴിപിരിയാറാണ്.

വിവാഹം കഴിയുന്നതോടെ അവർക്കിടയിൽ സംശയങ്ങൾ അകലം തീർക്കുന്നു.
തന്നാടൊപ്പം പങ്കുവെച്ച സ്വകാര്യ നിമിഷങ്ങളെ പോലെ മറ്റുള്ളവരുമായി എന്ത് കൊണ്ട് നടന്നു കൂടാ..?

ജന്മം നൽകി വളർത്തി വലുതാക്കിയ അച്ചനമ്മമാരെ ഇന്നലെ കണ്ട എനിക്ക് വേണ്ടി തള്ളി പറഞ്ഞ് ചവിട്ടി തേച്ചു ഇറങ്ങി പോന്നവൾ നാളെ വേറൊരാളെ കണ്ടാൽ എന്നെയും പുറംകാൽ കൊണ്ട് തൊഴിച്ച് ഇറങ്ങി പോവില്ലേ…?

തുടങ്ങി ഒരുപാടൊരുപാട് സംശയങ്ങളായിരിക്കും അവരെ ഭരിക്കുക.

എന്നിട്ട് വിവാഹം കഴിഞ്ഞ എത്രയോ പേർ ഇണകളെ വിട്ട് പ്രണയിച്ചവരോടൊപ്പം ഇറങ്ങി പോയിട്ടില്ലേ?

പോയിട്ടുണ്ട് ശരിയാണ്.
പിന്നെ അവരുടെ ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് എന്തായിരുന്നെന്ന നീ അന്വേഷിച്ചിട്ടുണ്ടോ?

വിവാഹ ശേഷം സ്വന്തം ഇണയെ പ്രണയിക്കാതിരിക്കുകയും, മറ്റൊരാളിലേക്ക് പ്രണയം വഴി തെറ്റി ഒഴുകുകയും ചെയ്യുന്നതാണ് കുടുംബകോടതികളിലെ വലിയ തലവേദനകളിലൊന്ന്.

സ്നേഹിച്ച ഇണയെ ഒരു മന:സാക്ഷി കുത്തുമില്ലാതെ കറിവേപ്പില പോലെ ഉപേക്ഷിക്കുന്ന രംഗങ്ങൾ..

മനസ്സറിഞ്ഞ് സ്നേഹിച്ചവരെ അവഗണിക്കുമ്പോൾ അവരുടെ ഹൃദയം പൊട്ടി പുറത്തേക്കൊഴുകുന്ന രോദനങ്ങൾ..

ഇതിൽ കൂടുതലൊന്നും പറയാനുള്ള ഹ്യദയഭാഷ എനിക്കറിയില്ല വർഷേ…

ഈ വാക്കുകൾക്ക് ശേഷം പിന്നീട് അവളുടെ പ്രതികരണമൊന്നും വന്നില്ല..

വരാതിരിക്കട്ടെ എന്നു തന്നെയാണാഗ്രഹിച്ചത്.

പക്ഷേ ഒരു യാത്രക്കിടെ ഡൽഹിയിലെ സ്റ്റേഷനിൽ ഇറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് എതിർ ഭാഗത്തുള്ള സീറ്റിൽ ഇരുന്നിരുന്ന പഞ്ചാബിക്കാരൻ എഴുന്നേറ്റ് പോയ ഇരിപ്പിടത്തിൽ അവൾ വന്ന് ഇരുന്നത്.

രണ്ടാണ്ടുകൾക്ക് ശേഷം അവിചാരിതമായി കണ്ടുമുട്ടിയതിന്റെ അമ്പരപ്പും വികാര വിക്ഷോഭങ്ങളും രണ്ടാളുടെ മുഖഭാവത്തിലും മിന്നി മറഞ്ഞു കൊണ്ടിരുന്നു.

ട്രെയിനിന്റെ വേഗത കുറഞ്ഞു കുറഞ്ഞ് വരുന്നു…. ഏതാനും നിമിഷങ്ങളേ അവശേഷിക്കുന്നുള്ളൂ.

വർഷയിൽ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച സന്ദീപിനെ ഞെട്ടിച്ച് വർഷ തന്നെ തുടങ്ങി വെച്ചു.

സന്ദീപ്…
യു ആർ റൈറ്റ്.
നിന്റെ ചിന്തകളെല്ലാം തിടം വെച്ചതായിരുന്നുവെന്ന് തിരിച്ചറിയാൻ എന്റെ ജീവിതം ബലി നൽകേണ്ടി വന്നു.

നിന്നെ തോൽപ്പിക്കാൻ വേണ്ടി നിന്നേക്കാൾ മികച്ച ഒരാളെ ഞാൻ പ്രണയിച്ചു തന്നെ വിവാഹം കഴിച്ചു.

അവനെറ് പെണ്ണായി നിന്റെ മുന്നിലൂടെ ഘോര യുദ്ധത്തിൽ ജയം വരിച്ച ജേതാവിനെ പോലെ നടക്കാൻ നല്ലൊരു അവസരം നോക്കി നടക്കുന്നതിനിടയിലാണ് ജീവന്റെ പ്രജ്ഞയറ്റു പോവുന്ന വാർത്ത കാതുകളിൽ ഇടിത്തീയായി പതിച്ചത്..

ഒരുപാട് പെൺകുട്ടികളെ വലവീശി പിടിച്ച് പിച്ചിചീന്തിയ അവനെയായിരുന്നു ഞാനെന്റെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ചത്.

ട്രെയിൻ പോവാനുള്ള ചൂളം വിളിച്ചുതുടങ്ങി.

എന്തൊക്കൊയോ ഒരുപാട് പറയാൻ ഒരുങ്ങിയത് പറഞ്ഞു പൂർത്തിയാക്കാൻ കഴിയാത്ത വിഷമം അവളുടെ മുഖത്ത് നിഴലിച്ചു കാണാം..

ബാഗും മറ്റു സാധനങ്ങളും തിരക്കിട്ട് എടുക്കുന്നതിനിടയിൽ വർഷയോടായി സന്ദീപ് പറഞ്ഞു.

വർഷേ…
നഷ്ടപ്പെട്ടതിനെ കുറിച്ചോർത്ത് ആത്മാവിനെ നെരിപ്പോടാക്കിയത് കൊണ്ട് പ്രത്യേകിച്ചൊന്നും നേടാനില്ല.

ഒരു ചവിട്ടുപടിയിൽ തെന്നി വീണതു കൊണ്ട് ജീവിതകാലം മുഴുവനും അവിടെ തന്നെ കിടന്നു പുഴുവരിക്കരുത്..

അനുഭവങ്ങളിൽ നിന്നും ചുറ്റുപാടിൽ നിന്നും പാഠമുൾക്കൊണ്ട് നല്ലൊരു ജീവിതത്തിന് പ്രയത്നിക്കുക..
സമയം വൈകിയിട്ടില്ല..

ചലിച്ചു തുടങ്ങിയ ട്രെയിനിൽ നിന്നും ധൃതിയിൽ ഇറങ്ങിയ സന്ദീപിന് നേരെ വിഷാദം നിറഞ്ഞ ചിരി സമ്മാനിച്ചു കൊണ്ട് വർഷ കൈവീശി..

സന്ദീപ് തിരിച്ചും..

അവളോർക്കുകയായിരുന്നു സന്ദീപിന്റെ ക്രാന്തദർശിത്വമുള്ള വാക്കുകൾ…

ഒരു നല്ല ഭാവി ജീവിതത്തിന്റെ കെട്ടുറപ്പിന് ആ വാക്കുകളെ കൂട്ടുപിടിച്ചവൾ പ്രതിജ്ഞയെടുത്തു.

കണ്ണിൽ നിന്നും മറഞ്ഞു പോവുന്ന നിമിഷം അലിഞ്ഞില്ലാതായ വെറുപ്പിന് പകരം ബഹുമാനമാനമായിരുന്നു അവളുടെ മനസ്സുനിറയെ.

Ibrahim Nilambur