Entertainment

പാമ്പ് പിടുത്തത്തിൽ വാവ സുരേഷിനെ വരെ വെല്ലുന്ന ഈ കൊച്ചീക്കാരിയെ കുറിച്ച് അറിയാമോ…

ഇഴജന്തുക്കളെ കണ്ടാല്‍ ‘അയ്യോ പാമ്പേ’ എന്നലറി വിളിച്ച് ഓടുന്നവരാണ് മിക്കവരും. എന്നാല്‍   കൊച്ചീക്കാരി വിദ്യാരാജു അങ്ങിനെയല്ല. കക്ഷി അലറി വിളിക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുകില്ല. പകരം പാമ്പിനെ കണ്ടെന്ന് പറയുന്ന സ്ഥലത്തേക്ക് പോകുകയും എത്ര വിഷമുള്ളതായാലും അതിനെ കണ്ടെത്തി പിടികൂടുകയും അവയെ കാട്ടിലേക്കോ കൂട്ടിലേക്കോ അയയ്ക്കുകയും ചെയ്യും.

പാമ്പിനെ പിടിക്കുന്ന ‘ആണ്‍ വീരന്മാര്‍’ ക്കിടയിലെ അങ്ങിനെയൊരു ‘പെണ്‍ പിറന്നോള്‍’ ആണ് വിദ്യ. ഏകദേശം 800 ലധികം പാമ്പിനെ പിടിച്ചിട്ടുള്ള ഈ 58 കാരി പക്ഷേ പാമ്പു പിടിയന്മാരായ പുരുഷ കേസരികളുടെ നിഴലിലായി പോയത് താന്‍ ചെയ്യുന്ന ജോലിയില്‍ പൊങ്ങച്ചം കണ്ടെത്താന്‍ ശ്രമിക്കാതിരുന്നത് കൊണ്ടായിരുന്നെന്ന് മാത്രം. ധൈര്യത്തിന്റെ കാര്യത്തില്‍ പേരോ പെരുമയോ കാംഷിക്കുകയോ അവകാശവാദം ഉന്നയിക്കുകയോ ചെയ്യാതിരുന്ന വിദ്യ താന്‍ പിടിച്ച പാമ്പുകളുടെ എണ്ണമെടുക്കുകയോ അവയെ പിടിച്ചു കൊണ്ട് ഫോട്ടോയെടുക്കുകയോ ചെയ്തിട്ടില്ല.

ജന്മം കൊണ്ട് ബീഹാറിയായ വിദ്യ പക്ഷേ നാവിക ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം കൊച്ചിയിലാണ് താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് വിരമിച്ചെങ്കിലും ഇവിടെ തന്നെ തുടരുകയാണ്. പക്ഷികളെനിരീക്ഷിച്ചും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും പനമ്പള്ളിനഗറിലാണ് താമസം. ഭര്‍ത്താവ് ഐഎന്‍എസ് മന്‍ഡോവിയുടെ ഭാഗമായിരിക്കെ ഗോവയില്‍ ആയിരിക്കുമ്പോഴാണ് പാമ്പു പിടുത്തം വിദ്യ ആദ്യം തുടങ്ങിയത്. പതിവ് പക്ഷി നിരീക്ഷണത്തിന് ഇറങ്ങിയപ്പോള്‍ അവിടെയുള്ള ഒരാളാണ് പരിപാടി പഠിപ്പിച്ചത്.ഒരിക്കല്‍ ഇക്കാര്യം ചെയ്തതിന് ശേഷം പിന്നീട് അതൊരു ഹരമായി മാറി. ആ സമയത്ത് ശരിയായ പരിശീലനം കിട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് വിഷമുള്ളതും ഇല്ലാത്തതുമായ പലതരം പാമ്പുകളെ കുറിച്ചും അവരുടെ രീതികളെ കുറിച്ചും വായിച്ചറിഞ്ഞു. അതിന് ശേഷമാണ് പാമ്പുകളെ രക്ഷിക്കാനായി ഇറങ്ങിത്തിരിച്ചത്.

കൊച്ചിയിലെ കട്ടാരിബാഗിലാണ് പാമ്പുകള്‍ കൂടുതലുള്ളതെന്നും എന്നാല്‍ അവ വിഷമില്ലാത്തതാണെന്നും വിദ്യ പറയുന്നു. പിടിക്കുന്ന പാമ്പിനെ വനംവകുപ്പിന് നല്‍കാറാണ് പതിവ്. കൂടുതലും പെരുമ്പാമ്പുകളും ചേരകളുമാണ്. ഇതുവരെ മൂര്‍ഖന്‍ പാമ്പുകളെ കണ്ടിട്ടില്ല. വീട്ടിനുള്ളില്‍ നിന്നും പാമ്പിനെ പിടിച്ചാല്‍ അതിനെ പച്ചപ്പില്‍ കൊണ്ടുപോയി വിടാറുണ്ട്. വിഷമുള്ള പാമ്പിനെ വനം വകുപ്പിന് കൈമാറും.

തനിക്ക് പാമ്പിനെ തീരെ പേടിയില്ലെന്നും പാമ്പുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ പല തവണ കടിയേറ്റിട്ടുണ്ടെന്നും ഒരു ഘട്ടത്തില്‍ കടിയേറ്റ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതി പോലും വന്നിട്ടുണ്ടെന്നും വിദ്യ പറയുന്നു. കൈകള്‍ ഉപയോഗിച്ച് നേരിട്ടോ വടി കൊണ്ടോ പാമ്പിനെ പിടിച്ചിട്ടില്ലെന്നും അപരിചിതമായ സ്പര്‍ശനങ്ങള്‍ പാമ്പിനേയും നമ്മളെപ്പോലെ തന്നെ ഭയപ്പെടുത്തുമെന്നും വിദ്യ പറയുന്നു. പ്രവര്‍ത്തി പരിചയം കൊണ്ട് പാമ്പുകളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കാന്‍ വിദ്യയ്ക്ക് കഴിയുന്നുണ്ട്.
പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ മുട്ടവിരിഞ്ഞ് പുറത്തുവരാന്‍ സഹായിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമായി വിദ്യ കാണുന്നത്. ഒരിക്കല്‍ കാട്ടാരിബയില്‍ വെച്ച് പെരുമ്പാമ്പിന്റെ മുട്ടകള്‍ കണ്ടതായി നാട്ടുകാര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് അവിടെ എത്തുമ്പോള്‍ മുട്ട വിരിയാന്‍ പാകത്തില്‍ ആയിരുന്നു. അവയെടുത്ത് ഒരു മരപ്പെട്ടിയില്‍ സൂക്ഷിച്ചെന്നും പിന്നീട് മുട്ട വിരിഞ്ഞ് പാമ്പ് പുറത്തു വന്നത് വളരെ മനോഹര കാഴ്ചയായിരുന്നെന്നും പറയുന്നു. പാമ്പ് പിടുത്തത്തിന് തനിക്ക് കിട്ടുന്ന പെരുമ മുഴുവനും കുടുംബത്തിന് നല്‍കുകയാണ് വിദ്യ. തന്റെ സാഹസീകതയ്ക്ക് പിന്തുണ നല്‍കുന്നത് അവരാണെന്നും താന്‍ പാമ്പു പിടിക്കുന്നതില്‍ ഒരിക്കലും അവര്‍ പ്രതിഷേധം പറഞ്ഞിട്ടില്ലെന്നും വിദ്യ പറയുന്നു.

പ്രകൃതിയോട് ഇഴുകിചേര്‍ന്ന് ജീവിക്കുന്നതിനാലാണ് തനിക്ക് ഇങ്ങിനെ ചെയ്യാനാകുന്നത്. പിതാവ് കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജോലിക്കനുസൃതമായി പല സ്ഥലങ്ങളിലായിട്ടാണ് വളര്‍ന്നത്. അതുകൊണ്ട് തനിക്ക് പ്രകൃതി നിരീക്ഷണത്തിന് ഏറെ അവസരങ്ങള്‍ കിട്ടിയിരുന്നതായും അവര്‍ പറയുന്നു. പ്രകൃതിയാണ് തന്റെയും കുടുംബത്തിന്റെയും മതമെന്നും വീട്ടിനുള്ളിലേക്ക് ഒരിക്കലും ദൈവത്തെയും മതത്തെയും കുടിയേറാന്‍ അനുവദിച്ചിട്ടില്ലെന്നും പ്രകൃതിക്കനുയോജ്യമായ വിധത്തില്‍ ഇണങ്ങി ജീവിക്കുകയാണ് വേണ്ടതെന്നും വിദ്യ പറയുന്നു.